പ്രണയത്തിന്റെ സ്പാനിഷ് മസാലക്കൂട്ട്

January 22nd, 2012
Spanish-Masala-epathram
പ്രണയം എന്നത് മുഖ്യധാരാ സിനിമയുടെ പ്രാണവായുവാണ്. കാലദേശാന്തരങ്ങളോ പ്രായമോ പ്രണയമെന്ന വികാരത്തോടുള്ള മനുഷ്യന്റെ അടക്കാനാകാത്ത അഭിനിവേശത്തിന് അതിരാകുന്നില്ല. അതുതന്നെയാണ് ദേശ-ഭാഷാന്തരമായ ഒരു പ്രണയ കഥ പറയുവാന്‍ സ്പെയ്നും അവിടത്തെ ജീവിതവും ഉള്‍പ്പെടുത്തി  സ്പാനിഷ് മസാല എന്ന ചിത്രമൊരുക്കുവാന്‍ ലാല്‍‌ജോസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട സംവിധായകനെ പ്രേരിപ്പിക്കുന്നതും. നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മലയാളിയായ നായകന്‍ സ്പെയ്‌നില്‍ ഷെഫായി എത്തുന്നതും അവിടെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതുമായ കഥയാണ് ഈ ചിത്രത്തില്‍. നായകന്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ദിലീപാണ്. കൂടെ കുഞ്ചാക്കോ ബോബനും ഉണ്ട്. നായികയായി എത്തുന്നത് സ്പാനിഷ് നടിയായ ഡാനിയേല സക്കേരിയാണ്. ബിജുമേനോന്‍, കലാരഞ്ജിനി, വിനയപ്രസാദ് എന്നിവരും നിരവധി സ്പാനിഷ് താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

ലാല്‍ ജോസ് ചിത്രങ്ങളിലെ പ്രണയവും പാട്ടും എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇത്തവണയും ആ പതിവു തെറ്റിയില്ല.  റഫീഖ് അഹമ്മദും, വേണുവും രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പ്രിയദര്‍ശന്‍ കഴിഞ്ഞാല്‍ എന്നും മിടുക്കു പുലര്‍ത്തിയിട്ടുള്ളത് ലാല്‍‌ജോസാണ്. സ്പെയ്‌ന്റെ മനോഹാരിത വേണ്ടുവോളം ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളില്‍ കാണാം. ലോകനാഥനാണ് ചിത്രത്തിനു ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിങ്ങ് രഞ്ജന്‍ അബ്രഹാം, കലാസംവിധാനം ഗോഗുല്‍ ദാസ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം

January 16th, 2012

ലോസ് ആഞ്ചലീസ്: 69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ദ ഡിസിഡന്റ്‌സ് ആണ് മികച്ച ചിത്രം.  മികച്ച സംവിധായകനുള്ള പുരസ്കാരം ഹ്യൂഗോ എന്ന ചിത്രത്തിന്‍റെ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തെരഞ്ഞെടുത്തു. മികച്ച നടനായി ദ ഡിസിഡന്റ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണിയെയും നടിയായി ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപും തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി  പുരസ്‌കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ  ‘എ സെപ്പറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്‌കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്‌കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍; സരോജ് ശ്രീനിവാസന്റെ പണ്ഡിറ്റ് ചിത്രം!

January 16th, 2012

padmasree-bharat-dr-saroj-kumar-epathram

ഉദയനാണു താരം സിനിമയിലെ നായകന്‍ സരോജ് കുമാറിന്റെ തിരക്കഥയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തില്‍ ഒരു ചലച്ചിത്ര വൈകല്യം പിറന്നാല്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കെങ്കിലും ഒരു കൌതുകം തോന്നിയാല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടാല്‍ മതിയെന്നാണ് ആസ്വാദകനു തോന്നുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും മോശം തിരക്കഥയുമായി ഒരു മലയാള സിനിമ ഇറങ്ങിയിട്ടുണ്ടാവില്ല.

