ഗുരുവേ നമഹ!

August 9th, 2010

student-epathramമധ്യ തിരുവിതാംകൂറിലെ പ്രസിദ്ധവും പുരാതനവും ആയ ഒരു പള്ളിക്കൂടം. സ്കൂള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ വര്‍ഷത്തെയും റാങ്ക് ജേതാക്കളുടെ പട്ടികയില്‍ കേരളത്തിലെ അറിയപ്പെടുന്ന പലരുടെയും പേരുകള്‍ ഉണ്ട്. പട്ടികയില്‍ മധ്യ ഭാഗം കഴിഞ്ഞ് മത്സര പരീക്ഷകളില്‍ 1ആം റാങ്ക് മാത്രം നേടിയിട്ടുള്ള ഒരു പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ പേരും. അദ്ദേഹം മറ്റൊരു സ്കൂളില്‍ പഠിച്ചിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു, അന്ന് അവിടെയുണ്ടായിരുന്ന അധ്യാപകര്‍  പറയുന്നത് അവന്‍ അത്ര പോരാഞ്ഞതിനാല്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടതാണ്, പിന്നീട് റാങ്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍  നിര്‍ബന്ധിച്ചും യാചിച്ചും ഈ സ്കൂളിലേക്ക് തന്നെ കൊണ്ടു വന്നു എന്ന്. ഒപ്പം ഒന്ന് കൂടെ വിശദീകരിച്ചു തന്നു. ക്ലാസ്സില്‍ അവന്റെ “പ്രകടനം” മോശമായിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം പറയത്തില്ല. റാങ്ക് കിട്ടി കഴിഞ്ഞപ്പോഴാണ് അവന്റെ തലയില്‍ ഇത്രയ്ക്കുള്ള മരുന്ന് ഉണ്ടെന്ന് അന്നത്തെ സാറന്മാര്‍ക്ക്‌ പിടി കിട്ടിയത്.

ഇത് സ്കൂളിന്റെ പശ്ചാത്തലം.

കഴിഞ്ഞ വര്ഷം ശിവാനിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഗതികള്‍ ആണ് മുകളില്‍ പറഞ്ഞത്. ശിവാനി 8 ആം ക്ലാസ്സില്‍ ഹിന്ദിക്ക് വളരെ മോശം. റോസക്കുട്ടി ടീച്ചര്‍ ദിവസവും വഴക്ക് പറയും, അടിക്കും, വീട്ടുകാരെ വിളിപ്പിക്കും. ജൂണ്‍ മുതല്‍ നവംബര്‍ വരെ നടത്തിയ ഒരു  മാസ പരീക്ഷകളിലും ശിവാനി 10 % മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയിട്ടില്ല. അവസാനം റോസക്കുട്ടി ടീച്ചര്‍ ശിവാനിയുടെ വീട്ടുകാരെ വിളിപ്പിച്ചു വളരെ വിഷമത്തോടെ പറഞ്ഞു, “ഞാന്‍ എന്റെ എല്ലാ കഴിവുകളും അറിവും എനിക്ക് അറിയാവുന്ന മൂന്നാം മുറകളും പ്രയോഗിച്ചു കഴിഞ്ഞു. ഹിന്ദിക്ക് ജയിക്കാതെ ക്ലാസ്സ്‌ കയറ്റം തരില്ല. ഒരു വര്ഷം കൂടി അവള്‍ 8ല്‍ പഠിക്കട്ടെ”. വീട്ടുകാര്‍ നല്ലൊരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാട് ചെയ്തു. ഡിസംബറില്‍ ക്രിസ്മസ് പരീക്ഷക്ക്‌ ശിവാനി 84 % മാര്‍ക്ക്‌ വാങ്ങി. ഉത്തര കടലാസ് കൊടുക്കുമ്പോള്‍ റോസക്കുട്ടി ടീച്ചര്‍ ശിവാനിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിച്ചു, “ആരാ പരീക്ഷക്ക്‌ നിന്റെ അടുത്ത് ഇരുന്നിരുന്നത് ? “. ടീച്ചര്‍ ചോദിച്ചത് ഒന്നും മനസ്സിലാകാതെ നിന്ന ശിവാനിയുടെ നേരെ ടീച്ചര്‍ ആക്രോശിച്ചു, “നീ ആരുടെ കോപ്പി അടിച്ചിട്ടാടീ ഇത്രയും മാര്‍ക്ക്‌ കിട്ടിയത് ? “.

ഗുരുവേ നമഹ!

(പേരുകള്‍ സാങ്കല്പികം )

വിനോദ് കുമാര്‍

- ഡെസ്ക്

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

സ്വത്വ ബോധമല്ല സുബോധമാണ് ആദ്യം ഉണ്ടാകേണ്ടത്

July 24th, 2010

identity-politics-epathramബുദ്ധിജീവി – സാംസ്കാരിക നേതാക്കന്മാരും തൊഴിലാളികളും വേണ്ടുവോളം ഉണ്ട് കേരള സമൂഹത്തില്‍. ഇക്കൂട്ടര്‍ക്ക് പലപ്പോഴും മാന്യമായ ഇടം മാധ്യമങ്ങള്‍ നല്‍കുന്നുമുണ്ട്. ലഭ്യമായ വേദികളില്‍ സ്വത്വത്തെയും സ്വത്വ ബോധത്തെ പറ്റിയും ഇക്കൂട്ടരില്‍ പലരും നിരന്തരം മനോഹരമായ ഭാഷയില്‍ (എന്നാല്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല) സംസാരിച്ചും എഴുതിയും നിറഞ്ഞു നില്‍ക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, തികച്ചും പക്ഷപാതപരവും വിപരീത ഫലം ഉളവാക്കുന്നവയുമാണ് ഇക്കൂട്ടരുടെ പല നിലപാടുകളും നിരീക്ഷണങ്ങളും.

