കണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍ പാര്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി. രാവിലെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറി യതായി മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് പാര്‍ക്കിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും പാര്‍ക്ക് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.
കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതലേ ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കു ന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിയ്ക്ക് കണ്ണൂര്‍ എം. പി. കെ. സുധാകരന്‍ പരാതി നല്‍കിയിരുന്നു.
കണ്ടല്‍ ചെടി സംരക്ഷണമാണ് പ്രസ്തുത പാര്‍ക്കിന്റെ ഉദ്ദേശ്യം എന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എങ്കിലും സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതെല്ലാം വിധത്തില്‍ കണ്ടല്‍ ചെടികളെ ദോഷകരമായി ബാധിച്ചു എന്ന് പഠിക്കുവാനായി ഏഴംഗ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.