santhosh-pandit-epathram

സന്തോഷ്‌ പണ്ഡിറ്റ്‌

നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി പ്രതിഭ തെളിയിച്ച ശ്രീനിവാസന്‍ വയസ്സാം കാലത്ത് സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോ എന്ന് പ്രേക്ഷകനു സംശയം തോന്നിയാല്‍ ഒട്ടും അതിശയിക്കേണ്ടതില്ല. സന്ദേശവും, വടക്കു നോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും, ഉദയനാണ് താരവുമെല്ലാം രചിച്ച ശ്രീനിവാസന്റെ പ്രതിഭക്ക് ജരാനര ബാധിച്ചു എന്ന് ഒരുനാള്‍ വരും എന്ന മോഹന്‍‌ലാല്‍ ചിത്രം പ്രേക്ഷകനു വ്യക്തമായ സൂചന നല്‍കിയിരുന്നു. ആ മുന്നറിയിപ്പിനെ വക വെക്കാതെ പണവും സമയവും മുടക്കി തിയേറ്ററില്‍ എത്തുന്നവര്‍ക്ക് ഈ ദുരന്ത സത്യം നേരിട്ടനുഭവിക്കാം. തിരക്കഥാ കൃത്തിന്റെ സ്ഥാനം സംവിധായകനേക്കാള്‍ മുകളിലാണെന്ന് സ്വയം വ്യക്തമാക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒരു സൂചകമാണ്. അതായത് ഈ വങ്കത്തരത്തില്‍ സംവിധായകനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം തിരക്കഥാകൃത്തിനു തന്നെ എന്ന്.

കറുത്ത ഹാസ്യം എന്നത് ഒരു കാലത്ത് ശ്രീനിവാസന്റെ രചനകളുടെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ശുദ്ധ വളിപ്പിനെ “കൂതറയില്‍ മുക്കിയെടുത്ത്“ സ്ഥാനത്തും അസ്ഥാനത്തും വിളമ്പിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് മലയാള സിനിമയിലെ ആനുകാലിക സംഭവങ്ങളെയെല്ലാം ചേര്‍ത്ത് ഇടതടവില്ലാതെ എന്തൊക്കെയോ പറയുവാനും കാണിക്കുവാനും ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ടെന്ന വണ്ണം ആദായ നികുതി റെയ്ഡിനെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പ് ആനക്കൊമ്പാണെന്ന് പറയണം ഇല്ലെങ്കില്‍ അത് തന്റെ ഇമേജിനെ ബാധിക്കും എന്ന് പറയുന്ന നായകന്‍. ലഫ്റ്റനെന്റ് പദവി ലഭിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന “പരാക്രമങ്ങള്‍” ഇതെല്ലാം ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പൃഥ്‌വിരാജിന്റെയും സുപ്രിയാ പൃഥ്‌വിരാജിന്റെയും ഒരു ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഡയലോഗാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന നടന്‍ എന്നത്. ഈ ചിത്രത്തില്‍ സരോജ് കുമാറിന്റെ പരിഹാസ വാചകത്തില്‍ അതും തിരുകുവാന്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിമര്‍ശനമെന്നാല്‍ വെറും വളിപ്പല്ലെന്ന് അറിയാത്ത ആളല്ല ശ്രീനിവാസന്‍ എന്നതാണ് ഈ ചിത്രം കാണുന്നവനെ കൂടുതല്‍ ദുഖിപ്പിക്കുന്നത്. രതിനിര്‍വ്വേദത്തെ പോലെ റീമേക്ക് ചിത്രങ്ങളെ പരിഹസിക്കുന്ന തിരക്കഥാകാരന്‍ രണ്ടു കാലും മന്തുള്ളവന്‍ ഉണ്ണി മന്തുള്ളവനെ പരിഹസിക്കുന്ന പഴമൊഴിയെ ഓര്‍മ്മപ്പെടുത്തുന്നു.

ഉദയനാണ് താരത്തിലെ ചില കഥാപാത്രങ്ങളെ എടുത്ത് ആ കഥയുടെ തുടര്‍ച്ചയെന്നോണം തട്ടിക്കൂട്ടിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന് രതിനിര്‍വ്വേദങ്ങളുടെ പുനരവതാരത്തെ പരിഹസിക്കുവാന്‍ യാതൊരു അര്‍ഹതയുമില്ല. പുതുമുഖ സംവിധായകന്‍ ആയിരിന്നിട്ടു കൂടി ഉദയനാണു താരത്തെ വന്‍ വിജയമായ കൊമേഴ്സ്യല്‍ ചിത്രമാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ വന്നിരിക്കുന്ന ചലച്ചിത്ര ഗോഷ്ടി സംവിധാനം ചെയ്തിരിക്കുന്നതും ഒരു പുതുമുഖ സംവിധായകന്‍ തന്നെ – സജിന്‍ രാഘവന്‍. സജിന്‍ രാഘവനു മേലില്‍ സംവിധായകന്റെ മേലങ്കി അണിയുവാന്‍ ജീവിതത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഈ പണിക്കിറങ്ങും മുമ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. ഒരുനാള്‍ വരും, സാഗര്‍ ഏലിയാസ് ജാക്കി, എയ്‌ഞ്ചല്‍ ജോണ്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കോടികള്‍ ഇറക്കുവാന്‍ പ്രോഡ്യൂസേഴ്സ് മുന്നോട്ടു വരുന്ന മലയാള സിനിമയില്‍ തീര്‍ച്ചയായും സജിനു പ്രതീക്ഷയര്‍പ്പിക്കാം. അവസരം ലഭിക്കാതിരിക്കില്ല.

ചുരുങ്ങിയ കാലം കൊണ്ട് വിനീത് ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത ഇമേജും ഈ ചിത്രത്തിലൂടെ കളഞ്ഞു കുളിക്കുന്നുണ്ട്. അച്ഛനും മകനും കൂടി പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ മത്സരിക്കുന്നതായാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഈ ചിത്രം വിനീത് എന്ന യുവ നടന് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതിനെ പറ്റി ചിന്തിക്കുവാനുള്ള അവസരമാണ്. മമതാ മോഹന്‍ ദാസ് ഈ ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ചുമ്മാ സരോജ് കുമാറിനെ കുറ്റം പറയുവാനായി ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്നു എന്നതിനപ്പുറം യാതൊന്നും ഈ കഥാപാത്രത്തിനു ചെയ്യാനില്ല.

മലയാള സിനിമയെ “ശുദ്ധീകരിക്കുക” എന്ന ദൌത്യമാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ ഏറ്റെടുക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം തിരക്കഥ എഴുതുന്ന സ്വന്തം തൂലികയെ കുപ്പയില്‍ ഇടുക എന്നതു തന്നെയാണ്. ആദ്യം അവിടെ നിന്നാകട്ടെ ശുദ്ധീകരണം. മാലിന്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര മാലിന്യങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ സൂപ്പര്‍ മാലിന്യങ്ങള്‍ മുതല്‍ സന്തോഷ് മാലിന്യം വരെ ഉണ്ട്. ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിവൃത്തി ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ചിലര്‍ അതില്‍ വീഴുന്നുമുണ്ട്. ഇത്തരം മാലിന്യങ്ങള്‍ കൊണ്ട് ആകെ പ്രയോജനം ഉണ്ടാകുന്നത് സിനിമയുടെ പേരില്‍ ജീവിക്കുകയും, ഗ്രൂപ്പ് കളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം. പുതിയ സിനിമകള്‍ വരുന്നു, അവയെ പ്രേക്ഷകന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നത് അറിയാത്ത ആളുകള്‍ അല്ല ഈ സിനിമയുടെ അണിയറയില്‍ ഉള്ളവര്‍ എന്നിട്ടും ഇത്തരം മാലിന്യത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ തള്ളുന്നത് ഒന്നുകില്‍ ശുദ്ധ അഹങ്കാരം അല്ലെങ്കില്‍ പ്രേക്ഷകനോടുള്ള വെല്ലുവിളി എന്ന നിലയിലേ ഈയുള്ളവന്‍ കാണുന്നുള്ളൂ.

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ കോപ്രായങ്ങള്‍ കണ്ട് ആര്‍ത്തു ചിരിക്കുവാന്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തുന്നവര്‍ ആദ്യ പകുതിയില്‍ തന്നെ നിരാശപ്പെടുന്നു. വെക്കടാ വെടി എന്ന പേരില്‍ സരോജ് കുമാറിന്റെ ഒരു ചിത്രത്തിന്റെ പേരുണ്ട് ഈ സിനിമയില്‍‍. ഒടുവില്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ പറയുന്നതും മറ്റൊന്നുമല്ല. വെക്കടാ വെടി എന്ന് തന്നെ. പക്ഷെ അത് ആരുടെ നെഞ്ചത്തോട്ട് എന്നതാണ് പ്രശ്നം. കഥാകൃത്തിന്റേയോ,സംവിധായകന്റേയോ, നിര്‍മ്മാതാവിന്റേയോ അതോ തന്റെ തന്നെയോ?

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ »

ആന്‍ അഗസ്റ്റിന്‍ രഞ്‌ജിത്തിന്റെ ‘ലീല‘യാകും?

January 3rd, 2012

ann-elizabeth-epathram

ഇന്ത്യന്‍ റുപ്പിക്ക് ശേഷം രഞ്‌ജിത്ത്‌ ഒരുക്കുന്ന ലീല എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകും എന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മം‌മ്ത മോഹന്‍ ദാസിനെ ആയിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുവാനായി നിശ്ചയിച്ചിരുന്നത്. വിവാഹത്തെ തുടര്‍ന്ന് ഉടനെ സിനിമയില്‍ അഭിനയിക്കണ്ട എന്ന് മം‌മ്ത തീരുമാനിക്കുകയായിരുന്നു. ആര്‍. ഉണ്ണി എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്‌ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിചിത്രമായ ലൈംഗിക വിചാരങ്ങള്‍ ഉള്ള കുട്ടിയപ്പന്‍ ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചാരിനിര്‍ത്തി പെണ്‍കുട്ടിയുമായി രതിയില്‍ ഏര്‍പ്പെടുക എന്ന കുട്ടിയപ്പന്റെ ആഗ്രഹവും അത് പൂര്‍ത്തിയാക്കുവാനുള്ള അയാളുടെ യാത്രയുമാണ് ‘ലീല’യുടെ കഥാ തന്തു. ആന ഒരു പ്രധാന കഥാപാത്രാണ് ഈ ചിത്രത്തില്‍. ക്ലൈമാക്സില്‍ കുട്ടിയപ്പനും ലീലയും നഗ്നരായി ആനയുടെ തുമ്പിക്കയ്യിനിടയില്‍ നില്‍ക്കുന്നത് തന്നെ ആയിരിക്കും സംവിധായകനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.

എത്സമ്മ എന്ന പെണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ആന്‍ അഗസ്റ്റിന്‍ പിന്നീട് പൃഥ്വിരാജിനൊപ്പം അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ലീലയിലേത് ഏറേ അഭിനയ സാധ്യത ഉള്ള കഥാപാത്രമാണ്. കുട്ടിയപ്പനായി അഭിനയിക്കുന്നത് രഞ്‌ജിത്തിന്റെ ശിഷ്യനും ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. തിലകന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കും. കാപിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കന്ന ‘ലീല’ യുടെ ഛായാഗ്രാഹകന്‍ വേണുവാണ്. കോട്ടയം, എറണാകുളം, വയനാട് എന്നിവടങ്ങളില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള സിനിമ 2011

