
ന്യൂഡല്‍ഹി : വിലക്കയറ്റം മൂലം ജനം ദുരിതം അനുഭവിക്കുന്ന വേളയില്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുന്‍പ് ചര്‍ച്ച മാറ്റി വെച്ച ലോക് സഭയില്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ എം. പി. മാരുടെ ശമ്പളം 300 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കി. ശമ്പളം മാത്രമല്ല മറ്റ് നിരവധി ആനുകൂല്യങ്ങളും ഇരട്ടിയാക്കിയിട്ടുണ്ട്.
നിലവിലെ എം.പി. മാരുടെ അടിസ്ഥാന ശമ്പളമായ 16,000 രൂപ 50,000 രൂപയാവും. അംഗങ്ങളുടെ ഓഫീസ് അലവന്‍സ് നിലവിലെ 20,000 ത്തില്‍ നിന്നും പ്രതിമാസം 40,000 ആയി ഉയര്‍ത്തി. നിയോജക മണ്ഡല അലവന്‍സും പ്രതിമാസം 20,000ത്തില്‍ നിന്നും 40,000 ആക്കി ഉയര്‍ത്തി. സ്വകാര്യ വാഹനം വാങ്ങുവാനായി ലഭിക്കുന്ന പലിശ രഹിത വായ്പാ തുക 1 ലക്ഷത്തില്‍ നിന്നും 4 ലക്ഷമായി ഉയര്‍ത്തി. എം.പി. മാരുടെ വാഹനത്തിനു ലഭിക്കുന്ന റോഡ് മൈലേജ് നിരക്ക് നിലവിലെ 13 രൂപയില്‍ നിന്നും കിലോമീറ്ററിനു 16 രൂപയാക്കി. പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യക്കോ ഭര്‍ത്താവിനോ ഇനി മുതല്‍ എത്ര തവണ വേണമെങ്കിലും ഫസ്റ്റ് ക്ലാസ്സിലോ എക്സിക്യൂട്ടിവ് ക്ലാസ്സിലോ യാത്ര ചെയ്യാനാവും. ഇതിനു പുറമേ അംഗങ്ങളുടെ പെന്‍ഷന്‍ നിലവിലെ 8,000 രൂപയില്‍ നിന്നും 20,000 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
ഇതെല്ലാം ആയിട്ടും തങ്ങള്‍ നേരെത്തെ ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ അധികമാക്കി തങ്ങളുടെ ശമ്പളം 80,001 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് യാദവും (രാഷ്ട്രീയ ജനതാ ദള്‍), ശരദ് യാദവും (ജനതാ ദള്‍ യുനൈറ്റഡ്) ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്ന് സഭാ നടപടികള്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നു.



മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി നിഫ്റ്റി 5500 പോയന്റ് മറി കടന്നു. ബി. എസ്. ഇ. സെന്‍സെക്സ് 18,435 പോയന്റിലും എത്തി. സെന്‍സെക്സിലെ നാലു ഓഹരികള്‍ ഒഴികെ ബാക്കി ഇരുപത്താറ് ഓഹരികളും മുന്നേറ്റം കാഴ്ച വെച്ചു. എച്ച്. ഡി. എഫ്. സി., ഐ. സി. ഐ. സി. ഐ. ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, റിലയന്‍സ് തുടങ്ങിയവ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോഴ്സും, ഓ. എന്‍. ജി. സി. യുടേയും ഓഹരി വിലയില്‍ അല്പം ഇടിവുണ്ടായി. യു. ടി. വി. സോഫ്റ്റ് വെയര്‍, യെസ് ബാങ്ക്, എസ്. ബി. ടി. തുടങ്ങിയ ഷെയറുകളിലും ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായി.
ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ആരെയും വെറുതെ വിടില്ല എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത് വ്യക്തിപരമോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ വിജയമല്ല, രാഷ്ട്രത്തിന്റെ തന്നെ വിജയമാണ് എന്നതിനാലാണ് പ്രധാന മന്ത്രി തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്. രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണിത് എന്നും കോണ്ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം അഭിസംബോധന ചെയ്തു കൊണ്ട് സോണിയാ ഗാന്ധി പ്രസ്താവിച്ചു.


കൊല്ലം : ഒരാഴ്ചക്കാലമായി നീണ്ടു നിന്ന അനിശ്ചിതത്വ ത്തിനൊടുവില്‍ ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു. അന്‍വാര്‍ശ്ശേരി യില്‍ മഅദനി തങ്ങുന്ന സ്ഥാപനത്തില്‍ നിന്നും ഉച്ചയോടെ ഒരു വാഹനത്തില്‍ കയറി പുറത്ത് പോകുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ പോലീസ് സംഘം അറസ്റ്റ് വാറണ്ട് മദനിയ്ക്ക് കൈമാറി. കര്‍ണ്ണാടക – കേരള പോലീസ് സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ മഅദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമെന്നും, തുടര്‍ന്ന് വിമാന മാര്‍ഗ്ഗം കര്‍ണ്ണാടക യിലേയ്ക്കും കൊണ്ടു പോകും.
























