ലോസ് ഏഞ്ചല്സ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ആയിരുന്നു.
1958 മുതല്‍ 61 വരെ തുടര്‍ച്ചയായി നാലു വര്‍ഷം ഓസ്‌കാര്‍ നാമ നിര്‍ദേശം ലഭിച്ച ടെയ്‌ലര്‍ക്ക് ബട്ടര്‍ഫീല്‍ഡ് എയ്റ്റ്, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഓസ്‌കാര്‍ ജേതാവാക്കിയത്.
1932 ഫെബ്രുവരി 27-ന് ഫ്രാന്‍സിസ് ലെന്‍ ടെയ്‌ലറുടെയും സാറാ സോതേണ്‍ എന്ന നടിയുടെയും മകളായി പിറന്ന ടെയ്‌ലര്‍ ‘ദെയര്‍സ് വണ്‍ ബോണ്‍ എവ്‌രി മിനിറ്റ്’ എന്ന സിനിമയിലൂടെ ബാല താരമായി സിനിമയിലെത്തി. 1994-ല്‍ അഭിനയിച്ച ‘ദ ഫ്‌ളിന്‍റ് സ്റ്റോണ്‍സ്’ ആണ് അവസാന ചിത്രം. നടന്‍ റിച്ചാര്‍ഡ് ബര്‍ട്ടനോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ ജനപ്രീതി നേടിയവയായിരുന്നു. 1963 ല്‍ ക്ലിയോപാട്ര എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എക്കാലത്തേയും ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു ക്ലിയോപാട്ര.
12 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ബര്‍ട്ടനെ എലിസബത്ത് വിവാഹം ചെയ്തു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 8 വിവാഹങ്ങളില്‍ ആയി ടെയ്‌ലര്‍ക്ക് 4 മക്കളും 10 പേരക്കുട്ടികളും ഉണ്ട്. മരണ സമയത്ത് ഇവര്‍ എല്ലാം അടുത്ത് ഉണ്ടായിരുന്നു.
രോഗ പീഡകള്‍ എന്നും ടെയ്‌ലറുടെ കൂടെ ഉണ്ടായിരുന്നു. പുറം വേദന മുതല്‍ ബ്രെയിന്‍ ട്യുമര്‍ വരെ അവരെ ബാധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടെയ്‌ലര്‍ കാഴ്ച വെച്ചത്. എയ്ഡ്‌സ് ബാധിതനായി മരിച്ച സഹ പ്രവര്‍ത്തകന്‍ റോക്ക് ഹഡ്‌സന്റെ സ്മരണയില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി 1991-ല്‍ അവര്‍ എലിസബത്ത് ടെയ്‌ലര്‍ എയ്ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങി. എച്ച്. ഐ. വി. / എയ്ഡ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ സ്ഥാപനത്തിന് സഹായിച്ചു. മൈക്കല്‍ ജാക്‌സണുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടെയ്‌ലര്‍, ജാക്‌സന്റെ ശവ സംസ്‌കാര ച്ചടങ്ങാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടികളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സിനിമാ താരമായി പരിഗണിക്കപ്പെടുന്ന ടെയ്‌ലറെ ഹോളിവുഡിന്റെ സൗന്ദര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, obituary, world-cinema