ഷൊര്‍ണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ടെയിനില്‍ നിന്നു തള്ളിയിട്ട് പീഡനത്തിന് ഇരയായ സൌമ്യയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുവാന്‍ ഇന്ന് ഷൊര്‍ണ്ണൂര്‍ നഗര സഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
യുവതിയെ തള്ളിയിട്ട് മാനഭംഗം നടത്തിയ സംഭവത്തില്‍ പോലീസ് ഗോവിന്ദ ചാമി എന്ന യുവാവിനെ പിടി കൂടിയിട്ടുണ്ട്. പീഡന ശേഷം യുവതിയെ നഗ്നയായി ട്രാക്കിന്റെ വശത്ത് ഉപേക്ഷിച്ച ഇയാള്‍ യുവതിയുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദ ചാമി.
ചൊവ്വാഴ്ച രാത്രി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഷൊര്‍ണ്ണൂര്‍ സ്റ്റേഷനും ഇടയില്‍ വച്ച് കൊച്ചി ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കടന്ന്‍ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും ആരും സഹായ ത്തിനെത്തിയില്ല. ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ അധികം ദൂരത്തല്ലാത്തതിനാല്‍ ട്രെയിന്‍ സാവധാനത്തിലായിരുന്നു നീങ്ങി ക്കൊണ്ടിരുന്നത്. ഇതിനിടയില്‍ യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ഇയാള്‍ പുറത്തേക്ക് ചാടി. തുടര്‍ന്ന് അവരെ പീഡിപ്പിച്ചു. ട്രെയിനില്‍ നിന്നും വീണ് യുവതിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ട്രെയിനില്‍ നിന്നും രണ്ടു പേര്‍ താഴെ വീണതായി ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവശയായ യുവതിയെ കണ്ടെത്തിയത്. അവരെ പിന്നീട് അതു വഴി പോകുകയായിരുന്ന മന്ത്രി രാജേന്ദ്രന്റെ എസ്കോര്‍ട്ട് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ മരിക്കുകയായിരുന്നു.
ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ സൌമ്യ (23) ജോലി കഴിഞ്ഞു തിരികെ വരുമ്പോഴാണ് ഈ ദുരന്തത്തിനു ഇരയായത്.