മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.