January 1st, 2012

പ്രതീക്ഷയും പുതുമയും പതിവു പാഴും

ബി. അബൂക്കറിനെ(മാരെ) പോലെ സിനിമയുടെ പ്രൊഡക്ഷന്‍ മുതല്‍ പ്രേക്ഷകനില്‍ വരെ വര്‍ഗ്ഗീയത തിരയുന്ന ചില ക്ഷുദ്ര ചിന്തകരെ മാറ്റി നിര്‍ത്തിയാല്‍ സാമാന്യ ആസ്വാദകരെ സംബന്ധിച്ച് 2011 മലയാള സിനിമയില്‍ വ്യത്യസ്ഥമായ പല പരീക്ഷണങ്ങള്‍ക്കും വേദിയായ വര്‍ഷമാണ്. വര്‍ഷാദ്യത്തില്‍ റിലീസ് ചെയ്ത “ട്രാഫിക്“ എന്ന ചിത്രം മലയാള സിനിമയുടെ ഗതിയെ തിരിച്ചു വിട്ട ഒന്നായി മാറി. ചില ക്ഷുദ്രചിന്തകര്‍ ഒഴികെയുള്ളവര്‍ മലയാള സിനിമയിലെ ഈ പുതു തരംഗത്തെ അംഗീകരിക്കുകയും ചെയ്തു.

malayalam-movie-traffic-epathram

രാജേഷ് പിള്ളയെന്ന സംവിധായകന്റെ പ്രഥമ സംരംഭം “ട്രാഫിക്” പ്രേക്ഷരെ ഒട്ടും നിരാശരാക്കിയില്ല. ഒരു ത്രില്ലിങ്ങ് മൂഡ് ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താനായി. പ്രമേയത്തിന് അനുയോജ്യമാകും വിധം ഒട്ടും ബോറടിപ്പിക്കാത്തതും വേഗതയാര്‍ന്നതുമായ ദൃശ്യങ്ങളും ഒപ്പം കൃത്യതയാര്‍ന്ന സംഭാഷണങ്ങളും‍ ചിത്രത്തെ വേറിട്ടതാക്കി.

ട്രാഫിക്കിന്റെ വിജയം പിന്നീട് അത്തരം പരീക്ഷണങ്ങള്‍ക്കായി മുന്നോട്ടു വന്ന പലര്‍ക്കും ഊര്‍ജ്ജം പകര്‍ന്നു. തുടര്‍ന്ന് വന്ന ചാപ്പാ കുരിശും, സിറ്റി ഓഫ് ഗോഡും, അര്‍ജ്ജുനന്‍ സാക്ഷിയും, ബ്യൂട്ടിഫുളുമെല്ലാം മലയാള സിനിമയില്‍ വ്യത്യസ്ഥതയുടെ ദൃശ്യാനുഭവങ്ങളായി.

chappa-kurishu-epathram

വേറിട്ട പരീക്ഷണമെന്ന നിലയില്‍ ഉറുമിയെ കാണാമെങ്കിലും ദൃശ്യപ്പൊലിമക്കപ്പുറം മികവു പുലര്‍ത്തുവാന്‍ സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവനായില്ല. സമൂഹം നിശ്ചയിച്ച പ്രായത്തിനപ്പുറം നില്‍ക്കുന്ന പ്രണയത്തിന്റെ സാദ്ധ്യതകളെ കുറിച്ച് പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലസ്സി മലയാളി പ്രേക്ഷനെ ഓര്‍മ്മിപ്പിച്ചു.

pranayam-epathram

കമലിന്റെ “ഗദ്ദാമ“ വീട്ടു ജോലിക്കാരുടെ ദുരിതങ്ങളിലേക്ക് ക്യാമറ തിരിച്ചപ്പോ‍ള്‍ അത് യാഥാര്‍ത്ഥ്യത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യാനുഭവമായി. കഥയിലെ പ്രണയത്തിനു പുതുമയില്ലെങ്കിലും പ്രമേയാവതരണം കൊണ്ട് സാള്‍ട്ട് ആന്റ് പെപ്പര്‍ വ്യത്യസ്ഥമായി. ആദാമിന്റെ മകന്‍ അബു അംഗീകാരങ്ങള്‍ ഏറെ വാരിക്കൂട്ടി.

