തിരുവനന്തപുരം: ലജ്ജാവതി എന്ന ഗാനത്തിലൂടെ മലയാളിയെ ‘തന്റെ താളത്തിനൊത്ത് തുള്ളിച്ച‘ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. സെൻട്രൽ എക്സൈസില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം മണ്ണമ്മൂല രവി ഇല്ലത്തില്‍ ജയകുമാറിന്റെ മകള്‍ അതുല്യ യാണ് വധു. ഹൈന്ദവ ആചാര പ്രകാരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഐ. ടി. ഗവേഷണ വിദ്യാര്‍ഥിയാണ് അതുല്യ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ചായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ട ജാസിയുടേയും അതുല്യയുടെയും വിവാഹം. വിതുര തോട്ടുമുക്ക് പള്ളിത്തടത്ത് വീട്ടില്‍ നിരത്തില്‍ ഐസക്ക് ഗിഫ്റ്റ് ഇസ്രായേലിന്റെ പുത്രനാണ് ജാസി ഗിഫ്റ്റ്. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഗായകനെന്ന നിലയിലും സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ് താരമായി മാറിയത്.
മന്ത്രി വി. എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എൻ. ശക്തൻ, എം. ജയചന്ദ്രൻ, ലെനിന്‍ രാജേന്ദ്രൻ, ജയരാജ്, വിജയ് യേശുദാസ്, കോട്ടയം നസീര്‍, മഞ്ജരി, അഖില തുടങ്ങി രാഷ്ടീയ, സിനിമ, സംഗീത രംഗങ്ങളിലെ പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു.