തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു നേരെ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധിച്ചു. കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ശശി തരൂരിന്റെ ഒപ്പം എത്തിയ സുനന്ദയ്ക്ക് നേരെ വിമാനത്താവളത്തില്‍ തടിച്ചു കൂടിയ ഏതാനും പ്രവര്‍ത്തകരില്‍ നിന്നും അപമര്യാദയായ പെരുമാറ്റം ഉണ്ടായി. തിരക്കിനിടയില്‍ തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ സുനന്ദ കൈ കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ആരാണെന്ന് വ്യക്തമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരക്കിനിടയില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസിനും വീഴ്ച വന്നതായി കരുതുന്നു.
വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനു നേരെ ഉണ്ടായ ആക്രമണം കോണ്‍ഗ്രസ്സ് സംസ്കാരത്തെയാണ് വെളിവാക്കുന്നതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുനന്ദയെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.