സ്വത്വ ബോധത്തെ പറ്റി വാചലമാകുന്നതിനു മുമ്പ് താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ചും, അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ചും, ജീവിക്കുന്ന മനുഷ്യരെ പറ്റിയും ആകണം ആദ്യം ബോധം ഉണ്ടാകേണ്ടത്. തന്റെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ദുഷ്പ്രവണതകളെ പക്ഷമില്ലാതെ വീക്ഷിക്കുവാനും വിമര്‍ശിക്കുവാനും ഇവര്‍ക്ക് സാധിക്കണം. സാംസ്കാരിക – സാമൂഹിക മണ്ഡലത്തെ നവീകരണ പ്രക്രിയക്ക് വിധേയമാക്കുവാന്‍ ഉപകരിക്കേണ്ട നിലപാടെടുക്കേണ്ടവര്‍ പലപ്പോഴും ബോധപൂര്‍വ്വമോ അല്ലാതെയോ ഇതിനു വിമുഖത കാണിക്കുന്നു. പ്രത്യക്ഷത്തില്‍ മാര്‍ക്സിസ്റ്റു വീക്ഷണങ്ങള്‍ നിരത്തുമ്പോളും അറിയാതെ അതിനകത്തു പൊതിഞ്ഞു വച്ചിരിക്കുന്ന വര്‍ഗ്ഗീയ ചായ്‌വ് പലപ്പോഴും പച്ചയ്ക്ക് വെളിവാകുന്നു.

രാഷ്ടീയ – മത – സാമ്പത്തിക താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന “സങ്കുചിത“ ചിന്തക്കാരായ ബുദ്ധിജീവികള്‍ പടച്ചു വിടുന്ന സിദ്ധാന്തങ്ങളും നീരീക്ഷണങ്ങളും പലപ്പോഴും സമൂഹത്തിനു അങ്ങേയറ്റം ദോഷകരമായി ഭവിക്കാറുണ്ട്. പലപ്പോഴും ഇക്കൂട്ടരുടെ വിചിത്ര വാദങ്ങള്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തില്‍ ആയി മാറുന്നു.

ഗുജറാത്ത് സംഭവങ്ങളെ തുടര്‍ന്ന് കേരളത്തില്‍ എങ്ങും ഇര വാദത്തിന്റെ തരംഗമായിരുന്നു. ഗുജറാത്തിനെ അപേക്ഷിച്ച് ആയിരം മടങ്ങ് മികച്ച കേരളത്തിലെ സാമൂഹികാ ന്തരീക്ഷത്തില്‍ സുര്‍ക്ഷിതരായി ജീവിക്കുന്ന ന്യൂന പക്ഷങ്ങള്‍ എന്തോ അപകട ത്തിലാണെന്ന വ്യാജ ഭീതി ഇക്കൂട്ടര്‍ പടര്‍ത്തിയ / ത്തിക്കൊണ്ടിരിക്കുന്നത് നാം മറന്നു കൂട.
രാഷ്ടീയമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ന്യൂന പക്ഷങ്ങള്‍ എന്തു ഭീഷണിയാണ് നേരിടുന്നത്? ഇരവാദത്തിനു പുറകെ / ഒപ്പം വന്നത് സ്വത്വ വാദമായിരുന്നു. സ്വത്വ വാദത്തിന്റെ മറവില്‍ എന്തൊക്കെ പ്രചാരണങ്ങളാണ് ഇവര്‍ അഴിച്ചു വിട്ടത്? സമൂഹത്തെ മതപരമായും സാമുദയികമായും വിഘടിപ്പിക്കുവാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങളെ തള്ളി ക്കളയുവാനുള്ള ആര്‍ജ്ജവം നമ്മുടെ സമൂഹത്തിനു ഉണ്ടായേ തീരൂ.

ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകര്‍ / തൊഴിലാളികളും മാത്രമല്ല എഴുത്തുകാരും നിരൂപകരും മറ്റു കലാകാരന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിരൂപണം വിമര്‍ശനം എന്ന പേരില്‍ സിനിമയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും നിര്‍ദ്ദോഷമായ ഡയലോഗുകളേയും,സന്ദര്‍ഭങ്ങളെയും, കഥാപാത്രങ്ങളെയും അടര്‍ത്തി മാറ്റി വര്‍ഗ്ഗീയ വ്യഖ്യാനങ്ങള്‍ നല്‍കുന്നത് ചിലരുടെ ശൈലിയായി മാറിയിരിക്കുന്നു. വെറുപ്പു വിതയ്ക്കുന്ന ഇത്തരം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും അപകടകരമായ തലത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.

പ്രശസ്തനും പുരസ്കാര ജേതാവുമായ ഒരു നിരൂപകന്റെ നിരീക്ഷണങ്ങള്‍ വായിച്ച് അങ്ങേയറ്റം ദുഖം തോന്നി. ഒരു പ്രത്യേക സമുദായത്തെ പറ്റി സിനിമകളില്‍ വരുന്ന പരാമര്‍ശങ്ങള്‍ ആണ് ഇദ്ദേഹത്തിന്റെ പല കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഹൈന്ദവമായ ദൈവങ്ങള്‍, മിത്തുകള്‍, ആചാരങ്ങള്‍, അതുമായി ബന്ധപ്പെട്ട ജ്യോതിഷികള്‍, മന്ത്രവാദികള്‍, വെളിച്ചപ്പാടുമാര്‍ ഒക്കെ എത്രയോ തവണ കോമഡിയായും വില്ലത്തരമായും സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം മലയാളി പ്രേക്ഷകര്‍ “മത രഹിതരായി“ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. രണ്‍ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കോഴിയിറച്ചി തിന്നും വേലക്കാരി പെണ്ണുമായി ശൃംഗരിച്ചും ഇരിക്കുന്ന മന്ത്രവാദിയായ “മഹാ ദിവ്യന്‍” ആരെയും വ്രണപ്പെടു ത്തിയതായി തോന്നുന്നില്ല. ഇതൊന്നും ഈ നിരൂപകന്റെ ശ്രദ്ധയില്‍ പെടുന്നുമില്ല (ഭാഗ്യം അതു മൂലം അത്രയും കുറച്ച് ദുഷിച്ച ചിന്തകളേ സമൂഹത്തില്‍ പടരുകയുള്ളൂ). എന്നാല്‍ കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലക്ക് ഇരുപത്തഞ്ചു വര്‍ഷത്തില്‍ ഏറെ ആയി സിനിമാ പ്രവര്‍ത്തനം നടത്തുന്ന, കുടുംബ പ്രേക്ഷകരാല്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട, സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നിന്നു പോലും ഇദ്ദേഹം “ മത വിരുദ്ധ“ കണ്ടെത്തലുകള്‍ തല നാരിഴ കീറി കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. സിനിമയെ സംബന്ധിച്ച് കഥയും, കഥാപാത്രങ്ങളും, അതിനു ഇണങ്ങുന്ന കഥാ സന്ദര്‍ഭങ്ങളും അനിവാര്യമാണ്. അത് പ്രമേയ ത്തിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും. കഥയേയും, കലാകാരനേയും, കഥാപാത്രത്തെയും വര്‍ഗ്ഗീയമായി വേര്‍തിരിച്ചു നടത്തുന്ന ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ നിറയ്ക്കുവാനും കലാകാരന്മാരെ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുവാനും മാത്രമേ ഉപകരിക്കൂ.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യ പ്പേപ്പര്‍ സംഭവം നിര്‍ഭാഗ്യകരമാണ്. അതിന്റെ പേരില്‍ അവിടെ സംഘര്‍ഷവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ മതങ്ങളുടെയും വിദ്യാഭ്യാസ ത്തിന്റേയും ലക്ഷ്യം മനുഷ്യ നന്മയോ അതോ പരസ്പരം ശത്രുതയോ ആണെന്ന് ചിന്തിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന സാ‍ഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നു. മത നിന്ദ പ്രത്യക്ഷത്തില്‍ തന്നെ ആ ചൊദ്യപ്പേപ്പറിലെ വരികളില്‍ വ്യക്തമാണ് (ഇത് ഒരു പുസ്തകത്തില്‍ നിന്നും എടുത്തതാണെന്ന് പിന്നീട് പറയുകയുണ്ടായി. എന്നാല്‍ ആ വരികളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു). ഇതേ തുടര്‍ന്ന് അധ്യാപകനെതിരെ വകുപ്പു തലത്തിലും നിയമപരമായും നടപടികള്‍ വന്നു. പിന്നീട് കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ നടന്ന സംഭവത്തെ ഒരു തരത്തിലും നീതീകരിക്കുവാന്‍ ആകുന്നതല്ല. രണ്ടു ദിവസത്തെ മാധ്യമ ചര്‍ച്ചകള്‍ക്കും ബ്ലോഗ്ഗുകളിലെ കമന്റുകള്‍ക്കും അപ്പുറം ഈ സംഭവത്തിനും ആയുസ്സുണ്ടാകും എന്നു കരുതുക വയ്യ. അടുത്തിടെ നടന്ന തച്ചങ്കരി വിഷയം തന്നെ ഉദാഹരണം. ആ വിഷയം സജീവ മായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയത്ത് ഒരു നേതാവ് കണ്ണൂരില്‍ വച്ച് ജഡ്ജിമാരെ പറ്റിയുള്ള ഒറ്റ പ്രസംഗം കോണ്ട് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജീവ് ഗാന്ധിയെ പറ്റിയുള്ള പരാമര്‍ശം. മാധ്യമങ്ങള്‍ അവയുടെ പുറകെ പോയി. മാധ്യമങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളിയാലും തൊടുപുഴ സംഭവം സൂചിപ്പിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആപത്തിനെ പറ്റിയാണ്. ഇതിനെതിരായി പൊതു സമൂഹം സദാ ജാഗ്രത പാലിക്കുക തന്നെ വേണം.

മത വിശ്വാസിക്കും മതേതരനും ഒരേ സ്ഥാനമാണ് ശരിയായ ജനാധിപത്യം കല്പിച്ചു നല്‍കുന്നത്. ഒരു വ്യക്തിക്ക് ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. മത വിശ്വാസത്തിനെതിരായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തടയിടുവാന്‍ ശക്തമായ നിയമങ്ങളും ഇവിടെ ഉണ്ട്. പലപ്പോഴും ഇന്ത്യയില്‍ പലയിടത്തും മതങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റേയും മത ഗ്രന്ധങ്ങളുടേയും പേരില്‍ ദയാരഹിതമായ അക്രമങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. മത ദര്‍ശനങ്ങള്‍ സംരക്ഷിക്ക പ്പെടേണ്ടത് കൊലപാതകങ്ങളാലും കലാപങ്ങളാലും ആണോ? മത ദര്‍ശനങ്ങള്‍ വാളും തോക്കും ബോംബും പണവും ഭീഷണിയും കൊണ്ടല്ല സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അത് ഭീരുത്വത്തിന്റെ ലക്ഷണമായും ദര്‍ശനങ്ങളുടെ ദൌര്‍ബല്യമായും ചരിത്രത്തില്‍ കണക്കാക്കപ്പെടും. ജനാധിപത്യത്തില്‍ അഭിപ്രായ / ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സ്ഥാനമുണ്ട് എന്നാല്‍ ഒരുവന്റെ അഭിപ്രായം അന്യന്റെ മത വികാരങ്ങളെ വ്രണപ്പെടുത്തുവാന്‍ ഈ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. വിശ്വാസിയെ സംബന്ധിച്ച് അത് കാര്‍ടൂണിന്റെ രൂപത്തില്‍ ആയാലും, പെയ്ന്റിങ്ങിന്റെ രൂപത്തില്‍ ആയാലും മറ്റേതു രൂപത്തില്‍ ആയാലും അവഹേളിക്കപ്പെട്ടത് വിഷമകരമാണ്. മത വിദ്വേഷം പകരുന്ന മത നിന്ദ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കു ന്നതോടൊപ്പം ഇത്തരം ആക്രമണങ്ങളെ തള്ളിക്കളയുവാനും സമൂഹം തയ്യാറാകണം. ഇക്കാര്യത്തില്‍ മതത്തിനപ്പുറം ചിന്തിക്കുന്ന / ചിന്തിക്കുവാന്‍ ശേഷിയുള്ള മനുഷ്യ സ്നേഹികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാതെ വയ്യ. ആര്‍ജ്ജവവും രാഷ്ടീയ ഇച്ഛാശക്തിയും ഇല്ലാ‍ത്ത ഭരണ കൂടങ്ങള്‍ ഉള്ളിടത്ത് മത മൌലിക വാദികള്‍ അഴിഞ്ഞാടുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്നു കരുതുക വയ്യ. അതു കൊണ്ടു തന്നെ അധ്യാപകന്റെ കൈ വെട്ടിയ അക്രമിക ള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ലോക ക്രമം ഒരിക്കലും നല്ലതല്ല. വിശാലമായ സാമൂഹിക കാഴ്ചപ്പാടും സഹിഷ്ണുത നിറഞ്ഞ ആശയങ്ങളും ഉണ്ടെങ്കിലേ സമൂഹം സമാധാന പരമായും സുഗമമായും മുന്നോട്ടു പോകൂ. ഏതൊരു വ്യക്തിക്കും താന്‍ ജീവിക്കുന്ന സമൂഹത്തിലെ ശാന്തിയും സമാധാനവും ഉണ്ടാകണം എന്നും എങ്കിലേ തനിക്കും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാന്‍ ആകൂ എന്ന ബോധം ആണ് ആദ്യം ഉണ്ടാകേണ്ടത്. തന്റെ വിശ്വാസങ്ങളില്‍ സഹജീവികളോട് കരുണയും അനുകമ്പയും ഉണ്ടാകണം. അന്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തേയും ഹനിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ആദ്യം ഉണ്ടാകേണ്ടത് തന്റെ സമൂഹത്തെ പറ്റിയുള്ള “സു“ ബോധമാണ് അല്ലാതെ അന്യനോട് വിരോധം ഉണ്ടാക്കുന്ന സങ്കുചിതമായ വര്‍ഗ്ഗീയ സ്വത്വ ബോധമല്ല.

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

വൈക്കോയെ അറസ്റ്റ്‌ ചെയ്യുക

May 31st, 2010

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശിക വാദം ആളിക്കത്തിച്ച് അക്രമ സമരത്തിന് നേതൃത്വം കൊടുക്കുന്ന എം. ഡി. എം. കെ. നേതാവ് വൈക്കോയെ രാജ്യ സുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം

മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് എം. ഡി. എം. കെ. കേരളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
തമിഴ്‌നാടിന് വെള്ളം വിട്ടു തരാത്തതിന് കേരളത്തിനോട് പ്രതിഷേധ മറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.

ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെ ത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്.

കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.

മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആലൂര്‍ ജമാഅത്ത് ഖാസിയായി ബാവ മുസ്ലിയാര്‍ ചുമതലയേറ്റു

May 22nd, 2010

bava-musliarബോവിക്കാനം: ആലൂര്‍ മുസ്ലിം ജമാഅത്ത് ഖാസിയായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി. കെ. എം. ബാവ മുസ്ലിയാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആലൂര്‍ ഹിദായത്തുല്‍‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍‍ ആലൂര്‍ കെ. സി. ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിച്ചു.

ജമാഅത്ത് പ്രസിഡണ്ട് ഫോറിന്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഹംസത്തു സഅദി, ജി. എസ്. അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം സഅദി, അബ്ദുല്‍ ബാരി ബാഖാവി, ഹസ്സന്‍ സഖാഫി, വി. അഹമദ് മുസ്ല്യാര്‍, ആലൂര്‍ ടി. എ. മഹ മൂദ് ഹാജി, എ. ടി. അബൂബക്കര്‍, ബി. കെ. ഹംസ, എന്നിവര്‍ പ്രസംഗിച്ചു, എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

bava-musaliar

bava-musaliar-audience

ആലൂര്‍ ടി. എ. മഹ മൂദ് ഹാജി

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തീവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കം വെക്കാനുമുള്ള മാധ്യമ – യു. ഡി. എഫ്. ശ്രമം തകര്ക്കണം

May 12th, 2010

കിനാലൂരിലെ സംഭവങ്ങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യ വിരുദ്ധരെയും കൂട്ടു പിടിച്ച് മത മൗലിക വാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങ്ങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹി ക്കുന്നവരും കൂടി രാജ്യ ദ്രോഹ പരമായ പ്രവര്ത്തനം നടത്തുമ്പോള്‍ അതിന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു. ഡി. എഫ്. ശ്രമം അപകട കരമാണ്. കോണ്ഗ്രസ്സും ത്രിണമുല്‍ കോണ്ഗ്രസ്സും ഇടതു പക്ഷ സര്ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങ്ങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടു പിടിച്ച് കളിച്ച കളിയാണു മാവോയിസ്റ്റുകളെ ശക്തി പ്പെടുത്തിയതും രാജ്യത്തിന് തന്നെ വന്‍ ഭീഷണി യായി തീരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്. തീവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു. ഡി. എഫ്. എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥ യിലേക്കാണ് എത്തിക്കുക.

എല്‍. ഡി. എഫ്. സര്ക്കാര്‍ ചെയ്ത കുറ്റമെന്താണ്?

എല്‍. ഡി. എഫ്. സര്ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?

1995ല്‍ കേന്ദ്ര സര്ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്ഷമായി ഭൂമി വിനിയോഗി ക്കപ്പെട്ടിട്ടില്ല.

30 ഏക്കര്‍ പി. ടി. ഉഷാ സ്കൂളിന് നല്കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ ധാരണയായി.

ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നു വെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടു പോയി.

എങ്കിലും വ്യവസായ സംരംഭം വഴിമുട്ടാന്‍ എല്‍. ഡി. എഫ്. സര്ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്ക്ക് ഇതു മൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കണം.

അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചു വരുന്നത്. കോഴിക്കോട്ടു നിന്ന് കിനാലൂര്‍ വരെ 28 കിലോ മീറ്റര്‍ നാലു വരിപ്പാത നിര്മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ.

കോഴിക്കോട് കലക്ടര്‍ മുന്കൈ എടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായ മന്ത്രി പങ്കെടുത്തു. രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികളെ വിളിച്ചു ചേര്ത്തു. കോണ്‍ഗ്രസിനു വേണ്ടി സ്ഥലം എം. പി. എം. കെ. രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനു വേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്കുമെന്ന് ഉറപ്പു നല്കി. വീട് നഷ്ടപ്പെടു ന്നവര്ക്ക് വീടു വയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്കുമെന്നും, അവരെ ബോധ്യപ്പെടുത്തി.

വീടും ഭൂമിയും വിട്ടു നല്കുന്നവര്ക്ക് ന്യായ വിലയ്ക്കു പുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പു വരുത്തി. സ്ഥലം ഉടമകളില്‍ ബഹു ഭൂരിപക്ഷം പേരും സ്ഥലം പൂര്ണ മനസ്സോടെ വിട്ടു കൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്ക്കിന് സ്വാഗതം ഓതിക്കൊണ്ട് വീടിനു മുമ്പില്‍ ബോര്ഡു വച്ചു.

11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണ യുണ്ടാക്കിയത്. ഈ സാഹചര്യ ത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും, റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്ക്ക് സംരക്ഷണം നല്കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി.

ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന) എസ. ഡി. പി. ഐ. തുടങ്ങിയ പാര്‍ട്ടി കളുടെയും സംഘടന കളുടെയും ഏതാനും പ്രവര്ത്തകരാണ് രംഗത്തു വന്നത്.

വലത് – ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായ സംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകര പ്രവര്ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്ക്കും പങ്കാളിത്ത മുണ്ടെന്ന് വിവരമുണ്ട്. ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനെ അടിക്കുന്ന സമര മുറ മുമ്പ് കേട്ടു കേള്വി യില്ലാത്ത താണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനു നേരെ എറിഞ്ഞു.

പിന്നെ കല്ലേറാ ണുണ്ടായത്. കല്ല് മുന്കൂട്ടി ശേഖരിച്ചു വച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെ പ്പറ്റി എഴുതിയ തിങ്ങനെയാണ്: “സമരക്കരെ അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കു ന്നതിനി ടെയാണ് സംഘര്ഷ മുണ്ടായത്. പ്രകടന മായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്ന്ന് പൊലീസ് ഇവരോട് അറസ്റ്റു വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസി നെതിരെ ചാണകമേറുണ്ടായി.

അതോടെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചു നിന്നു. ഏറെ നേരം ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് പൊലീസി നെതിരെ കല്ലേറ് വന്നത്. തുടര്ന്ന് പൊലീസ് ലാത്തി വീശി. ശക്തമായ കല്ലേറാ ണുണ്ടായത്. ഇതില്‍ ഡി. വൈ. എസ്. പി. അടക്കം 25 പൊലീസു കാര്ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്ദിച്ചു”. ഈ റിപ്പോര്ട്ട് വായിക്കുന്ന ഏതൊരാള്ക്കും പൊലീസ് അസാമാന്യമായ സംയമനം പാലിച്ചെന്നു വ്യക്തമാകും.

കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രി യിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്ട്ട് ചെയ്തത്. യഥാര്ഥത്തില്‍ അവിടെ നടന്നത് നിയമ പാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മ രക്ഷാര്‍ത്ഥ മായാണ് ചെറിയ തോതില്‍ ബല പ്രയോഗം നടത്തിയതെന്ന് വ്യക്തം.

കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സ പ്പെടുത്തുന്നത് രാജ്യ ദ്രോഹമാണ്. സാമൂഹ്യ ദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്കൈ യെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തു നിന്നു മാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്ത്തി യാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്ട്ടു ചെയ്തിട്ടുണ്ട്.

സര്‍വേ തുടങ്ങണം. വ്യവസായ പാര്ക്ക് വരണം. പൊലീസിനെ നിര്‍വീര്യ മാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോണ്ഗ്രസും ഇത്തരം വികസന വിരുദ്ധ പ്രവര്ത്ത നങ്ങള്ക്ക് പിന്തുണ നല്കുന്നത് അവര്ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചു കൂടാ. തീവ്രവാദികളെ മാത്രമല്ല അവരെ സഹായി ക്കുന്നവരേയും കേരള ജനത വെച്ചു പൊറുപ്പിക്കില്ല.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

5 അഭിപ്രായങ്ങള്‍ »

യൂസേഴ്‌സ് ഫീ – ഗള്‍ഫ് മലയാളികള്‍ ശക്തമായി ചെറുക്കണം

May 11th, 2010

trivandrum-airportതിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണു ഗള്‍ഫ് മലയാളികള്‍ കേട്ടത്. അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി വിദേശത്തു പോകുകയും വിദേശത്തു നിന്ന് വരുകയും ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 775 രൂപ വീതം ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അഭ്യന്തര യാത്രക്കാര്‍ക്ക് ഫിസില്ല.

സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ് യുസേഴ്സ് ഫീ കൊണ്ടു വരുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ടാണു കോഴിക്കോട്ടെയും നെടുമ്പശ്ശേരിയിലെയും യുസേഴ്സ് ഫീ എടുത്ത് കളഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഒന്നടങ്കം രംഗത്ത് വരണം‍.

gulf-workers

സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ഗള്‍ഫ്‌ മലയാളികള്‍

തിരുനന്തപുരത്തെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യ ത്തിലാകുമെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടിരൂപ ചെലവു വരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ഇന്ത്യാ മഹാരാജ്യത്ത് കോടി ക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും ധൂര്‍ത്തുമാണു ദിവസവും നടക്കുന്നത്. എന്നിട്ടാണു ലക്ഷ ക്കണക്കിന് പാവപ്പെട്ട മലയാളികള്‍ ഉപജീവനത്തിന് ജോലി തേടി പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാന ത്താവളത്തില്‍ യുസേഴ്സ് ഫീ ഏര്‍പ്പെടുത്തി അവരുടെ കഞ്ഞി കുടി മുട്ടിക്കാന്‍ ശ്രമിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ മുന്നോട്ട് വരണം.

ഗള്‍ഫ് മലയാളികളുടെ 35 – 40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്. ഇതൊക്കെ മറന്ന്, രാജ്യത്തിന്റെ സാമൂഹ്യ – സാമ്പത്തിക പുരോഗതിക്കും സ്വന്തം കുടുംബം അല്ലലില്ലാതെ കഴിയുന്നതിനും പൊരി വെയിലത്തും അതി ശൈത്യത്തിലും മറ്റ് പ്രതികൂല കാലാവസ്ഥയിലും വളരെ പ്രയാസപ്പെട്ട് പണിയെടുക്കുന്നവരെ പിഴിഞ്ഞ് പണം സമ്പാദിച്ച്, എയര്‍പോര്‍ട്ടിന് പുതിയ ടെര്‍മിനല്‍ ഉണ്ടാക്കിയ പണം വസൂലാക്കാമെന്ന ആശയം ഏത് തല തിരിഞ്ഞ ഭരണാധികാരിയുടെ തലയില്‍ ഉദിച്ചതായാലും, അത് അംഗികരിച്ച് കൊടുക്കാന്‍ തയ്യാറാകില്ലായെന്ന് ഗള്‍ഫ് മലയാളികളും അവരുടെ കുടുംബങ്ങളും ഒന്നടങ്കം പ്രഖ്യാപിക്കണം.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധുരം നഷ്ടപ്പെടുന്ന പതിനേഴ്‌

April 18th, 2010

nh-17-agitationവികസനത്തിന്റെ പാത എന്നൊക്കെ ഇത്ര നാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരിക മായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യ മാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസന സങ്കല്‍പ്പത്തെ എതിര്‍ത്തു തോല്‍പ്പിച്ച കേരളത്തിനു മേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിനാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യ ജീവിതത്തെ ഭംഗപ്പെടുത്തു ന്നില്ലെന്നത്‌ ദാരുണമാണ്‌.
 
NH-17 ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 40 വര്‍ഷത്തെ പഴക്കമുണ്ട്‌. 1966ലാണ്‌ ഇതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീര ദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാര ങ്ങള്‍ക്കു ശേഷം ഇന്ന്‌, പതിനാലു ലക്ഷത്തോളം ആളുകളുടെ ജീവിത സമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നു പോകാന്‍ തയ്യാറാകുന്നത്‌.
 
നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയ പാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതു സ്വത്തായി ഇത്ര കാലം നിലനിന്നിരുന്ന ഒരു സഞ്ചാര പഥത്തെയും, അതിനോട്‌ ചേര്‍ന്നു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ ത്തന്നെയും സ്വകാര്യ മൂലധന ക്കാര്‍ക്ക്‌ വിറ്റു തുലക്കുക എന്നതിനു പുറമെ, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ ത്തിന്മേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതി കമായ വിനാശത്തിന്റെയും, പൗരാവകാശ ധ്വംസനത്തിന്റെ യുമൊക്കെ അജണ്ടകളാണ്‌, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയ പാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.
 
1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധന ശക്തികള്‍ക്കു വേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കി വരുന്ന അസംബന്ധ നാടകത്തിന്റെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരു പക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേന യെന്നോണം നടക്കുകയും നടപ്പാക്കി ക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കാനും സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമ നിര്‍മ്മാണ സഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തു ചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടു നാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകു മായിരുന്നു നമുക്ക്‌. രണ്ടരേസ്റ്റു ഭൂമിക്ക്‌ ഒന്നേ മുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവു മാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചു വിറ്റും അതിനെ ഭൂ മാഫിയ കളുടെ കൈകളിലേക്ക്‌ പറിച്ചു നട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌ ആവശ്യ മായിരുന്നു എന്നു പോലും നമുക്ക്‌ സമാധാനി ക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞി ല്ലെങ്കിലും.
 
എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമന പ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേ ക്കാളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്ക പ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണ വര്‍ഗ്ഗം നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജന സംഖ്യയുടെ അഞ്ചു ശതമാനം വരുന്ന ആളുകളെ തെരുവിലേ ക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടു തെളിച്ചു നില്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരും. NH-17 ന്റെ ആദ്യ ഘട്ടമായ ഇടപ്പള്ളി – കുറ്റിപ്പുറം ബി. ഒ. ടി. നാലു വരിപ്പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, കുറ്റിപ്പുറം – കണ്ണൂര്‍, കണ്ണൂര്‍ – കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തു വന്നിരിക്കുന്നു. ദേശീയ പാതകളുടെ വികസന ത്തിനു ശേഷം സംസ്ഥാന പാതകളെയും ജില്ലാ പാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭന മായിരിക്കു മെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്ര തന്നെ തീര്‍ച്ച യാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.
 
രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തയ്ക്കാ യാലും, വ്യക്തി താത്‌പര്യ ങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പ മൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൗരന്മാരുടെ ജീവിത വികാസവുമായി ബന്ധപ്പെട്ടു വേണം ഏതൊരു രാജ്യത്തിന്റെയും വികസന വണ്ടികള്‍ സഞ്ചരിക്കാന്‍. ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണ ക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധ പരിശീല നത്തിനും വേണ്ടി, വര്‍ഷത്തില്‍ ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിര ക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കു വേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചു നേരത്തേ ക്കെങ്കിലും മാറ്റി പ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൗമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.
 
NH-17ലേക്ക്‌ തിരിച്ചു വരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നു വേണ്ടി റോഡു ‘വികസനം’ നടക്കാന്‍ പോകുന്നത്‌. ഇരുപതി നായിര ത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. ഇടപ്പള്ളി – കുറ്റിപ്പുറം ഭാഗത്തു മാത്രം 111 കിലോമീറ്ററില്‍ പാത വികസി പ്പിക്കുമ്പോള്‍ 34,155 കുടുംബ ങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നു വേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാ പഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെ ക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി – കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയ പാതാ അധിനിവേശം കൊണ്ട്‌ വഴിയാധാര മാകാന്‍ പോകുന്നത്‌ അഞ്ചു ലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319 കിലോ മീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജന സാന്ദ്രത കൂടിയ ഭാഗത്തു കൂടിയാണ്‌.
 
ആസന്നമായ ഒരു വലിയ കുടിയൊഴി പ്പിക്കലിന്റെ വക്കത്താണ്‌ കേരളത്തിന്റെ ജന സംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യ ഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞു മലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവ ലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമ ഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌. പി. പി. പി, ബി. ഒ. ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെ ത്തുന്നത്‌ നവ ലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ലാസകള്‍ക്കു മുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയ പ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മറുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ. ഡി. പി. (Internally Displaced People) എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടു നിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയ പാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. അന്നു നമുക്കു വേണ്ടി ശബ്ദിക്കാനും ആരും ബാക്കി യായില്ലെന്നും വരും.
 
ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവ ത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈ ക്കൊണ്ടിരുന്നത്‌. ഉള്ളില്‍ സ്വത്വ – ജാതി – മത – സാമുദായിക രാഷ്ട്രീയം കൊണ്ടു നടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയ ത്തിനെതിരെ യായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയ പാതാ കൈയ്യേറ്റ ത്തിന്റെ ഇരകളായി മാറി ക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധി ച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടു ന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ട പരിഹാരത്തിന്റെ കണക്കാണെങ്കില്‍ ഇതിനേക്കാളൊക്കെ വലിയൊരു ക്രൂര ഫലിതമാണ്‌. 1956-ലെ ഭൂമി വിലയുടെ അടിസ്ഥാന ത്തിലാണ്‌ അത്‌ കണക്കാക്കി യിരിക്കുന്നത്‌. അതില്‍ നീന്നു തന്നെ 11% ആദായ നികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ട പരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി. ഒ. ടി. നടപ്പാക്കുന്ന സംരംഭ കനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!
 
ഇത്തരം നഗ്നമായ പൊതു മുതല്‍ കയ്യേറ്റത്തിനും, ഭീമമായ കുടിയൊഴി പ്പിക്കലിനു മെതിരെ ഇനിയും കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതു പക്ഷ വ്യതിയാന ങ്ങളിലൂടെ കടന്നു പോകുമ്പോഴും, ജനോപകാര പ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കു കയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തി ലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതു പോലെ പൊതു മുതലായി നില നിര്‍ത്താനാ യിരിക്കണം സര്‍ക്കാര്‍ അടിയന്തിര മായി ശ്രദ്ധിക്കേണ്ടത്‌.
വികസനാവ ശ്യത്തിനായി വസ്തു വകകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ന്യായമായ നഷ്ട പരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ – കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാ പാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജല ഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമ പ്രധാനമാണ്‌.
 
1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തി ക്കുന്നുണ്ട്‌. കക്ഷി രാഷ്ട്രീയ ത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശിക വുമായ രാഷ്ട്രീയ – സാമൂഹിക ചെറുത്തു നില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത താണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതി ക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പ മാണെങ്കിലും അത്തരം ചെറുത്തു നില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധി പത്യത്തിന്റെയും സാമൂഹ്യ നീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.
 
കേരള ജനകീയ പ്രതിരോധ സമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ എന്‍. എച്ച്‌. ഐക്യ ദാര്‍ഢ്യ സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു. എ. ഇ. യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി. വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധി കാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ മറ്റ്‌ ആറു പ്രവിശ്യ കളിലേക്കും വ്യാപിപ്പി ക്കുന്നതിനും, ദേശീയ പാതാ വികസനത്തിന്റെ ഇരകളാകുന്ന പ്രവാസി കള്‍ക്കു വേണ്ടി നിരന്തരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.
 
ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒന്നല്ല. പ്രവാസികളും അല്ലാത്തവരുമായ, സാമൂഹ്യ നീതി നിഷേധി ക്കപ്പെടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതു തന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.
 
രാജീവ്‌ ചേലനാട്ട്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സഃ ഇമ്പിച്ചി ബാവ – ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്

April 11th, 2010

imbichi-bavaഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
 
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ – ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
 
ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
 
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു.
 
നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍‌വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
 
നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു.
 
തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ… അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല…
 
നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും… ലാല്‍ സലാം സഖാവെ…
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാക്കോബായ സുറിയാനി സഭക്ക്‌ റോമില്‍ പുതിയ ദേവാലയം

April 10th, 2010

fr-prince-mannathoorഇറ്റലിയുടെ തലസ്ഥാനമായ റോമാ നഗരത്തില്‍ യാക്കോബായ സുറിയാനി സഭയ്ക്ക് ഒരു പുതിയ ദേവാലയത്തിന് തുടക്കമായി. 2007ല്‍ റെവ. ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍ ആരംഭിച്ച സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പ്രെയര്‍ ഫെല്ലോഷിപ്പ് ഇടവകയായി ഉയര്‍ത്തുകയാണ് ഉണ്ടായത്. 23ഓളം അംഗങ്ങള്‍ ഉള്ള പ്രസ്തുത ദേവാലയത്തില്‍ എല്ലാ മാസവും വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ യോഗങ്ങളും നടത്തും.
 

jacobite-syrian-church-rome

 
റെവ. ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍ (വികാരി & പ്രസിഡണ്ട്), റെവ. ഡി. അജി ജോര്‍ജ്ജ് കോട്ടയം (വൈസ്‌ പ്രസിഡണ്ട്), ബിജു പുളിയാനിയില്‍ (സെക്രട്ടറി), മധു പി. ചാക്കോ (ട്രസ്റ്റി), ജേക്കബ്‌ ഓലിക്കല്‍ (ജോയന്റ് സെക്രട്ടറി), ജോയ്‌ പറമ്പില്‍ (യൂത്ത്‌ സെക്രട്ടറി), ജോയ്‌ ടി. പി., സന്ദീപ്‌ സൈമണ്‍, ജോണി ഓളിക്കല്‍, തോമസ്‌ ടി. പി., ബാബു കെ., തോമസ്‌ ചന്ദന പറമ്പില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
 
ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വാസ്തുവും, ലക്ഷണവും പിന്നെ ചില ജ്യോതിഷ ശാസ്ത്രജ്ഞരും

April 8th, 2010

cowrie-astrologyറോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനും, നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിനും ഇടക്കുള്ള പശ്ചിമ യൂറോപ്പിന്റെ മത – സാംസ്കാരിക – സാമ്പത്തിക അവസ്ഥയെ സൂചിപ്പിക്കാന്‍ “ഇരുണ്ട യുഗം” എന്ന പദം പലപ്പോഴും ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. ദുരാചാരങ്ങളും, അന്ധ വിശ്വാസങ്ങളും ഒരു ജനതയുടെ ദൈനം ദിന ജീവിതവുമായി കെട്ടു പിണഞ്ഞു കിടന്ന ഈ കാലഘട്ടം യൂറോപ്പ് നീന്തി ക്കയറിയതിനു പ്രധാന പങ്കു വഹിച്ച ഒരു ഘടകം, ആധുനിക ശാസ്ത്രത്തിന്റെ വികാസം കൂടിയായിരുന്നു. രൂഢ മൂലമായ അന്ധ വിശ്വാസങ്ങളെ സാമാന്യ യുക്തി കൊണ്ടു അതിജീവിക്കാന്‍ സയന്‍സിന്റെ വികാസം അവരെ പ്രാപ്തരാക്കി. അവിടെ നിന്നിങ്ങോട്ട്, സ്വാഭാവികമായ കണ്ടുപിടി ത്തങ്ങളിലൂടെയും മനുഷ്യ സമൂഹത്തിന്റെ ആവശ്യത്തി നനുസരിച്ചുള്ള നിര്‍മ്മിതി കളിലൂടെയും ശാസ്ത്രം ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ച് പോന്നിട്ടുണ്ട്.
 
