
മുംബൈ : താജ് ഹോട്ടലില്‍ അടിപിടി ഉണ്ടാക്കിയ ബോളിവുഡ് താരം പത്മശ്രീ സെയ്‌ഫ് അലിഖാനെ മുംബൈ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. താജിലെ വാസാബി റസ്റ്റോറന്റില്‍ വച്ച് വ്യവസായിയായ ഇഖ്ബാല്‍ ശര്‍മ്മയേയും കുടുംബത്തേയും മര്‍ദ്ദിച്ച കേസില്‍ ആയിരുന്നു അറസ്റ്റ്. ബോളിവുഡ് നടിമാരായ കരീന കപൂര്‍, മലൈക അറോറ, മലൈകയുടെ സഹോദരി അമൃത അറോറ തുടങ്ങി ചില സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ സെയ്ഫിന്റെയും സുഹൃത്തുക്കളുടേയും ഉച്ചത്തിലുള്ള ശബ്ദ കോലാഹലം തൊട്ടടുത്ത ടേബിളില്‍ ഇരുന്നിരുന്ന ഇഖ്‌ബാല്‍ ശര്‍മ്മയ്ക്കും കുടുംബത്തിനും അസഹനീയമായി. ഇതിനെ തുടര്‍ന്ന് ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ഇത് വക്ക് തര്‍ക്കത്തിലേക്ക് നയിക്കുകയും ക്ഷുഭിതനായ പത്മശ്രീ സെയ്ഫ് അലിഖാന്‍ ഇഖ്‌ബാലിനെയും കൂടെ ഉണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ ഇഖ്‌ബാലിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ജി. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇഖ്‌ബാല്‍ സെയ്ഫിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



ആയോധന കലയെ സിനിമയിലൂടെ അവതരിപ്പിച്ചു കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കിചാനും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരമായ മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഒപ്പം ബോളിവുഡിലെ താര സുന്ദരി കത്രീന കൈഫും, തമിഴ് ലോകത്തെ സൂപ്പര്‍ ഡയറക്ടര്‍ ഷങ്കറും ഒന്നിക്കുന്ന ചിത്രം തീര്‍ച്ചയായും വമ്പന്‍ സംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള മടക്കം മൂന്നു ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം തന്‍റെ ‘നന്പന്‍’ എന്ന ചിത്രത്തിനു ശേഷം തുടങ്ങുമെന്നാണ് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ പ്രഭാസുമാകും നായകന്‍മാര്‍. കൂടാതെ ഹിന്ദിയിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു എ. ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു.





















