വാഷിംഗ്ടണ്‍ : അന്താരാഷ്‌ട്ര തലത്തില്‍ തങ്ങള്‍ക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ വിക്കി ലീക്ക്സ് വെബ് സൈറ്റിനെതിരെ അമേരിക്ക ആഞ്ഞടിക്കുന്നു. അമേരിക്കന്‍ നയതന്ത്ര രേഖകള്‍ പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കകം അമേരിക്കയിലെ സെര്‍വറുകളില്‍ നിന്നും വെബ് സൈറ്റ് നീക്കം ചെയ്യപ്പെട്ടു. ആമസോണ്‍ പോലുള്ള വന്‍ വെബ് ഹോസ്റ്റിംഗ് കമ്പനികളെ വരെ അമേരിക്കന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി വിക്കി ലീക്ക്സ് വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കി. വിക്കി ലീക്ക്സിന്റെ ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചു. ദക്ഷിണ ഇംഗ്ലണ്ടില്‍ എവിടെയോ ഒളിച്ചു കഴിയുന്ന വിക്കി ലീക്ക്സ് സ്ഥാപകനായ ജൂലിയന്‍ അസ്സാന്ജെയെ പണ്ടെങ്ങോ കെട്ടിച്ചമച്ച ഒരു ലൈംഗിക പീഡന കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര പോലീസ് സംഘടനയായ ഇന്റര്‍പോളിനേ കൊണ്ട് ഒരു അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
ജൂലിയന്‍ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീകള്‍ തങ്ങള്‍ ഒരിക്കലും ജൂലിയന് എതിരെ പീഡനത്തിന് കേസെടുക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഇഷ്ടപ്രകാരമാണ് ജൂലിയനുമായി ബന്ധപ്പെട്ടത് എന്നും ഇവര്‍ സമ്മതിച്ചു. കേസ് അന്വേഷിച്ച സ്വീഡിഷ് അധികൃതര്‍ കേസ് നിലനില്‍ക്കത്തക്കതല്ല എന്ന് കണ്ട് കേസ് ഫയല്‍ പൂട്ടിയതായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവണം ഇപ്പോള്‍ വീണ്ടും കേസ് സജീവമായത് എന്ന് കരുതപ്പെടുന്നു.
സ്വിസ്സ് അധികൃതര്‍ വിക്കി ലീക്ക്സിന്റെ 35 ലക്ഷത്തോളം രൂപയുടെ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ ആമസോണ്‍, പേ പല്‍, എവരി ഡി.എന്‍.എസ്. എന്നീ വന്‍ കിട ഓണ്‍ലൈന്‍ കമ്പനികള്‍ വിക്കി ലീക്ക്സുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റി.
wikileaks.org എന്ന പേര് തന്നെ എവരി ഡി.എന്‍.എസ്. എന്ന കമ്പനി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ wikileaks.ch എന്ന പേരിലാണ് വിക്കി ലീക്ക്സ് പ്രവര്‍ത്തിക്കുന്നത്.
ചൈനയില്‍ വിക്കി ലീക്ക്സ് വെബ് സൈറ്റ് നിരോധിച്ചിട്ടുണ്ട്.
wikileaks.org എന്ന പേരില്‍ ഇപ്പോള്‍ സൈറ്റ് ലഭ്യമല്ല
അമേരിക്കന്‍ നീതി ന്യായ വകുപ്പ് ജൂലിയന് എതിരെ അമേരിക്കന്‍ ചാര പ്രവര്‍ത്തന നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ നിയമ വശങ്ങള്‍ ഇപ്പോള്‍ പഠിച്ചു വരികയാണ്. 1917 ലെ അമേരിക്കന്‍ ചാരപ്രവര്‍ത്തന നിയമം അമേരിക്കന്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമമാണ് എന്നതിനാല്‍ ഇത് സാധാരണ പ്രയോഗിക്കപ്പെടാറില്ല. ഇതാണ് ഇപ്പോള്‍ വിക്കി ലീക്ക്സിനെതിരെ പ്രയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്.
ജൂലിയന്‍ ഒരു അമേരിക്കന്‍ പൌരനോ, അമേരിക്കയില്‍ വസിക്കുന്ന ആളോ അല്ല എന്നത് തങ്ങള്‍ക്ക് പ്രശ്നമല്ല എന്നതാണ് അമേരിക്കയുടെ നിലപാട്. ലോക പോലീസ് ചമയാനുള്ള ജോര്‍ജ് ബുഷ് തന്ത്രം ഭരണം മാറിയിട്ടും അമേരിക്ക തുടരുന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ കക്ഷികള്‍ക്കും ഭരണ നേതൃത്വങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്ന അമേരിക്കന്‍ നയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.