തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്തിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. ലോഹിതദാസിന്റെ കുടുംബം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മകനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് നിവേദനം നല്‍കുകയായിരുന്നു. ആലുവയിലും ഒറ്റപ്പാലത്തുമുള്ള വീടും പുരയിടവും പണയപ്പെടുത്തിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവർ ജപ്തി ഭീഷണി നേരിടുന്നത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. ഒറ്റപ്പാലത്തെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്നും, ആലുവ കെ. എസ്. എഫ്. ഇ. യില്‍ നിന്നും സിനിമ നിര്‍മ്മിക്കുവാനായിട്ടാണ് ലോഹിതദാസ് വന്‍ തുക കടമെടുത്തിരുന്നത്. ഈ തുക തിരിച്ചടയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പണമടയ്ക്കുവാന്‍ സാവകാശം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സ്നേഹത്തിന്റെ പവിത്രതയും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാളി തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു. എന്നാല്‍ സ്നേഹമല്ലാതെ സമ്പത്തുണ്ടാക്കുന്നതില്‍ പരാജിതരായ തന്റെ തന്നെ ചില നായകന്മാരില് ഒരാളായി അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിയുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ അനുഗ്രഹീത കലാകാരന്റെ കുടുംബം ഇന്നിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുകയാണ്. ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പോലും നിരവധി പുരസ്കാരങ്ങളും വന്‍ സാമ്പത്തിക ലാഭവും നേടിയിരുന്നു. പലരും അദ്ദേഹത്തിന്റെ രചനകളിലൂടെ സൂപ്പര്‍ താരങ്ങളും സംവിധായകരുമായി. എന്നാല്‍ സിനിമ അദ്ദേഹത്തോട് നന്ദികേടു കാണിച്ചു എന്നു വേണം കരുതുവാൻ. ലോഹിത ദാസ് അന്തരിച്ചപ്പോള്‍ പല സിനിമാ സംഘടനകളും, സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ.