പത്മരാജൻ എന്ന കഥയുടെ ഗന്ധർവൻ

January 24th, 2013

padmarajan-epathram
മലയാള സിനിമയിലെ ഒരു ഗന്ധര്‍വ സാന്നിദ്ധ്യമായിരുന്നു പത്മരാജന്‍, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിച്ചാണ് ഒരു തണുത്ത ജനുവരിയില്‍ തന്റെ സിനിമയിലെ ഗന്ധര്‍വന്‍ പറന്നു പോയ പോലെ പറന്ന് പറന്ന് പറന്ന്…. പത്മരാജന്‍ പോയത്‌ (24 ജനുവരി 1991).
സമാന്തര സിനിമകളുമായി രംഗത്ത് വന്ന അദ്ദേഹം സിനിമക്കായി തെരഞ്ഞെടുത്ത വിഷയം എല്ലാം തന്നെ വളരെ വ്യത്യസ്തമായിരുന്നു. പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി പത്മരാജന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ ഒരാളെത്തി എന്നതാണ് സത്യം, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചു. അരപട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപൂവ്, തിങ്കളാഴ്ച നല്ല ദിവസം, തൂവാനത്തുമ്പികള്‍, കരിയിലക്കാറ്റുപോലെ, ഇന്നലെ, അപരന്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി നിരവധി നല്ല ചിത്രങ്ങള്‍ അദ്ദേഹം നമുക്കായി അണിയിച്ചൊരുക്കി. സിനിമ കൂടാതെ തിരക്കഥകള്‍, ചെറുകഥകള്‍, നോവലെറ്റ്, നോവലുകള്‍ അങ്ങനെ പത്മരാജന്‍ കൈവെക്കാത്ത മേഖലകള്‍ വിരളം. പ്രഹേളിക, അപരന്‍ പുകക്കണ്ണട, മറ്റുള്ളവരുടെ വേനൽ, കൈവരിയുടെ തെക്കേയറ്റം, സിഫിലിസ്സിന്റെ നടക്കാവ്, കഴിഞ്ഞ വസന്തകാലത്തിൽ, പത്മരാജന്റെ കഥകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കഥാ സമാഹാരങ്ങള്‍, പെരുവഴിയമ്പലം, തകര, രതിനിർവ്വേദം, ജലജ്വാല, നന്മകളുടെ സൂര്യൻ, വിക്രമകാളീശ്വരം എന്നീ നോവലെറ്റുകളും, നക്ഷത്രങ്ങളെ കാവൽ, വാടകക്കൊരുഹൃദയം ഉദ്ദകപ്പോള, ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, കള്ളൻ പവിത്രൻ, ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ നോവലുകളും നിരവധി തിരക്കഥകളും ഉണ്ട്. ജനുവരിയുടെ നഷ്ടമായി പത്മരാജന്‍ അകാലത്തില്‍ പറന്നകലുമ്പോള്‍ സാഹിത്യ – ചലച്ചിത്ര ലോകത്തിനു തീരാനഷ്ടമാകുകയായിരുന്നു. ഇന്നും കഥകളുടെ ഗന്ധര്‍വനായ പത്മരാജന്‍ ഒഴിച്ചിട്ട ഇടം പൂരിപ്പിക്കാനാരുമില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹന്‍ രാഘവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 19th, 2012

film-director-mohan-raghavan-ePathram
കൊച്ചി : അന്തരിച്ച ചലച്ചിത്ര കാരന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മക്കായി ഒരുക്കിയ പ്രഥമ മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച സംവിധായകര്‍ : ആഷിക് അബു (ചിതം : 22 ഫീമെയില്‍ കോട്ടയം), അന്‍വര്‍ റഷീദ്‌ (ചിതം : ഉസ്താദ് ഹോട്ടല്‍). മികച്ച തിരക്കഥാകൃത്ത് : മുരളി ഗോപി (ചിതം : ഈ അടുത്ത കാലത്ത്).

‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.

