ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ മൂലം മരണമ ടഞ്ഞവരുടെ എണ്ണം 140 ആയി. ഏറ്റവും അധികം ആളുകള്‍ മരിച്ചത് റായ്‌ഗഡയിലാണ്. ഇവിടെ 35 പേരാണ് കോളറയ്ക്ക് കീഴടങ്ങിയത്. കോളറ നേരിടാന്‍ 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വൈദ്യ ചികില്‍സാ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രോഗ ബാധിത പ്രദേശത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ നവീനമായ ഒരു ആശയം അധികൃതര്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരുന്ന ആള്‍ക്ക് 100 രൂപ പ്രതിഫലം എന്ന വാഗ്ദാനമാണ് പകര്‍ച്ച വ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒറീസ്സയിലെ ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോള്‍ 12000 ഡോക്ടര്‍മാര്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ കേവലം 3000 ഡോക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
ഗോത്ര വര്‍ഗ വോട്ട് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദളും സംസ്ഥാനത്ത് വമ്പിച്ച റാലികള്‍ നടത്തിയത്. 140 പേരുടെ മരണത്തിന് ഇടയാക്കിയ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട് നാളിത്രയായിട്ടും ഈ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
തങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത് കൊണ്ട് പുഴകളിലെയും കുളങ്ങളിലെയും മലിന ജലമാണ് തങ്ങള്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം എന്നാണ് ഇവിടത്തെ ജനം പറയുന്നത്.