salt-and-pepper-epathram

തൊട്ടു മുമ്പത്തെ വര്‍ഷം പ്രാഞ്ച്യേട്ടനും പാലേരി മാണിക്യവും ഒരുക്കിയ രഞ്ജിത്തിന്റെ “ഇന്ത്യന്‍ റുപ്പി” പക്ഷെ പ്രമേയം ആവശ്യപ്പെടുന്ന തലത്തിലേക്ക് ഉയര്ന്നില്ല.

director-ranjith-epathram

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയിച്ച ചിത്രങ്ങളുടെ പുറകെ പോകുവാനുള്ള ഒരു ശ്രമം കഴിഞ്ഞ വര്‍ഷവും കണ്ടു. രതി നിര്‍വ്വേദത്തിന്റെ രണ്ടാം വരവ് ശ്വേതാ മേനോന്റെ പ്രായമായ മേനിക്കൊഴുപ്പിലൂടെ തിയേറ്ററിലേക്ക് ആളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു.

ഹിറ്റു ചാര്‍ട്ടില്‍ സീനിയേഴ്സ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, മേക്കപ്പ് മാന്‍ തുടങ്ങി പതിവു മസാലക്കൂട്ട് ചിത്രങ്ങള്‍ തന്നെയാകും ആദ്യം ഇടംപിടിക്കുക എങ്കിലും പുതിയ ദൃശ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ട്രാഫിക്കിന്റേയും, ചാപ്പാ കുരിശിന്റേയും വിജയങ്ങള്‍ സൂചിപ്പിക്കുന്നു.

ഉള്‍ക്കാമ്പുള്ള പ്രമേയവുമായി വന്ന മേല്‍‌വിലാസം പോലെ ഉള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു എന്നത് ദൌര്‍ഭാഗ്യകരമായി പോയി. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ പോലുള്ള “അക്രമങ്ങള്‍” വന്‍ കളക്ഷന്‍ ഉണ്ടാക്കിയെങ്കിലും അറു ബോറായ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പരാജയം സമ്മാനിച്ചു കൊണ്ട് അര്‍ഹിക്കുന്ന മറുപടി നല്‍കുന്നതില്‍ പ്രേക്ഷകന്‍ പരാജയപ്പെട്ടില്ല.

മമ്മൂട്ടിയുടെ ഡബിള്‍സ്, പൃഥ്‌വി രാജിന്റെ തേജാഭായ് ആന്റ് ഫാമിലി, സുരേഷ് ഗോപിയുടെ കളക്ടര്‍, ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍, കുടുംബ ശ്രീ ട്രാവല്‍സ്‌ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

