എവിടെ ജോൺ?
ആര്ത്തുപൊങ്ങുന്നിതാ
വെറും പൊടിയില് നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തി വീഴുമ്പോഴെന്
കരളു ചീന്തിത്തെറിക്കുന്നു വാക്കുകള്”
“ലോക സിനിമയിലെ ഒരു അത്ഭുതം”
1987 മേയ് 31നു അലച്ചിലിന്റെ പുതിയ ഇടം തേടി പോയി. അലസമായ തന്റെ മുടിയും തടിയും കാറ്റില് പാറിക്കളിച്ചു…അതെ ജോണ് എബ്രഹാം എന്ന തന്റേടം നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് കാല് നൂറ്റാണ്ട് തികയുന്നു. ഈ ലോകത്ത് ഒരേയൊരു ജോണെ ഉള്ളൂ… വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളി യോടെയായിരുന്നു. ശക്തമായ വിമര്ശനം അഭ്രപാളികളില് നിറഞ്ഞ ‘അഗ്രഹാരത്തിലെ കഴുത’ ഇറങ്ങിയതോടെ ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്തമായ പ്രതിഷേധിച്ചു രംഗത്തിറങ്ങി. ഫ്യൂഡൽ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോൺ വരച്ചു കാട്ടിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഒരു ഭൂപ്രഭുവിനെ തെങ്ങിന്റെ മുകളിലേക്കു കയറ്റിയത് ഒട്ടേറെ അർഥ തലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്ഥിതി സമത്വ വാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്സലിസത്തിന്റെ അനന്തര ഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.
“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട് ”
ഈ പറച്ചിലുകള് പറയാന് ധൈര്യമുള്ള, സിനിമ സാധാരണ ജനങ്ങള്ക്കുള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളില് നിന്ന് തന്നെ പിരിച്ചെടുത്ത് ജനങ്ങള്ക്കിടയില് തന്നെ കാണിക്കാന് മുതിര്ന്ന ഒരേയൊരു ജോണ്. ജോണിനെ ഓര്ക്കാന് നിരവധി കാര്യങ്ങള് ഉണ്ട്, മറക്കാതിരിക്കാന് അതിലേറെയും.