സമൂഹത്തിന്റെ നാനാ തുറകളിലുള്ള ദ്രുത വികസനത്തിന്‌ ശാസ്ത്രം അതിന്റേതായ സംഭാവനകള്‍ നല്‍കി ക്കൊണ്ടിരി ക്കുമ്പോഴും, ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് നാളെ എന്തു സംഭവിക്കും – അല്ലെങ്കില്‍ “ഞാന്‍” എന്ന സ്വത്വം എങ്ങിനെയാണ്‌ സമൂഹത്തില്‍ പ്രാധാന്യം നേടുക എന്ന് അന്വേഷി ച്ചറിയാനുള്ള ഒരു ത്വര മനുഷ്യ സഹജമായി ഏതൊരു വ്യക്തിക്കുള്ളിലും ഉറങ്ങി ക്കിടപ്പുണ്ടാവും. ആധുനിക ശാസ്ത്രം നല്‍കുന്ന യുക്തിയുടെ വെളിച്ചത്തില്‍, വലിയ പ്രാധാന്യമൊന്നും അര്‍ഹിക്കാത്ത ഈ ഘടക ത്തെയാണ്‌ “ജ്യോതിഷം” എന്ന് പൊതുവേയും നാഡീ ശാസ്ത്രം, ഹസ്ത രേഖ, മഷി നോട്ടം, മുഖ ലക്ഷണം തുടങ്ങി പരശതം ഉപ ഘടകങ്ങളായും തിരിച്ചിട്ടുള്ള ഭാവി പ്രവചനം പലപ്പോഴും സ്വാധീനിക്കുന്നത്. കഴിഞ്ഞ അഞ്ചു ദശകങ്ങ ള്‍ക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ് നമ്മുടെ സാമാന്യ ജനതക്ക് നല്‍കിയ ശാസ്ത്രത്തിന്റെ വെളിച്ചം, ഈ ശാഖയെ സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരകമാവുമോ എന്ന് ഇതിന്റെ ഗുണഭോക്താ ക്കള്‍ക്ക് ആശങ്ക തോന്നിയത് സ്വാഭാവികം. അതു കൊണ്ടു തന്നെ, ജ്യോതിഷത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ടത് ഇക്കൂട്ടരുടെ പരമമായ ആവശ്യമായി മാറി. ആധുനിക ശാസ്ത്രം വെച്ചുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ട് ഇത് അസംഭവ്യമാണ്‌ എന്ന ബോധത്തില്‍ നിന്നായിരിക്കണം ഇവര്‍ ജ്യോതിഷത്തെ ആര്‍ഷ ഭാരത സംസ്കാരവുമായും, അന്ന് കൈവരിച്ചിരുന്ന ജ്യോതി ശാസ്ത്രത്തിലുള്ള പുരോഗതിയുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. വിദ്യാ സമ്പന്നരും, സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമായ ആള്‍ക്കാര്‍ പോലും ഇതിനായി ഇറങ്ങി പുറപ്പെടുന്നു എന്നതാണ്‌ ഇതിനെ കൂടുതല്‍ ഗുരുതരമായ ഒരു കാര്യമാക്കി മാറ്റുന്നത്.
 
ജ്യോതിഷിക്ക് നിരുപദ്രവ കരമായ ഒരു തൊഴിലും, ജാതകന് മനസമാധാനവും എന്ന നിലയില്‍ കണ്ടാല്‍ പോരേ ജ്യോതിഷത്തെ എന്ന് ചോദിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ അതിലൊക്കെ ഉപരി ഇത് സൃഷ്ടിക്കുന്ന ദുഷ്പ്രവണതകള്‍ കാണാതിരുന്നു കൂടാ. ചൊവ്വാ ദോഷം, സര്‍പ്പ കോപം, വാസ്തു തുടങ്ങി പല രീതിയിലും ഇത് വ്യക്തി – സമൂഹ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അതിനു പുറമേയാണ്‌ ആര്‍ഷ ഭാരത സംസ്കാരത്തില്‍ ശാസ്ത്രത്തിന്റെ വേരുകള്‍ ചികയുന്നവര്‍ കുഴിച്ചെടുക്കുന്ന ഉപോത്‌പന്നങ്ങളുടെ അപകടം. ജാതീയത, കപട ദേശീയത, ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനം തുടങ്ങി ഇതില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ ഏറെയാണ്‌.
 
ജ്യോതിഷത്തിന്‌ ആധുനിക ശാസ്ത്രവുമായുള്ള ബന്ധം, ആര്‍ഷ ഭാരത കാലത്ത് കൈവരിച്ചിരുന്ന നേട്ടങ്ങളുടെ തന്നെ വെളിച്ചത്തില്‍ ജ്യോതിഷ സംബന്ധിയായ കാര്യങ്ങളുടെ ഒരു അവലോകനം, ഇതിന്റെ പ്രചാരകര്‍ തെറ്റിദ്ധരിപ്പിക്കാന്‍ സ്വീകരിക്കുന്ന വഴികളുടെ അനാവരണം, ഒരു സാമാന്യ ശാസ്ത്രം എന്ന നിലയില്‍ തന്നെ ജ്യോതിഷത്തിന്റെ നിലനില്‍പ്പിലുള്ള പ്രസക്തി എന്നീ കാര്യങ്ങളിലൊക്കെ അതി വിശദമായ ഒരു അന്വേഷണം നടത്തുകയാണ്‌ ബ്ലോഗര്‍മാരായ ഉമേഷും, സൂരജും. ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
 
ഉമേഷ്‌ : സര്‍‌വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍
സൂരജ്‌ : ഗോപാലകൃഷ്ണന്റെ ജ്യോതിഷ കസര്‍ത്തുകള്‍
 
പ്രസീത്‌
 
 


Saffronizing Science by “Scientific” Ratification of Superstitions?


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 1745610»|

« Previous Page« Previous « സഖാവ്‌ കനു സന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
Next »Next Page » യാക്കോബായ സുറിയാനി സഭക്ക്‌ റോമില്‍ പുതിയ ദേവാലയം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine