തൃശ്ശൂര്‍: : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ (61) അന്തരിച്ചു. ഇന്നലെ വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു വിന്ധ്യന്‍.. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനു സമീപമുള്ള താന്ന്യത്തെ വീട്ടു വളപ്പില്‍ വച്ച് നടക്കും.
സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ വിന്ധ്യന്‍ സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ ഏറെ പ്രശസ്തനായി. പത്മരാജന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടു കാരി എന്ന ചിത്രത്തിലൂടെ ആണ് വിന്ധ്യന്‍ ആദ്യമായി സിനിമ നിര്‍മ്മാതാവാകുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് മംമ്‌ത മോഹന്‍ ദാസ് എന്നിവര്‍ അഭിനയിച്ച അരികെ ആയിരുന്നു വിന്ധ്യന്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. കലാപരമായി മുന്നിട്ടു നില്‍ക്കുന്നതും അതേ സമയം സാമ്പത്തികമായി വിജയിച്ചതുമായ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കള്ളന്‍ പവിത്രന്‍, വടക്കു നോക്കിയന്ത്രം, ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞ്ാനു, ദൈവത്തിന്റെ മകന്‍, ഫുട്ബോള്‍, തസ്കര വീരന്‍, അയാള്‍ കഥയെഴുതുകയാണ്, ഊമപെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങിവ അദ്ദേഹ് നിര്മ്മിച്ച ചിത്രങ്ങളില്‍ ചിലതാണ്. മുല്ലവള്ളിയും തേന്‍മവും എന്ന ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.രണ്‍ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ കേരള കഫേ എന്ന ചിത്രത്തില്‍ വിന്ധ്യന്‍ അഭിനേതാവായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ എന്നിവയുടെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സാംസ്കാരിക രംഗത്തെ പല പ്രമുഖരും വിന്ധ്യന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.