ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മേഘാര്‍ജ്ജുനന്‍ എന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി പൂക്കോട് നാരായണന്റെ മകന്‍ ദേവദാസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആനയെ ക്ഷേത്രപരിസരത്തിനു പുറത്തേക്ക് മാറ്റിക്കെട്ടുവാന്‍ കൊണ്ടു പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. പാപ്പാന്‍ ദേവദാസ് ആനയെ വിലക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആന അദ്ദേഹത്തെ മതിലിനോട് ചേര്‍ത്തു വച്ച് കുത്തുകയായിരുന്നു. ആനകളില്‍ അപൂര്‍വ്വമായി കാണുന്ന ചുള്ളിക്കൊമ്പിനു സമാനമായ കൂര്‍ത്ത കൊമ്പുകള്‍ ഉള്ള ആനയാണ് ഇടഞ്ഞ മേഘാര്‍ജ്ജുനന്‍. ആനയ്ക്ക് ഏതാനും ദിവസങ്ങളായി ഉള്‍ക്കോളുണ്ടയിരുന്നതായി കരുതുന്നു.
ഇരിങ്ങാലക്കുട തെക്കേമഠം സുരേഷ് വൈദ്യനാഥന്‍ ആണ് മേഘാര്‍ജ്ജുനനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. ആനയെ ദേവസ്വം അധികൃതരും പാപ്പാന്മാരും വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി ഭക്തരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പാപ്പാന്മാര്‍ മാറുന്നതും കെട്ടുംതറിയില്‍ നിന്ന് നരകയാതനയനുഭവിക്കുന്നതും മേഘാര്‍ജ്ജുനന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഓരോ പാപ്പാന്മാര്‍ മാറുമ്പോളും ചട്ടത്തിലാക്കുവാനായി ആനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. പാപ്പാനെ കൊന്ന് തൊട്ടടുത്ത പറമ്പില്‍ കയറിയ ആനയെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതനാക്കി. ആനയിടഞ്ഞാല്‍ അതിനെ കൂടുതല്‍ പ്രകോപിതനാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പതിവ് ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കപ്പെട്ടു. പഴയ പാപ്പാന്‍ എത്തി ആനയെ തളക്കും വരെ നാട്ടുകാര്‍ ആനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു.