തൃശ്ശൂര്‍: ഫെബ്രുവരി 22 മുതല്‍ 27 വരെ നീണ്ടു നില്ക്കുന്ന വിബ്ജിയോര്‍ ചലച്ചിത്ര മേള തൃശൂരില്‍ തുടങ്ങി. 19 രാജ്യങ്ങളില്‍ നിന്നായി 95 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 14 ചിത്രങ്ങളും ജീവനം ജീവസന്ധാരണം എന്ന വിഷയത്തിലുള്ള 5 ചിത്രങ്ങളും ആണവോര്‍ജ്ജ സംബന്ധിയായ 5 ചിത്രങ്ങളും ബംഗ്ലാദേശില്‍ നിന്നുള്ള മൂന്നു ചിത്രങ്ങളും മേളയിലുണ്ട്. ചലച്ചിത്ര മേള 22ന് വൈകീട്ട് 5.30ന് സംഗീത നാടക അക്കാദമിയിലെ റീജണല്‍ തീയേറ്ററില്‍ സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാബായ് ഉദ്ഘാടനം ചെയ്തു.
ദളിത് സമൂഹം നേരിടുന്ന വിവേചനം തുറന്നു കാട്ടുന്ന ആനന്ദ് പട്വര്‍ദ്ധന്റെ ‘ജയ്ഭീം കോമ്രേഡ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ഉദ്ഘാടന ദിവസം രാവിലെ 10ന് പ്രശസ്ത പത്ര പ്രവര്ത്തകന് സായ്നാഥ്, ശരത്ചന്ദ്രന് സ്മാരക പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം ചലച്ചിത്രകാരന്മാര് പങ്കെടുത്തു.
കേരള ജീവിതത്തെയും സംസ്കാരത്തെയും പ്രതിപാദിക്കുന്ന 23 ചിത്രങ്ങള്‍ മേളയിലുണ്ട്. കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ പ്രദര്‍ശിപ്പിക്കും എല്ലാ ദിവസവും 2.30 മുതല്‍ 4.30 വരെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മിനി കോണ്‍ഫ്രന്‍സുകള്‍ ഉണ്ടാകും. കരകൗശല, ഗ്രാമീണ ഭക്ഷ്യമേളയും ചലച്ചിത്രമേളയിലുണ്ടാകും.
ശരത്ചന്ദ്രന് സ്മാരക പ്രഭാഷണം, ഉദ്ഘാടന ചിത്രം, മിനി കോണ്‍ഫ്രന്‍സ് എന്നിവയ്ക്ക് പ്രവേശനം സൗജന്യമായിരിക്കും.
അഞ്ചു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് പാസിന് നൂറു രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447893066, 9809477058.