അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രസിദ്ധനായ രജനീകാന്തിന്റെ വെബ്സൈറ്റും അവിശ്വസനീയം തന്നെ. ഇന്റര്‍നെറ്റ് വേണ്ട ഈ വെബ്സൈറ്റ് പ്രവര്‍ത്തിക്കാന്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. http://www.allaboutrajni.com എന്ന വെബ്സൈറ്റ് നിങ്ങളുടെ ബ്രൌസറില്‍ സന്ദര്‍ശിച്ചാല്‍ സൈറ്റില്‍ ആദ്യം വരുന്ന സന്ദേശം ഇന്റര്‍നെറ്റ് കണക്ഷന്‍ വേര്‍പ്പെടുത്തുക എന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ് ചെയ്യുകയോ, വയര്‍ വേര്‍പെടുത്തുകയോ, വയര്‍ലെസ്സ് കണക്ഷന്‍ ഓഫ് ആക്കുകയോ ചെയ്‌താല്‍ മാത്രമേ വെബ്സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. രജനീകാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ രജനീകാന്ത് തമാശകള്‍ വരെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇടയ്ക്കെങ്ങാനും നിങ്ങള്‍ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സൈറ്റ് പ്രവര്‍ത്തനരഹിതമാകും. അയ്യോ! ഇത് തീരെ അപ്രതീക്ഷിതമായിരുന്നു! തുടര്‍ന്നും ബ്രൌസ് ചെയ്യാന്‍ ഇന്റര്‍നെറ്റ് ബന്ധം വേര്‍പെടുത്തുക എന്ന രസകരമായ സന്ദേശം സ്ക്രീനില്‍ നിറയും. ഇനി ഇന്റര്‍നെറ്റ് ബന്ധം വേര്‍പെടുത്തിയാല്‍ മാത്രമേ വീണ്ടും സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റ് ശക്തി കൊണ്ടല്ല രജനീ ശക്തി കൊണ്ടാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന അറിയിപ്പ് ഇടയ്ക്കിടയ്ക്ക് വെബ്സൈറ്റ് നിങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വെബ്സൈറ്റ് ആണിത് എന്ന് ഇതിന്റെ നിര്‍മ്മാതാക്കളായ വെബ് ചട്ടിണീസ് അവകാശപ്പെടുന്നു. രജനീകാന്ത് സിനിമയില്‍ കാണിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ പോലെ തന്നെ അത്ഭുതകരമാണ് ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ വെബ്സൈറ്റും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rajnikanth