കൊച്ചി : അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ താര സംഘടന A M M A യില്‍ നിന്നും നടന്‍ ഷമ്മി തിലകനെ പുറത്താക്കി. A M M A യുടെ യോഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഇന്നു നടന്ന A M M A യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. A M M A യോഗം ചിത്രീകരിച്ചത് തെറ്റാണ് എന്നായിരുന്നു യോഗത്തിലെ പൊതു വികാരം.
2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. യോഗത്തിൽ പങ്കെടുത്ത ഒരംഗം അന്നു തന്നെ സംഘടനാ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തി യിരുന്നു. തുടർന്ന് ഷമ്മി തിലകന് എതിരേ നടപടി വേണം എന്ന ആവശ്യവുമായി മറ്റു അംഗങ്ങൾ രംഗത്തു വരികയും ചെയ്തു.
A M M A ഭാരവാഹികൾക്ക് എതിരെ ഫേയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതും നടപടിക്ക് കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്. അനശ്വര നടന്‍ ജയന്‍റെ നാല്പതാം ചരമ വാര്‍ഷികത്തില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന എഫ്. ബി. പോസ്റ്റ്, മറ്റു താരങ്ങളുടെ ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരുന്നു.