കൊച്ചി : പ്രശസ്ത ചലച്ചിത്രകാരന്‍ കെ. ജി. ജോര്‍ജ്ജ് (77) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മാക്ടയുടെ സ്ഥാപക പ്രസിഡണ്ടുമാണ്. എഴുപതുകളില്‍ മലയാള സിനിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് കെ. ജി. ജോര്‍ജ്ജ്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടിന്‍റെ സഹ സംവിധായന്‍ ആയിട്ടാണ് കെ. ജി. ജോര്‍ജ്ജ് അരങ്ങേറുന്നത്.
ആദ്യ സിനിമ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 9 സംസ്ഥാന അവാര്‍ഡുകളും സ്വപ്നാടനം കരസ്ഥമാക്കി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേള (1980), യവനിക (1982) തുടങ്ങിയവ ഒരുക്കിയത് കെ. ജി. ജോർജ്ജ് ആയിരുന്നു.
ഇവ കൂടാതെ ഉള്‍ക്കടല്‍, കോലങ്ങൾ, രാപ്പാടികളുടെ ഗാഥ, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഈ കണ്ണികൂടി, കഥക്കു പിന്നിൽ, മറ്റൊരാൾ, ഇലവങ്കോട് ദേശം തുടങ്ങി ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തു.
മികച്ച കഥ, തിരക്കഥ, മികച്ച സിനിമ, സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ കെ. ജി. ജോർജ്ജിന്‍റെ സിനിമകളെ തേടി എത്തി. 2016 ല്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സൽമയാണ് ഭാര്യ