തിരുവനന്തപുരം : സോളാർ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താൻ ഒരുങ്ങുന്ന ഉപരോധ സമരത്തെ അടിച്ചൊതുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പടയൊരുക്കം നടത്തുന്നു. ഓഗസ്റ്റ് 12ന് തുടങ്ങുന്ന സമരം കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനകീയ പ്രക്ഷോഭമായിരിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾ സമരത്തെ നേരിടാൻ സന്നദ്ധമാണ് എന്ന് സർക്കാരും പറയുന്നു.
ഇന്നേ വരെ ഒരു ജനകീയ മുന്നേറ്റത്തേയും നേരിടാത്ത അത്രയും കനത്ത സന്നാഹങ്ങളാണ് സർക്കാർ ഈ സമരത്തെ നേരിടാനായി ഒരുക്കുന്നത്.
തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി. ബസുകളുടെ സർവീസ് വെട്ടിക്കുറക്കാൻ നീക്കമുണ്ട്. വിവിധ ജില്ലകളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നവരെ അതത് ജില്ലകളിൽ തന്നെ തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര സേന ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തി തുടങ്ങി. തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ കേന്ദ്ര സൈനികരെ താമസിപ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരളാ പോലീസിനെ പോലെ സംയമനം പാലിക്കാൻ കേന്ദ്ര സേന തയ്യാറാവില്ല എന്നതാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ. സമരക്കാരെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കേന്ദ്ര സേന കൈകാര്യം ചെയ്യുന്നതോടെ തിരുവനന്തപുരത്തെ തെരുവുകൾ രക്തരൂഷിതമാകും എന്നുറപ്പാണ്.
തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കുങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ സമരക്കാരെ താമസിപ്പിക്കരുത് എന്നാണ് പോലീസ് ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമരക്കാരെ താമസിപ്പിച്ചാൽ ഹോട്ടലുകൾ നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് പോലീസിന്റെ ഭീഷണി. വിറളി പിടിച്ച ഒരു ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യപരമായ നീക്കങ്ങളാവും വരും ദിവസങ്ങളിൽ കാണാനാവുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.