ഏഴു നിറങ്ങളും ചാലിച്ചെഴുതിയ മനോഹര ചിത്രങ്ങള്‍ പോലെയുള്ള ജീവിതത്തെ ക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മനുഷ്യര്‍… ജീവിത യാത്രയിലെ ആപല്‍ ഘട്ടങ്ങളില്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം നിശ്ചലമായ ചിത്രങ്ങളായിരുന്നു എന്ന്.
ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’ ഷാര്‍ജയിലും ദുബായിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഫോട്ടോ : പകല്‍കിനാവന്‍
തന്റെ ഹൃദയ വ്യഥകള്‍ പ്രിയ സഖിയോടോ, ആത്മ സുഹൃത്തിനോടോ തുറന്നു പറയാനാവാതെ, എല്ലാം ഉള്ളിലൊതുക്കി സ്വയം എരിഞ്ഞമര്‍ന്ന സാഗര്‍ എന്ന ചിത്രകാരന്‍.
ജീവിതത്തിലെ എല്ലാ സുഖ സൌഭാഗ്യങ്ങളും ഇട്ടെറിഞ്ഞു, സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങി ത്തിരിച്ച തന്റേടിയായ ക്രിസ്റ്റീന.
വര്‍ണ്ണാഭമായ ചിത്രങ്ങളിലെ മനോഹാരിത, ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഇല്ലെന്ന തിരിച്ചറിവില്‍, തകര്‍ന്നു പോയ ഈ കഥാപാത്ര ങ്ങളിലൂടെ, സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ‘ചിത്രങ്ങള്‍’ .
സ്പന്ദനം എന്ന ടെലി സിനിമക്ക് ശേഷം ബഷീര്‍ കൊള്ളന്നൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രങ്ങളില്‍, കണ്ണീരിന്റെ കയ്പിനോടൊപ്പം നര്‍മ്മത്തിന്റെ മധുരവും, സ്നേഹത്തിന്റെ കുളിര്‍മ്മയും, പകയുടെ ചൂടും, വിരഹവും വേര്‍പാടും നല്‍കുന്ന വേദനയും എല്ലാം ചേര്‍ന്ന് പേരിനെ അന്വര്‍ത്ഥമാക്കും വിധം ചായക്കൂട്ടുകള്‍ കലര്‍ത്തി യാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍ ഒരുക്കുന്നത്.
കലാ സംവിധാനം : സന്തോഷ് സാരംഗ്
ചമയം : ശശി വെള്ളിക്കോത്ത്
ഗാന രചന : സജി ലാല്‍
സംഗീതം : പി. എം. ഗഫൂര്‍
ഗായിക : അമൃത സുരേഷ്
പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍
പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍
അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്
പി. ആര്‍. ഓ : പി. എം. അബ്ദുല്‍ റഹിമാന്‍
എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍
ഗ്രാഫിക്സ് : മനു ആചാര്യ
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഹാരിഫ് ഒരുമനയൂര്‍
നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്
നിരവധി ടെലി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, രാഘവ് കോക്കുല്‍, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവരോടൊപ്പം ജോഷി തോമസ്, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ് പോള്‍ മാവേലിക്കര, ചന്ദ്രഭാനു, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനി, ഷഫ്നാ ഇല്യാസ് തളിക്കുളം തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന ‘ചിത്രങ്ങള്‍’ മാര്‍ച്ച് മാസത്തില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഈ ടെലി സിനിമ ഒരുക്കുന്നത്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി