തിരുവല്ല: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ പത്നി കാത്ത (91) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നൂ അന്ത്യം. സംസ്കാരം വെള്ളിയാഴ്ച നടക്കും.
1934 സെപ്തംബര്‍ 15നായിരുന്നു കമലാക്ഷിഅമ്മ എന്ന കാത്തയെ തകഴി വിവാഹം ചെയ്തത്. ആദ്യം തകഴിയില്‍ താമസമാക്കിയിരുന്ന ഇവര്‍ പിന്നീട് ശങ്കരമങ്കലത്തെക്ക് മാറി. ഭാര്യ കാത്തയെ കുറിച്ച് തന്റെ ആത്മകഥയായ ഓര്‍മ്മയുടെ തീരങ്ങളില്‍ തകഴി എഴുതിയിട്ടുണ്ട്. ഒരിക്കലും പരിഭവം പറയാതെ ഒരു ഭാര്യയുടെ കടമകള്‍ എല്ലാം നിറവേറ്റി തന്റെ കുടുംബത്തിനും തനിക്കും താങ്ങായിരുന്ന കാത്തയെ കുറിച്ച് തകഴി ഇതില്‍ വിവരിച്ചിരുന്നു.
1999 ഏപ്രില്‍ 10-നാണ് തകഴി അന്തരിച്ചത്.അതിനു ശേഷം ശങ്കരമംഗലത്ത് ഇവരുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടെ ഒരു രൂപ വാടക കൊടുത്ത് തകഴിയെ കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുകയായിരുന്നു കാത്ത. തകഴിയെന്ന എഴുത്തുകാരന് താങ്ങും തണലും ആയിരുന്ന അവര്‍ ഇനി ഓര്‍മ്മ മാത്രം.