തിരുവനന്തപുരം: സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതാ മേനോന്‍ എന്നും നിയമം അറിയാത്ത ആളൊ സമ്പന്നരോട് ഏറ്റുമുട്ടുവാന്‍ പേടിയുള്ള ആളോ അല്ല അതിനാല്‍ അവരെ മറ്റു കേസുകളിലെ പോലെ ഇരയായി കണക്കാക്കാന്‍ ആകില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല. ശ്വേത പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം എന്ന് പറഞ്ഞ മുരളീധരന്‍ കേസെടുത്താല്‍ പീതാംബരക്കുറുപ്പിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.കെ.കരുണാകരന്റെ അടുത്ത അനുയായി കൂടിയായ പീതാംബരക്കുറുപ്പ് ഇത്തരം ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.
തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്ന് ശ്വേതാ മേനോന്‍ പോലീസിനു മൊഴി നല്‍കി. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് വനിതാ സി.ഐ സിസിലിയും സംഘവും ശ്വേതയുടെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേതയും ഭര്‍ത്താവും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊല്ലത്ത് പ്രസിഡണ്ടസി ട്രോഫി വെള്ളം കളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ആയിരുന്നു ശ്വേതയ്ക്ക് പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ വ്യക്തിയില്‍ നിന്നും അപമാനം നേരിടേണ്ടിവന്നത്. എം.പിയുടെ പേര്‍ ആദ്യ ഘട്ടത്തില്‍ ശ്വേത വെളിപ്പെടുത്തുവാന്‍ തയ്യാറായില്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ശ്വേത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ കുറിച്ച് സ്ഥലത്തുണ്ടായിരുന്ന കൊല്ലം ജില്ലാ കളക്ടറോട് പരാതി നല്‍കിയെങ്കിലും തന്നോട് ശ്വേത പരാതി പറഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്.
ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കുവാന്‍ ശ്രമിച്ചതുള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള രാഷ്ടീയത്തില്‍ യു.ഡി.എഫിനെ വല്ലാതെ ഉലച്ചു കൊണ്ടിരിക്കുകയാണ്. സരിത എസ്. നായരും നടി ശാലു മേനോനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസും, പരസ്ത്രീ ബന്ധം ആരോപിച്ച് മുന്‍ ഭാര്യ യാമിനി തങ്കച്ചി നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഗണേശ് കുമാറിനു രാജിവെക്കേണ്ടി വന്നത്. ഒരു മന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ വിദേശ യാത്രയും ഇതിനിടയില്‍ വാര്‍ത്തയായിട്ടുണ്ട്.