കണ്ണൂര്‍ : തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള ശമ്പള കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാം എന്ന് പറഞ്ഞിരുന്ന മുതലാളിമാര്‍ വാക്ക് മാറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു. ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ 6 മാസത്തോളം ശമ്പളം ലഭിയ്ക്കാതെ അവസാനം തൊഴില്‍ വകുപ്പ് തിരികെ നാട്ടിലേയ്ക്കയച്ച തൊഴിലാളികളാണ് വീണ്ടും കബളിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കമ്പനി ഉടമയുടെ വീടിനു മുന്‍പില്‍ പ്രകടനം നടത്തിയ തൊഴിലാളികളുമായി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഇന്നലെ മുഴുവന്‍ തുകയ്ക്കുമുള്ള ചെക്ക് നല്‍കാം എന്ന് മുതലാളിയുടെ ബന്ധുക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ കാലുമാറിയതായി തൊഴിലാളികള്‍ പറയുന്നു. വാര്‍ത്ത പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇനി പണം പത്രമാപ്പീസില്‍ നിന്നും വാങ്ങിയാല്‍ മതി എന്നാണത്രേ പണം വാങ്ങാന്‍ വന്ന തൊഴിലാളികളോട് ഇവര്‍ പ്രതികരിച്ചത്. പ്രശ്നത്തില്‍ മദ്ധ്യസ്ഥം നിന്ന ചില രാഷ്ട്രീയക്കാരും മുതലാളിമാരുടെ പക്ഷം ചേര്‍ന്നതായി സൂചനയുണ്ട്. ഇതെല്ലാം എന്തിനാ പത്രക്കാരോട് വിളിച്ചു പറയുന്നത് എന്ന് ഇവരും തൊഴിലാളികളോട് ചോദിക്കുകയും ഇനി ഈ കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ല എന്ന് പറഞ്ഞു രാഷ്ട്രീയക്കാര്‍ പ്രശ്നത്തില്‍ നിന്നും പിന്‍ വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആരെല്ലാം ഉപേക്ഷിച്ചാലും തങ്ങള്‍ക്കു അവകാശപ്പെട്ട കൂലി നേടിയെടുക്കാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. ഇത് പ്രകാരം ഇവര്‍ വീണ്ടും തൊഴിലുടമയുടെ വീടിനു വെളിയില്‍ സത്യഗ്രഹം ഇരിക്കുകയും പോലീസ് വീണ്ടും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ഇന്ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ തൊഴിലാളികളെയും മുതലാളിയുടെ ബന്ധുക്കളെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.