തമിഴ് സൂപ്പര്‍ താരവും സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ മരുമകനുമായ ധനുഷ് മലയാളത്തിലേക്ക്. മമ്മൂട്ടി ദിലീപ് എന്നിവര്‍ അഭിനയിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. സിബി കെ. തോമസ് – ഉദയ് ടീം തിരക്കഥയൊരുക്കി തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ആയിട്ടാണ് എത്തുന്നത്. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം നോക്കാതെ മലയാളത്തില്‍ അഭിനയിക്കുവാന്‍ തയ്യാറാണെന്ന് ധനുഷ് അടുത്തയിടെ വ്യക്തമാക്കിയിരുന്നു.
ആടുകളം എന്ന ചിത്രത്തിലെ അഭിനയ മികവിന് ദേശീയ പുരസ്കാരം നേടിയിട്ടുള്ള ധനുഷ് തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. തമിഴ് ചിത്രങ്ങളോട് എക്കാലത്തും താല്പര്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ക്കിടയില്‍ ധനുഷിന് ധാരാളം ആരാധകര്‍ ഉണ്ട്. വൈ ദിസ് കൊലവെരി എന്ന ഗാനം കേരളത്തിലും ഹിറ്റായിരുന്നു.
ദിലീപും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച രാക്ഷസ രാജാവ്, ട്വന്റി ട്വന്റി തുടങ്ങിയ മുന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിക്കും, ദിലീപിനും ഒപ്പം ധനുഷ് കൂടെ വരുന്നതോടെ ചിത്രത്തിന്റെ വാണിജ്യ മൂല്യം വന്‍ തോതില്‍ വര്‍ദ്ധിക്കും. ഇവരെ കൂടാതെ റീമ കല്ലിങ്ങല്‍, കാര്‍ത്തിക, ബാബുരാജ്, ഷാജോണ്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ ഒരു താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ നായരാണ് ക്യാമറാമാന്‍ . സന്തോഷ് വര്‍മ്മയെഴുതിയ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rajnikanth