ബീജിങ്ങ്: ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍വിയെ 9 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. നാല്പത്തി രണ്ടുകാരനായ ചെന്‍വി ചൈനീസ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സംബന്ധിച്ച് വിമര്‍ശനാത്മകമായ ചില ലേഖനങ്ങള്‍ എഴുതുകയും അത് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഏകാധിപതിയെന്നും ജനാധിപത്യത്തിന്റെ ശത്രുവെന്നുമെല്ലാം ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് സിചുവാന്‍ പ്രവിശ്യാ കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.
ചെന്‍വിയെ നിരുപാധികം വിട്ടയക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഇതിനോടകം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായാണ് അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചില മധ്യപൂര്‍വ്വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലും ചൈനീസ് സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ ആണ് വീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പലതും ചൈന നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ നിശ്ശബ്ദമായിട്ടാണെങ്കിലും ശക്തമായ ജനരോഷം വളര്‍ന്നു വരുന്നുണ്ട്.