നോക്കുകൂലി ചോദിച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. നേതാവ് അറസ്റ്റില്‍

July 6th, 2014

kerala-police-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന പിടിച്ചുപറി നിര്‍ബാധം തുടരുന്നു. തിരുവനന്തപുരത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥയേയും നോക്കുകൂലിക്കാര്‍ വെറുതെ വിട്ടില്ല. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി. വി. അനുപമയെ വീട്ടില്‍ ചെന്നു ഭീഷണിപ്പെടുത്തുകയും, നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ സി. ഐ. ടി. യു. നേതാവ് മുരളിയെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെ കേശവദാസപുരത്തേക്ക് താമസം മാറിയതായിരുന്നു അനുപമ. വീട്ടു സാധനങ്ങള്‍ ഇറക്കി കഴിയാറായപ്പോള്‍ സി. ഐ. ടി. യു. യൂണിയനില്‍ പെട്ട ചില തൊഴിലാളികള്‍ വന്ന് നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടു സാധനങ്ങള്‍ ആയതിനാലും, അവ വാഹനത്തില്‍ നിന്നും ഇറക്കി കഴിയാറായതിനാലും നോക്കുകൂലി നല്‍കുവാന്‍ സാധ്യമല്ലെന്ന് ഈ യുവ ഐ. എ. എസ്. ഉദ്യോഗസ്ഥ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അനുപമയേയും വീട്ടുടമയേയും തൊഴിലാളികൾ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. അടുത്ത ദിവസവും കൂടുതല്‍ തൊഴിലാളികളുമായി വന്ന് ഭീഷണി തുടര്‍ന്നു. നൊക്കുകൂലി നിയമ വിരുദ്ധമാണെന്നും, താനൊരു ഐ. എ. എസ്. ഉദ്യോഗസ്ഥയാണെന്നും വ്യക്തമാക്കിയപ്പോള്‍ ഐ. എ. എസ് കാരിയല്ല മുഖ്യമന്ത്രി ആയാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായി സംഘത്തിന്റെ ഭീഷണി.

മുരളിയുടെ ടെലിഫോണ്‍ നമ്പര്‍ നല്‍കി വൈകുന്നേരം ആകുമ്പോഴേക്കും പണത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സി. ഐ. ടി. യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുപമ ഡി. സി. പി. അജിതാ ബീഗത്തിനു പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് മുരളിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തൊഴിലാളി സംഘടനകള്‍ നോക്കുകൂലിയുടെ പേരില്‍ പിടിച്ചു പറി നടത്തുന്നുണ്ട്. ഭീഷണിയിൽ ഭയന്നാണ് പലരും പരാതി നല്‍കുവാന്‍ തയ്യാറാകാത്തത് എന്ന ആക്ഷേപമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം

June 14th, 2014

burning-books-epathram

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍‌വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.

ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.

മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിച്ച മാഗസിന്‍ വിവാദത്തില്‍

June 10th, 2014

burning-books-epathram

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രൂരനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ കാമ്പസ് മാഗസിന്‍ വിവാദമാകുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം ഗവണ്മെന്റ് പോളിടെക്‍നിക്ക് പുറത്തിറക്കിയ 2012 – 2013ലെ മാഗസിനാണ് നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിനും, ബിന്‍ ലാദനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍, ജോര്‍ജ്ജ് ബുഷ് എന്നിവരുടെയും പേരുകൾ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളായ ഒരു സംഘം എഡിറ്റർമാരാണ് മാഗസിന് പുറകിൽ.

പ്രധാനമന്ത്രി മോദിയെ മോശക്കാരനായി ചിത്രീകരിച്ച സംഭവം വിവാദമായതോടെ മാഗസിനില്‍ നിന്നും വിവാദമുയര്‍ത്തിയ പേജ് പിന്‍‌വലിക്കുവാന്‍ തീരുമാനിച്ചെങ്കിലും അത് പ്രായോഗികമല്ലെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ പറയുന്നത്. കാരണം മാഗസിന്റെ അച്ഛടി പൂര്‍ത്തിയാക്കി വിതരണം പൂര്‍ത്തിയാക്കിയിരുന്നു.

മാഗസിനില്‍ ഭീകരര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേര്‍ത്തതിനെതിരെ എ. ബി. വി. പി. യും യുവ മോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ വിവാദ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു.

എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ നെഗറ്റീവ് ഫേയ്സസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് മാഗസിന്‍ കമ്മറ്റിയുടെ നിലപാട്. അച്ചടി കഴിഞ്ഞ് ഫെബ്രുവരിയിൽ 2013 എഡിഷൻ മാഗസിൻ പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പിനും മോദി പ്രധാന മന്ത്രി ആകുന്നതിനും മുൻപായിരുന്നു എന്ന് പോളിടെക്നിൿ അധികൃതരും വിശദീകരിച്ചു.

പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുന്ദംകുളം പോളി ടെക്നിക് പ്രിന്‍സിപ്പല്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബി. ജെ. പി. സംസ്ഥാന ഘടകത്തിന്റെ ആവശ്യ പ്രകാരം കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ആം വകുപ്പ് ആണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. “ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമം” എന്നതാണ് ഈ കുറ്റം. എതിർപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താൻ പ്രാപ്തമാണ് ഈ വകുപ്പ് എന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി
Next »Next Page » മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine