ഹിന്ദു താലിബാന്‍ എന്ന പേരില്‍ കുപ്രസിദ്ധം ആയ ശ്രീ രാമ സേന “മോറല്‍ പോലീസ്” കളിച്ച് സ്ത്രീകള്‍ക്കു നേരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞതിനു മറുപടിയായി ആഗോള തലത്തില്‍ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍ എന്ന രസകരമായ ഒരു പ്രതിഷേധ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘ ബലം പ്രയോഗിച്ച് തടയും എന്നും ഏതെങ്കിലും പെണ്‍കുട്ടിയെ അന്നേ ദിവസം ഏതെങ്കിലും ആണ്‍കുട്ടിയുടെ കൂടെ കണ്ടാല്‍ അവരെ ബലം പ്രയോഗിച്ചു വിവാഹം ചെയ്യിപ്പിക്കും എന്നും പെണ്‍കുട്ടികള്‍ പബില്‍ കയറരുത് എന്നും മറ്റും ആയിരുന്നു ശ്രീ രാമ സേനയുടെ നിയന്ത്രണങ്ങള്‍.
ഇതിനു മറുപടി എന്നവണ്ണം ഫെബ്രുവരി 5നാണ് “ദ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍” ആരംഭിച്ചത്. കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിങ്, ലൂസ് ആന്‍ഡ് ഫോര്‍വേര്‍ഡ് വിമന്‍” എന്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. അല്ലെങ്കില്‍ തന്നെ ധാരാളം സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയം ആയി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം ഇനിയും ഒരു “ധാര്‍മ്മിക” സംഘടനയുടെ കൂടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വയം വഴങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം.
കാമ്പെയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ പക്കല്‍ ഉള്ള ഒരു പിങ്ക് നിറമുള്ള ഷെഡ്ഡി നിങ്ങള്‍ വാലന്റൈന്‍സ് ഡേ സമ്മാനം ആയി ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഏറ്റവും വില കുറഞ്ഞ ഒരു ഷെഡ്ഡി വാങ്ങി എങ്കിലും അയക്കുക. അതിന്റെ നിറം പിങ്ക് ആവണം എന്ന് മാത്രം. നിങ്ങള്‍ക്ക് അയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം ഒട്ടാകെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഷെഡ്ഡി ശേഖരണ കൌണ്ടറുകളില്‍ ഏല്‍പ്പിച്ചാലും മതി. ശേഖരണ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ കാമ്പെയിന്റെ ബ്ലോഗില്‍ ലഭ്യമാണ്.
അടുത്തതായി നിങ്ങള്‍ അയക്കുന്ന ഷെഡ്ഡിയുടേയോ അതിന്റെ പാക്കറ്റിന്റേയോ ഒരു ഫോട്ടോ എടുത്ത് കാമ്പെയിന്‍ നടത്തിപ്പുകാര്‍ക്ക് freelancehabba (at) gmail (dot) com എന്ന ഈമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക. കൂടെ നിങ്ങള്‍ എത്ര ഷെഡ്ഡി കാമ്പെയിനിലേക്ക് അയച്ചു എന്ന വിവരവും നല്‍കുക. ഇത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആയി അവരും ഇതില്‍ പങ്ക് ചേരാന്‍ സഹായിക്കും. സംഘത്തിന്റെ ഫേസ് ബുക്ക് വിലാസത്തില്‍ അയച്ചാലും മതി :
മൂന്നാമതായി ചെയ്യാന്‍ ഉള്ളത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. വാലന്റൈന്‍സ് ഡേയുടെ ദിവസം നിങ്ങള്‍ ലോകത്ത് എവിടെ ആയിരുന്നാലും ശരി, നിങ്ങള്‍ അടുത്തുള്ള ഒരു പബില്‍ കൂട്ടുകാരും ഒത്ത് പോയി ഒരു ഓറഞ്ച് ജ്യൂസെങ്കിലും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പേരില്‍ കുടിക്കുക. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് അതും കാമ്പെയിനിലേക്ക് അയച്ചു കൊടുക്കുക. ഇതെല്ലാം കൂടെ പിന്നീട് ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുന്നതാണ്.
ഇന്നു വരെ വാലന്റൈന്‍സ് ഡേക്ക് വലിയ പ്രാധാന്യം ഒന്നും കല്‍പ്പിച്ചിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഇത്തവണ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗം ആയി വാലന്റൈന്‍സ് ഡേ പ്രതീകാത്മകം ആയെങ്കിലും ആഘോഷിക്കുവാന്‍ ഈ പ്രതിഷേധ സമരം വഴി ഒരുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടും നിന്ന് ആയിര കണക്കിനു പേര്‍ ഇതിനോടകം ഈ കാമ്പെയിനുമായി ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്ക് പുറമെ എല്ലാ പ്രായക്കാരുമായ പുരുഷന്മാരും ഉള്‍പ്പെടുന്നു എന്നത് ആശാവഹം ആണെന്ന് ഈ കാമ്പെയിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
– ഗീതു