ആത്മാര്‍ത്ഥതയും വിനയവും നിറഞ്ഞ ഭക്തയായിരുന്നു നടി രഞ്ജിതയെന്ന് വിവാദ സ്വാമി നിത്യാനന്ദ. തങ്ങളെ പറ്റിയുള്ള അപവാദം രഞ്ജിതയ്ക്കും കുടുംബത്തിനും മാത്രമല്ല തന്റെ ഭക്തര്‍ക്കും ഏറെ വേദന ഉണ്ടാക്കിയെന്നും, അതേ പറ്റിയാണ് താന്‍ ചിന്തിച്ചതെന്നും നിത്യാനന്ദ പറഞ്ഞു. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട പ്രഭാഷണത്തിലാണ് നിത്യാനന്ദയുടെ ഈ പുതിയ വെളിപ്പെടുത്തലുകള്‍. രഞ്ജിതയ്ക്ക് ഉണ്ടായ അപമാനത്തില്‍ വേദന പ്രകടിപ്പിച്ച നിത്യാനന്ദന് അവര്‍ക്ക് തന്റെ പ്രാര്‍ഥനയും അനുഗ്രഹവും എന്നും ഉണ്ടാകും എന്നും കൂട്ടിച്ചേര്‍ത്തു.
നടി രഞ്ജിതയും നിത്യാനന്ദനും ഉള്‍പ്പെട്ട വിവാദ വീഡിയോ ചിത്രങ്ങള്‍ പുറത്തു വന്നതിനു ശേഷം ആദ്യമായാണ് സ്വാമി രഞ്ജിതയെ പറ്റി പരസ്യമായി സംസാരിക്കുന്നത്.
നിത്യാനന്ദനും രണ്ജിതയും ഒത്തുള്ള അശ്ലീല ടേപ്പുകള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഒരു ടി.വി ചാനല്‍ പുറത്തു വിട്ടത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ നിത്യാനന്ദയെ പോലീസ് ഹിമാചല്‍ പ്രദേശില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇയാള്‍ മാനഭംഗം ഉള്‍പ്പെടെ വിവിധ കേസുകളില്‍ വിചാരണ നേരിടുകയാണിപ്പോള്‍.
തന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.
- എസ്. കുമാര്‍