തിരുവനന്തപുരം: മലയാള സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി റെയ്ഡിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. ഔദ്യോഗികമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഏക്കറുകണക്കിന് ഭൂസ്വത്തുള്ളതായും ഇതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കുവാനായി ഒന്നരക്കോടിയോടടുത്ത് പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അതിന്റെ പത്ത് ശതമാനമാണ് ഔദ്യോഗികമായി ടാക്സ് റിട്ടേണ്‍ ചെയ്യുമ്പോള്‍ കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സിനിമാഭിനയം കൂടാതെ ഇരുവര്‍ക്കും വിവിധ ബിസിനസ്സുകളും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനവും ഉണ്ട്.
മോഹന്‍ലാലിന് ദുബായില്‍ വില്ലയും ഫ്ലാറ്റുകളുമുള്ളതായും സൂചനയുണ്ട്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിക്കുവാന്‍ അനുമതി രേഖയുണ്ടോ എന്ന് ഇനിയും അറിവായിട്ടില്ല. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
പത്മ പുരസ്കാരവും, ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവിയുമെല്ലാം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരങ്ങള്‍ നികുതിവെട്ടിച്ചതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മോഹന്‍ ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് ആവശ്യപ്പെടുകയുണ്ടായി. ആദായ നികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നിജസ്ഥിതിഅറിയുവാനാകൂ.