കാഴ്ചയ്ക്ക് അര്‍ത്ഥ മുണ്ടാകണം എന്ന് വിശ്വസിക്കുകയും അര്‍ത്ഥ മുള്ള കാഴ്ചകള്‍ വെള്ളിത്തിരയില്‍ എത്തിക്കുകയും ചെയ്ത മികച്ച സംവിധായകന്‍ ആയിരുന്നു മോഹന്‍ രാഘവന്‍ എന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ പോള്‍ ചെയര്‍മാനും സംവിധായകരായ മോഹന്‍, കെ. ജി. ജോര്‍ജ് എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് 2011 ഒക്ടോബര്‍ മുതല്‍ 2012 സപ്തംബര്‍ വരെ പുറത്തിറങ്ങിയ ചിത്ര ങ്ങളില്‍ നിന്ന് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 25ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മോഹന്‍ രാഘവന്റെ സ്വദേശമായ തൃശ്ശുര്‍ അന്നമനട യില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് 16 വര്‍ഷം

September 24th, 2012

silk-smitha-epathram

ജീവിതത്തിന്റെ അരങ്ങില്‍ നിന്നും ഒഴിഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറവും സില്‍ക്ക് സ്മിതയെന്ന വിസ്മയം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫീല്‍ഡില്‍ നിന്നും അല്പകാലം വിട്ടു നിന്നാല്‍ പോലും വിസ്മൃതിയിലേക്ക് അനായാസം തള്ളപ്പെടുന്നവരാണ് സിനിമാ നടിമാര്‍. എന്നാല്‍ സ്മിതയെന്ന അഭിനേത്രി ആ പതിവുകളെ തകര്‍ക്കുന്നു. അവര്‍ ഇന്നും നിറ സാന്നിധ്യമായി ഇന്ത്യന്‍ സിനിമയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അമ്പത്തിരണ്ടു കാരി ഇപ്പോഴും സജീവമായി തന്നെ അരങ്ങില്‍ നിറഞ്ഞാടുമായിരുന്നു എന്ന് കരുതുന്നവര്‍ ഇന്നും ധാരാളമുണ്ട്. അതാണ് സില്‍ക്ക് എന്ന പ്രതിഭ സൃഷ്ടിച്ചു വെച്ച ഇമേജ്.

silk-smitha-epathram

സ്മിതയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം സ്മിത വീണ്ടും സജീവ ചര്‍ച്ചയായി. ഡെര്‍ട്ടി പിക്ചര്‍ ബോക്സോഫീസ് വിജയമായി എന്നതിനൊപ്പം വിദ്യാ ബാലന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. വിദ്യാ ബാലന്‍ എന്ന നടി തന്റെ വേഷം ഗംഭീരമാക്കി എങ്കിലും കടക്കണ്ണിലെ നോട്ടത്തിലൂടെ പ്രേക്ഷകനില്‍ വികാരത്തിന്റെ മിന്നല്‍ പിണര്‍ പായിക്കുന്ന സ്മിതയുടെ അടുത്തെങ്ങും എത്തുവാന്‍ അവര്‍ക്കായില്ല.

