ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫെസ് ടു ഫേസും ബോക്സോഫീസില്‍ വീണതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം പത്തായി. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെയും ഒപ്പം തന്നെ വിജയിച്ച ചിത്രങ്ങളുടേയും ഏണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സംവിധായകര്‍ പുതുമുഖങ്ങളേയും യുവതാരങ്ങളേയും വച്ച് ചെയ്ത പല ചിത്രങ്ങളും വന്‍ വിജയമായിമാറി. ഈ സമയത്താണ് മലയാള സിനിമയിലെ ഒരു മെഗാതാരത്തിന്റെ ഇത്രയധികം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. വി.എം.വിനു സ് സംവിധാനം ചെയ്ത ഫേസ് ടു ഫേസ് കുടുമ്പ പ്രേക്ഷകരേയും യുവാക്കളേയും ഉദ്ദേശിച്ചായിരുന്നു എങ്കിലും ഇരു വിഭാഗവും ചിത്രത്തെ തള്ളിക്കളഞ്ഞു. ലാല്‍ ജോസിന്റെ ശിഷ്യന്‍ അനൂപ് കണ്ണന്‍ ഒരുക്കിയ ജവാന്‍ ഓഫ് വെള്ളിമലയായിരുന്നു ഇതിനു മുമ്പ് ഇറങ്ങിയ ചിത്രം. കഥയിലെ ചില പോരായ്മകള്‍ മൂലം ഇതിനു പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ആയില്ല. സാംസണ്‍ സംവിധാനം ചെയ്ത താപ്പാനയുടെ തിരക്കഥ എഴുതിയ സിന്ദുരാജായിരുന്നു. പ്രേക്ഷകനെ മുഷിപ്പിക്കുന്ന ചേരുവകള്‍ വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ താപ്പാനയ്ക്കും പരാജയത്തിന്റെ കുഴിയില്‍ നിന്നും കരകയറാനായില്ല.
2010-ല്‍ യുഗപുരുഷന്‍, കുട്ടിശ്രാങ്ക് എന്നീ ചിത്രങ്ങള്‍ നിലവാരത്തില്‍ മികച്ചു നിന്നു എങ്കിലും തീയേറ്ററുകളില്‍ ചലനം ഉണ്ടാക്കിയില്ല. ഇവ കൂടാതെ ദ്രോണ 2010, പ്രമാണി, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളു ബോക്സോഫീസില്‍ പരാജയപ്പെട്ടു. അതേ വര്‍ഷം രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനു ശേഷം മാര്‍ട്ടിങ്ങ് പ്രക്കാട്ട് സംവ്ദിഹാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ ശ്രദ്ധിക്കപ്പെട്ടു എങ്കിലും വന്‍ വിജയം ആയിരുന്നില്ല. പിന്നീടിങ്ങോട്ട് 2011-12 കാലഘട്ടത്തില്‍ ഒരൊറ്റ ഹിറ്റു പോലും മമ്മൂട്ടിയ്ക്ക് നല്‍കുവാനായിട്ടില്ല. ആഗസ്റ്റ്-15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ദി കിങ്ങ് ആന്റ് കമ്മീഷ്ണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായി. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫേസ് റ്റു ഫേസും പരാജയപ്പെട്ടു.
ഷാജി കൈലാസ്, ലാല്‍, ഷാഫി, ജോണി ആന്റണി, ജയരാജ്, വി.എം വിനു , ബാബു ജനാര്‍ദ്ദനന്‍ തുടങ്ങി പ്രമുഖരുടെ ചിത്രങ്ങള്‍ പോലും പരാജയത്തിന്റെ പടുകുഴിലേക്ക് വീഴുകയായിരുന്നു. കരിയറില്‍ വന്‍ ഹിറ്റുകള്‍ ഒരുക്കിയവരാണ് ഇവരെല്ലാം എങ്കിലും മമ്മൂട്ടിയെ നായകനാക്കി സമീപ കാലത്ത് ഇവര്‍ ചെയ്ത ചിത്രങ്ങള്‍ ഒന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുവാന്‍ ആയില്ല. ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ ടീമിന്റെ മെഗാ ഹിറ്റുകളായ ദി കിങ്ങിന്റേയും, കമ്മീഷ്ണറുടേയും ഒരുമിച്ചുള്ള വരവായിരുന്നു ദി കിങ്ങ് ആന്റ് കമ്മീഷ്ണര്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നു എങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം ചിത്രത്തെ വന്‍ പരാജയമാക്കി മാറ്റി. എസ്.എന്‍ സ്വാമിയുടെ തൂലികയില്‍ നിന്നും പിറവിയെടുക്കുന്ന അന്വേഴണാത്മക ചിത്രങ്ങള്‍ എന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കാറുണ്ടെങ്കിലും ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കുന്ന അഗസ്റ്റ് -15 ഉം പരാജയപ്പെടുകയായിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന ബാവുട്ടിയുടെ നാമത്തില്‍ ആണ് ഇനി പ്രതീക്ഷ. അതിനു ശേഷം തോംസണ്‍ സംവിധാനം ചെയ്ത ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് ആണ് മറ്റൊരു പ്രതീക്ഷയുള്ള ചിത്രം. ഇതില്‍ തമിഴ് നടന്‍ ധനുഷ് അതിഥിതാരമായി എത്തുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.