തിരക്കഥകളില്ലാതെ

മലയാള സിനിമ അഭിമുഖീകരിക്കുന്ന ഗൌരവ പൂര്‍ണ്ണമായ പ്രതിസന്ധിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരക്കഥയില്ല എന്നതു തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെ നിരീക്ഷിക്കുമ്പോഴും വ്യക്തമാകുന്നത് മികച്ച സംവിധായകനും താര നിരയും ഉണ്ടായാല്‍ പോ‍ലും തിരക്കഥ തന്നെയാണ് അതിലും വലിയ താരമെന്നാണ്. ജന പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സ്വന്തം രചനകള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. പുതിയ തിരക്കഥാ കൃത്തുക്കളെ പ്രോത്സാഹിപ്പിക്കുവാനുള്ള വിമുഖതയും സംവിധാനവും തിരക്കഥയുമെല്ലാം സ്വയം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില “മെച്ചങ്ങളും” പലരേയും പേന എടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ തന്നെ പഴയ ചിത്രങ്ങള്‍ പുതിയവയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കാണാനാകുക. പ്രതിഭകളായ ടി. വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് വേണ്ടത്ര നിലവാരത്തില്‍ എത്തുവാനായില്ല. ലെനിന്‍ രാജേന്ദ്രന്‍ തിരഞ്ഞെടുത്ത പ്രമേയം നന്നായിരുന്നു എങ്കിലും തിരക്കഥയുടെ ഔര്‍ബല്യം മകര മഞ്ഞിന്റെ സാധ്യതകളെ ഇല്ലാതാക്കി. വേണ്ടത്ര ഗൃഹപാഠത്തിന്റെ കുറവും ഒപ്പം പ്രതിഭാ ദാരിദ്രവും ഒത്തു ചേര്‍ന്നപ്പോള്‍ പി. ടി. കുഞ്ഞു മുഹമ്മദിന്റെ വീരപുത്രന്‍ ഒരു തിരദുരന്തമായി മാറി. മികച്ച തിരക്കഥയില്ലെങ്കില്‍ സംവിധായകന്‍ നിസ്സഹായനാണെന്ന് സിബി മലയിലിന്റെ വയലിന്‍ എന്ന ചിത്രം അടിവരയിട്ട് ഉറപ്പിക്കുന്നു. ജോഷിയെ പോലെ ഒരു മികച്ച ക്രാഫ്റ്റ്സ്മാനു അടിപതറിയതും തിരക്കഥയില്‍ തെന്നി തന്നെയായിരുന്നു. ഡോ. ഇഖ്‌ബാല്‍ കുറ്റിപ്പുറത്തിന്റെ ബാലാരിഷ്ടതകള്‍ തീരാത്ത തിരക്കഥ സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിന്റെ പരാജയത്തില്‍ പ്രധാന പങ്കു വഹിച്ചു. വിപണിയില്‍ ലഭ്യമായ മികച്ച തിരക്കഥകള്‍ വാങ്ങി വായിച്ച് പഠിക്കേണ്ടിയിരിക്കുന്നു കുറ്റിപ്പുറം ഡോക്ടര്‍ എന്ന് പറയാതിരിക്കാനാവില്ല.

ജനപ്രിയ സംവിധായകര്‍ പുറകോട്ട്

sathyan-anthikkad-epathram

സംവിധായകന്‍ എന്ന നിലയില്‍ ഫാസിലും, സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും, ഷാജി കൈലാസും, ജോഷിയുമെല്ലാം പുറകോട്ടു പോകുന്ന കാഴ്ചയാണ് 2011ല്‍ കണ്ടത്. അന്തിക്കാട്ടെ വയല്‍ വരമ്പിലൂടെ മലയളി കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ സത്യന്‍ അന്തിക്കാട് ഇപ്പോള്‍ അതേ വയല്‍ വരമ്പിലൂടെ കാലിടറി പുറകോട്ട് സഞ്ചരിക്കുന്ന കാഴ്ചയാണ് “സ്നേഹവീട്“ എന്ന ചിത്രം കാണിച്ചു തരുന്നത്. ആവര്‍ത്തന വിരസത എല്ലാ അതിരുകളും കടക്കുന്നു ഈ മോഹന്‍ ലാല്‍ ചിത്രത്തില്‍. ഗ്രാമീണ ജീവിതത്തിനു എന്നും ഒരേ താളമാണെന്നുള്ള തെറ്റിദ്ധാരണയോ, കലാകാരനു സംഭവിക്കുന്ന അലസതയോ ആകാം അദ്ദേഹത്തിന്റെ ചിത്രങ്ങളെ മോശമാക്കി ക്കൊണ്ടിരിക്കുന്നത്.

നിലവാരത്തിന്റെ കാര്യത്തില്‍ ഷാജിയുടെ ആഗസ്റ്റ്-15 ഉം പ്രിയന്റെ ഒരു മരുഭൂമിക്കഥ (മാധവന്‍ നായരും ഒട്ടകവും പിന്നെ ഞാനും) എന്നിവ അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ താഴെയാണ്. മമ്മൂ‍ട്ടി നായകനായ ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിച്ച ആഗസ്റ്റ്-15 ബോക്സോഫീസില്‍ പരാജയപ്പെട്ടുവെങ്കില്‍ പ്രിയന്‍ – മോഹന്‍ ലാല്‍ – മുകേഷ് കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് പ്രേക്ഷകര്‍ ഇപ്പോ‍ളും മരുഭൂമിക്കഥ കാണുവാന്‍ ക്യൂ നില്‍ക്കുന്നുണ്ട്. ചിത്രവും, ചന്ദ്രലേഖയും കണ്ട് മതിമറന്നാസ്വദിച്ച പ്രേക്ഷകര്‍ തീര്‍ച്ചയായും നിരാശപ്പെടാതിരിക്കാന്‍ തരമില്ല.

നിരവധി നല്ല സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയിലും വയലിന്‍ എന്ന ചിത്രത്തിലൂടെ പല ചുവട് പുറകോട്ട് പോയി. സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിലൂടെ ജോഷിയും പ്രേക്ഷകനെ നിരാശനാക്കി. ഫാസില്‍ സംവിധാനം ചെയ്ത “ലിവിങ്ങ് ടുഗതര്‍” പ്രമേയത്തിന്റേയും സംവിധാനത്തിന്റെയും കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടു. ടി. വി. ചന്ദ്രനെ പോലെ ഒരു സംവിധായകനില്‍ നിന്നും “ശങ്കരനും മോഹനനും” പോ‍ലെ ഗുണമില്ലാത്ത ഒരു ചിത്രം ചലച്ചിത്രാസ്വാദകര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അടുത്ത കാലത്തായി നിലവാരത്തിന്റെ കാര്യത്തില്‍ പുറകോട്ട് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ജയരാജ് “ദി ട്രെയ്‌ന്‍” എന്ന ചിത്രത്തിലൂടെ അതിന്റെ വേഗത ഒന്നു കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സിനിമ ഷൂട്ടിങ്ങ് കണ്ട് നിന്നവരുടെ നിലവാരം പോലും പുലര്‍ത്താത്ത സംവിധായക വേഷങ്ങളേയും മലയാള സിനിമക്ക് സഹിക്കേണ്ടി വരാറുണ്ട്. മുഹബത്ത്, ഡബിള്‍സ്, പാച്ചുവും കോവാലനും തുടങ്ങി പാഴുകളുടെ ഒരു നിര തന്നെയുണ്ട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 88 ചിത്രങ്ങളുടെ കൂട്ടത്തില്‍.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കൃഷ്ണനും രാധയും എന്ന പണ്ഡിറ്റ് ചിത്രം പൊട്ടന്മാരായ മലയാളി പ്രേക്ഷകരുടെ പോക്കറ്റില്‍ നിന്നും തന്ത്രപൂര്‍വ്വം പണം പിടുങ്ങിയത്. എന്തു തന്നെ ആയാലും അല്പം വിവാദവും മാധ്യമ സഹകരണവും ഉണ്ടെങ്കില്‍ അമേധ്യം വരെ വില്‍ക്കുവാന്‍ പറ്റിയ വിപണിയാണ് കേരളമെന്ന് നിസ്സംശയം പറയാം.

2011 അത്തരം കാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. നാനോ എക്സലും, ആപ്പിള്‍ ഫ്ലാറ്റു തട്ടിപ്പുമെല്ലാം അഭ്യസ്ഥ വിദ്യരെന്ന് അഹങ്കരിക്കുന്ന കേരളീയന്റെ കോടികളാണ് തട്ടിയത്. അപ്പോള്‍ പിന്നെ സിനിമയുടെ രൂപത്തില്‍ വന്ന ഒരു തട്ടിപ്പിനു നിന്നു കൊടുക്കുവാന്‍ മലയാളി മടി കാണിക്കേണ്ടതില്ലല്ലോ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

30 of 39« First...1020...293031...Last »

« Previous Page« Previous « നടി മമതാ മോഹന്‍ദാസ് വിവാഹിതയായി
Next »Next Page » ആന്‍ അഗസ്റ്റിന്‍ രഞ്‌ജിത്തിന്റെ ‘ലീല‘യാകും? »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine