പാലക്കാട്/മാനന്തവാടി: സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദികള്‍ എന്ന് സംശയിക്കുന്ന സംഘങ്ങളുടെ ആക്രമണം. സൈലന്റ്
വാലിയിലെ റേഞ്ച് ഓഫീസിനു നേരെ പുലര്‍ച്ചെ ഒന്നരയോടെ ആണ് ആക്രമണ ഉണ്ടായത്. സംഭവ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പാലക്കാട്
നഗരത്തിലെ ചന്ദ്രനഗറിലെ കെ.എഫ്.എസി റസ്റ്റോറന്റിനു നേരെയും ആക്രമണം നടന്നു. തുണികൊണ്ട് മുഖം മൂടിയ ചിലര്‍ ആണ് ആക്രമണം നടത്തിയത്.
സംബവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
സൈലന്റ് വാലിയിലെ റേഞ്ച് ഓഫീസിനു മുമ്പിലുണ്ടയിരുന്ന ജീപ്പ് അക്രമികള്‍ കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാലു കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും
ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയ സംഘം സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ബഹളം കേട്ട് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന്
പിന്മാറി. പത്തിലധികം പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. പാലക്കാട്ടെ വിവിധ വനമേഘലകളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിലെ ചില
ഫര്‍ണ്ണീച്ചറുകള്‍ക്ക് തീയ്യിട്ടിട്ടുണ്ട്. വെള്ളത്തിന്റേയും മണ്ണിന്റേയും കാടിന്റേയും അവകാശാം സ്ഥാപിക്കുക സി.പി.ഐ (മാവോയിസ്റ്റ്) എന്നെഴുതിയ പോസ്റ്ററുകള്‍
ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ ആണെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പാലക്കാട്ടെയും വയനാട്ടിലേയും ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റുകള്‍ അല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ കിട്ടുവാനായി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണുവരുമെന്നും സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ചെറുക്കുന്നതിന് സര്‍ക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.