എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍
എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്, അനില്‍ കാതിക്കൂടം, ജോയ് കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.
മുപ്പത് മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.






കണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍ പാര്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി. രാവിലെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില് അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്ക്ക് കൈമാറി യതായി മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര് അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തഹസില്ദാര് സ്ഥലം സന്ദര്ശിച്ച് പാര്‍ക്കിന്റെ ഉടമകള്ക്ക് നോട്ടീസ് നല്കുകയും പാര്‍ക്ക് പൂട്ടി സീല് ചെയ്യുകയും ചെയ്തു.
























