ജോധ്പൂര്‍: ജോധ്പൂര്‍ ഉമൈദ് ഹോസ്പിറ്റലില്‍ അധികൃതരുടെ അനാസ്ഥ മൂലം അണുബാധയുള്ള ഐ.വി.ഡ്രിപ്പ് കുത്തിവച്ചതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയില്‍ ഈ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച സ്ത്രീകള്‍ക്കാണ്, ഏവരെയും ഞെട്ടിച്ച ഈ ദുര്‍വിധി നേരിട്ടത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ അണുബാധയുള്ള ഐ.വി.ഡ്രിപ്പ് കുത്തിവച്ചതാണ് മരണ കാരണം എന്ന് തെളിവായി എന്ന് ഹോസ്പിടല്‍ അധികാരി ഡോക്ടര്‍ നരേന്ദ്ര ചന്ഗാനി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇങ്ങനെ ഒരു ദുരന്തത്തിന് വഴി തെളിച്ചവര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അറിയിച്ചു.
ഇതേസമയം ഹോസ്പിറ്റലിലെ ഓപറേഷന്‍ തിയറ്ററില്‍ അണുബാധ ഉണ്ടെന്നു വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികളെ ബാധിക്കുന്ന ഒരുതരം ബാക്ടീരിയയായ ‘സൂപ്പര്‍ ബഗ് ‘ ഇവിടെ കടന്നു കൂടിയിട്ടുണ്ടാവാം എന്നും ഇവര്‍ അഭിപ്പ്രായപ്പെടുന്നു.
തല്ക്കാലം ഇവിടുത്തെ 5 ഓപറേഷന്‍ തിയറ്ററുകളില്‍ 4 എണ്ണം അടച്ചു. വിദഗ്ദ്ധ സമിതി ഓപറേഷന്‍ തിയറ്ററുകളില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നു.