ബാംഗ്ലൂര്‍ : അതിര്‍ത്തിയില്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷണം നടത്തുവാനായി ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ പൈലറ്റ് രഹിത വിമാനങ്ങള്‍ കൂടി വാങ്ങും. അതിര്‍ത്തിയില്‍ ഇത്തരം വിമാനങ്ങള്‍ക്ക് ചില സവിശേഷമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും എന്നും അതിനാല്‍ ഇത്തരം വിമാനങ്ങള്‍ കൂടുതലായു ഉപയോഗിക്കണം എന്നുമാണ് തങ്ങളുടെ തീരുമാനം എന്ന് എയര്‍ മാര്‍ഷല്‍ ധീരജ് കുക്രേജ അറിയിച്ചു.
പൈലറ്റ് ഇല്ലാതെയല്ല ഈ വിമാനങ്ങള്‍ പറക്കുന്നത് എന്നും ദൂരെയുള്ള നിയന്ത്രണ കേന്ദ്രത്തില്‍ നിന്നും ഒരു പൈലറ്റ് തന്നെയാണ് ഇത്തരം വിമാനങ്ങളെ നിയന്ത്രിക്കുന്നത് എന്നും അതിനാല്‍ ഇത്തരം ഡ്രോണുകളെ പൈലറ്റ് രഹിത വിമാനങ്ങള്‍ എന്ന് വിളിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.