മംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.
വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ് ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ് പരപ്പ് സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ് ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്:
മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101
ദുബായ് എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829



മുംബൈ: ജനസംഖ്യയുടെ 60 ശതമാനം ചേരികളില്‍ വസിക്കുന്ന മുംബൈ മഹാ നഗരത്തില്‍ നഗര ശുചീകരണത്തിന്റെ പേരില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കുടിയൊഴിപ്പിക്കാന്‍ എത്തിയ പോലീസ് സംഘം ആളുകളെ മാറ്റിയതിനു ശേഷം ചേരി പ്രദേശം വളഞ്ഞു. ഇതിനിടയില്‍ പൊടുന്നനെ കുടിലുകള്‍ക്ക് തീ പിടിച്ചു സര്‍വ്വസ്വവും കത്തി നശിച്ചു. തങ്ങളുടെ വാസ സ്ഥലവും അതിനുള്ളിലെ സര്‍വ്വ വസ്തുക്കളും കത്തി നശിക്കുന്നത് നോക്കി വാവിട്ട് കരയുവാനേ സ്ഥല വാസികള്‍ക്ക് കഴിഞ്ഞുള്ളു. മുംബൈയിലെ മാന്‍ഖുര്ദ് എന്ന സ്ഥലത്തെ ചേരി നിവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മറാത്തിയും, ഉത്തര്‍ പ്രദേശുകാരനും, തെലുങ്കനും, തമിഴനും ജാതി മത ഭേദമില്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരു “ചെറു ഇന്ത്യ” യായിരുന്നു ഇവിടം.
41 പേര് കൊല്ലപ്പെടാന്‍ ഇടയായ ദന്തേവാഡ നക്സല്‍ ആക്രമണം ആദിവാസി കളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരിയും, ബുക്കര്‍ പുരസ്കാര ജേതാവുമായ അരുന്ധതി റോയ് അപലപിച്ചു. മാവോയിസ്റ്റുകള്‍ മനപൂര്‍വ്വം പൊതുജനത്തെ ആക്രമിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍, ഒരു തരത്തിലും ന്യായീകരിക്കാന്‍ ആവില്ല. എന്നാല്‍ ആക്രമണത്തിന് ഇരയായ ബസില്‍ സാധാരണ ജനം ഉണ്ടായി രുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ് എന്ന് ഇവര്‍ ചൂണ്ടി ക്കാണിക്കുന്നു. യുദ്ധ ഭൂമിയില്‍ സാധാരണ ജനം സഞ്ചരിക്കുന്ന ബസില്‍, സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും സഞ്ചരിക്കാന്‍ അനുവദിച്ചത് അക്ഷന്തവ്യമായ സുരക്ഷാ പാളിച്ചയാണ്.
ന്യൂഡല്‍ഹി : ഗോവയില്‍ ഖനനം നടത്താന്‍ വേദാന്ത കമ്പനിക്ക് പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുവാദം സര്‍ക്കാര്‍ തടഞ്ഞു. ഗോവയിലെ പിര്‍ണ, നദോറ എന്നീ ഗ്രാമങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പിര്‍ണ ഇരുമ്പ് ഖനന പദ്ധതിക്ക് ജൂണ്‍ 9നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയെ തദ്ദേശ വാസികള്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു എന്ന് പിര്‍ണ നരോദ നാഗരിക് കൃതി സമിതി എന്ന പ്രാദേശിക സംഘടന ദേശീയ പരിസ്ഥിതി അപ്പെല്ലെറ്റ് അധികൃതരെ (National Environment Appellate Authority – NEAA) ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഖനന അനുമതി നിഷേധിച്ച് കൊണ്ട് ഉത്തരവായത്. വിദഗ്ദ്ധ സമിതി പ്രദേശം സന്ദര്‍ശിച്ച് പ്രാദേശിക എതിര്‍പ്പിനുള്ള കാരണവും പദ്ധതി മൂലം ഉണ്ടാകാവുന്ന കൃഷി നാശം, ആരോഗ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി നഷ്ടങ്ങള്‍ എന്നിവ വിശദമായി പഠിക്കാനും എന്‍. ഇ. എ. എ. നിര്‍ദ്ദേശിച്ചു.
മുസ്ലിം സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് എതിരെ ദാറുല്‍ ഉലും ദേവബന്ദ് മത വിഭാഗം പുറപ്പെടുവിച്ച ഫത്വക്കെതിരെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ കവിയും, എഴുത്തുകാരനും, രാജ്യ സഭാ അംഗവുമായ ജാവേദ് അഖ്തറിന് വധ ഭീഷണി ലഭിച്ചു. ഈ മെയില്‍ സന്ദേശമായും ടെലിഫോണ്‍ വഴിയും തനിക്ക് ഭീഷണി ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
























