കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.
22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.