തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ് ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.