ന്യൂഡല്‍ഹി : ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുള്ള 2 വിമാനങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ആദ്യത്തെ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയത്. 700ഓളം ഇന്ത്യക്കാരാണ് രണ്ടു വിമാനങ്ങളിലായി ലിബിയയില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ച് എത്തുന്നത്. ഈ വിമാനങ്ങളില്‍ രണ്ടിലും കൂടി നൂറോളം മലയാളികള്‍ ഉണ്ട്. മലയാളികള്‍ക്ക് വേണ്ടിയുള്ള സൌജന്യ താമസ സൌകര്യവും ഭക്ഷണവും കേരള ഹൌസില്‍ ഒരുക്കി. ഇവരെ വിമാന മാര്‍ഗം നാട്ടിലേക്കു എത്തിക്കും.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ലിബിയയിലെ അന്താരാഷ്ട്ര വിമാന താവളം അടച്ചു. കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ബെംഗാസിയിലേക്ക് നാവികസേനയുടെ കപ്പലുകളായ ഐ.എന്‍.എസ്. ജലാശ്വ, ഐ.എന്‍.എസ്. മൈസൂര്‍ എന്നിവ തിരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെ കപ്പല്‍മാര്‍ഗ്ഗം അലക്‌സാന്‍ഡ്രിയയില്‍ എത്തിച്ച് അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഇതുവരെ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലിബിയയ്ക് എതിരെ ഐക്യ രാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.