ലണ്ടന്‍: ട്ടോട്ടന്‍ ഹാമില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ ലണ്ടന്‍ നഗരത്തിനു പുറത്തേക്കും വ്യാപിക്കുകയാണ്. ഉത്തര ലണ്ടന്‍ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി തുടരുന്ന കലാപം സമീപ നഗരങ്ങളിലേക്കും പടരാന്‍ തുടങ്ങി. ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബര്‍മിങ്ഹാം , ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിംഗ്‌ഹാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കലാപത്തില്‍ മൂന്നു മലയാളികള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്‌ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്‌റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ അക്രമകാരികള്‍ തങ്ങളുടെ താണ്ഡവം തുടരുകയാണ്. അക്രമം കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മലയാളി നേഴ്സുമാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . കെന്റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കലാപത്തെത്തുടര്‍ന്ന് ഒഴിവുകാല സന്ദര്‍ശനം മതിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.