1960-ല്‍ വിജയവാഡയില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച വിജയ ലക്ഷ്മിയെന്ന സില്‍ക്ക് സ്മിതയെ പട്ടിണിയാണ് മദ്രാസിലെ സിനിമാ നഗരത്തിലേക്ക് എത്തിച്ചത്. ആദ്യ ചിത്രം വണ്ടിച്ചക്രം. അതില്‍ സില്‍ക്ക് എന്ന ഡാന്‍സുകാരിയുടെ വേഷം. ആ ഒറ്റ വേഷത്തിലൂടെ തന്നെ അവര്‍ യുവാക്കളുടെ മനസ്സില്‍ ചേക്കേറി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ സ്മിത ഒരു അവശ്യ ഘടകമായി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല. മൂന്നാം പിറയും, അഥര്‍വ്വവും, സ്ഫടികവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ നല്‍കി അവര്‍ക്ക്. പണവും പ്രശസ്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമ അവരെ വീര്‍പ്പു മുട്ടിച്ചു. എന്നാല്‍ സിനിമാ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ സ്മിത ജീവിക്കുവാന്‍ മറന്നു പോയി എന്നു കരുതുന്നവരുണ്ട്. ഇടയ്ക്കെപ്പോഴോ ഒരു പുരുഷനില്‍ തന്നിലെ സ്ത്രീത്വത്തിനു പൂര്‍ണ്ണത തേടി അവര്‍. എന്നാല്‍ സിരകളില്‍ കാമം പൂത്ത് ഉലയുന്ന കണ്ണുകളുമായി തിരശ്ശീലയില്‍ മെയ്യഴകു കാട്ടി നൃത്തചുവടുകള്‍ വെച്ച സ്മിതയ്ക്ക് പക്ഷെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു. പ്രണയത്തിന്റെ ചതിച്ചുഴില്‍ പെട്ട അവര്‍ ജീവിതത്തിന്റെ തിരശ്ശീല സ്വയം വലിച്ചു കീറി. ഒപ്പം ചുവടു വെച്ച നടിമാരില്‍ പലരും അഭ്രപാളിയില്‍ നിന്നും പണ്ടേ മാഞ്ഞു പോയി. അവരില്‍ ചിലര്‍ വാര്‍ധ്യക്യത്തിന്റെ അവശതകളുമായി ഇന്നും കോടമ്പാക്കത്ത് ജീവിക്കുന്നു. എന്നാല്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കി ആക്കി കൊണ്ട് സ്മിത ഇന്നും ഇന്ത്യന്‍ സിനിമയില്‍ അനശ്വരയായി ജീവിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

ജപ്തി ഭീഷണി : ലോഹിതദാസിന്റെ കുടുംബം സര്‍ക്കാര്‍ സഹായം തേടി

August 9th, 2012

lohithadas-epathram

തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്തിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. ലോഹിതദാസിന്റെ കുടുംബം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മകനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് നിവേദനം നല്‍കുകയായിരുന്നു. ആലുവയിലും ഒറ്റപ്പാലത്തുമുള്ള വീടും പുരയിടവും പണയപ്പെടുത്തിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവർ ജപ്തി ഭീഷണി നേരിടുന്നത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒറ്റപ്പാലത്തെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്നും, ആലുവ കെ. എസ്. എഫ്. ഇ. യില്‍ നിന്നും സിനിമ നിര്‍മ്മിക്കുവാനായിട്ടാണ് ലോഹിതദാസ് വന്‍ തുക കടമെടുത്തിരുന്നത്. ഈ തുക തിരിച്ചടയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പണമടയ്ക്കുവാന്‍ സാവകാശം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സ്നേഹത്തിന്റെ പവിത്രതയും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാളി തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു. എന്നാല്‍ സ്നേഹമല്ലാതെ സമ്പത്തുണ്ടാക്കുന്നതില്‍ പരാജിതരായ തന്റെ തന്നെ ചില നായകന്മാരില്‍ ഒരാളായി അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിയുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ അനുഗ്രഹീത കലാകാരന്റെ കുടുംബം ഇന്നിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുകയാണ്. ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പോലും നിരവധി പുരസ്കാരങ്ങളും വന്‍ സാമ്പത്തിക ലാഭവും നേടിയിരുന്നു. പലരും അദ്ദേഹത്തിന്റെ രചനകളിലൂടെ സൂപ്പര്‍ താരങ്ങളും സംവിധായകരുമായി. എന്നാല്‍ സിനിമ അദ്ദേഹത്തോട് നന്ദികേടു കാണിച്ചു എന്നു വേണം കരുതുവാൻ. ലോഹിത ദാസ് അന്തരിച്ചപ്പോള്‍ പല സിനിമാ സംഘടനകളും, സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

11 of 17« First...101112...Last »

« Previous Page« Previous « ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ
Next »Next Page » സനുഷ നായികയാവുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine