തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.
മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.
സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.
മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.