കോഴിക്കോട്: സൌദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രീ വിസക്കാരെ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആശങ്ക വര്‍ദ്ധിച്ചു. സൌദിയില്‍ ഫ്രീവിസയില്‍ ജോലിനോക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവരില്‍ മലബാറില്‍ നിന്നും ഉള്ളവരാണ് അധികവും. പരിശോധന കര്‍ശനമാക്കുവാന്‍ ആരംഭിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചു കഴിഞ്ഞു.അനൌദ്യോഗിക കണക്കനുസരിച്ച് ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രവാസികള്‍ അയക്കുന്ന പണത്തെ വളരെ അധികം ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. കോടികളാണ് ഓരോ വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ ഇത് ഇല്ലാതാകുന്നത് മാത്രമല്ല തുച്ഛ വരുമാനക്കാരായ ഇവരില്‍ പലരുക്കും കാര്യമായ ബാങ്ക് ബാലന്‍സ് ഇല്ല. കേരളത്തിലാകട്ടെ തൊഴില്‍ സാധ്യത കുറവും. ഇത് നിരവധി കുടുമ്പങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതിസന്ധിയിലാക്കും. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം സ്വദേശി വല്‍ക്കരണവും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി സാധ്യത കുറവാണ്.
സൌദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ എടുത്തു വരികയാണ്. ഇതിന്റെ ഭാഗമായി പത്തില്‍ അധികം പേര്‍ ജോലിയെടുക്കുന്നിടങ്ങളില്‍ ഒരു സൌധി പൌരനു ജോലി നല്‍കുന്നതുള്‍പ്പെടെ പല വ്യവസ്ഥകളും കൊണ്ടു വന്നിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ജോലി ചെയ്യുന്നവരെ മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരേയും ഇത് ഗുരുതരമായി ബാധിക്കും. ചെറിയ കഫറ്റേരിയകള്‍, കോള്‍ഡ്സ്റ്റോറുകള്‍, തുണിക്കടകള്‍, മീന്‍ കടകള്‍, പച്ചക്കറി കടകള്‍, എ.സി വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരില്‍ അധികവും മലബാറില്‍ നിന്നും ഉള്ള മലയാളികളാണ്. സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പലരും ഇത്തരം സ്ഥാപനങ്ങളിലാണ് തൊഴില്‍ എടുക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.
പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന പണം കേരളത്തില്‍ വലിയ തോതിലുള്ള വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പണത്തില്‍ അധിക പങ്കും കെട്ടിട നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഘലകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇതിനെ നാടിന്റെ പൊതു വികസനത്തിലും വ്യാവസായിക നിക്ഷേപങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. വ്യവസായം ആരംഭിക്കുവാന്‍ ശ്രമിച്ച പലരും രാഷ്ട്രീയക്കാര്‍, നിന്നും ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നുമുള്ള പ്രശ്നങ്ങള്‍ മൂലം നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. മറ്റു പലര്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ അതില്‍ നിന്നും പിന്‍വാങ്ങുകയാണ് ഉണ്ടായത്. വ്യവസായ മേഘലയെ ഒഴിവാക്കിക്കൊണ്ട് പലരും ഭൂമിയിലും സ്വര്‍ണ്ണത്തിലും നിക്ഷേപിച്ചു. ഇന്നിപ്പോള്‍ സൌദിയില്‍ നിന്നും ഉള്ള മലയാളികളുടെ കൂട്ടപാലായനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ടീയ നേതൃത്വങ്ങള്‍ക്കു കൂടെ ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.