ബി.ജെ.പി. യും താനും കൂടി മാറി മാറി സംസ്ഥാനം ഭരിക്കും എന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ പ്രഖ്യാപിച്ചതോടെ ജാര്‍ഖണ്ഡില്‍ എന്‍. ഡി. എ. യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ബി. ജെ. പി. വെട്ടിലായി. ശേഷിക്കുന്ന നാലര വര്ഷം സംസ്ഥാനം ഭരിക്കാന്‍ എന്‍. ഡി. എ. യെ നയിക്കാന്‍ ബി. ജെ. പി. യെ പിന്തുണയ്ക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയന്‍ എന്നിവര്‍ സമ്മതിച്ചതായി ബി. ജെ. പി. നേതാവ് അനന്ത് കുമാര്‍ ദല്‍ഹിയില്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഷിബു സോറന്‍ തന്റെ അഭിപ്രായം അറിയിച്ചു എല്ലാവരെയും ഞെട്ടിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ രാജി വെയ്ക്കുമെന്നും അതിനു ശേഷം ബി. ജെ. പി. യും ജെ. എം. എമും മാറി മാറി സംസ്ഥാനം ഭരിക്കും എന്നുമാണ് ഇപ്പോള്‍ സോറന്‍ പറയുന്നത്.
ബി. ജെ. പി. ലോക്സഭയില്‍ അവതരിപ്പിച്ച ഖണ്ഡനോപക്ഷേപങ്ങള്‍ എതിര്‍ത്ത സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പി. ജെ. പി. കഴിഞ്ഞ മാസം 28ന് പിന്‍ വലിച്ചതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിലവില്‍ വന്നത്.
82 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് നിയമ സഭയില്‍ ജെ. എം. എമിനും ബി. ജെ. പി. ക്കും 18 സീറ്റ് വീതം ഉണ്ട്. എ. ജെ. എസ്. യു. വിനു അഞ്ചും.
14 സീറ്റ് കോണ്ഗ്രസിനും മറ്റ് പ്രധാന കക്ഷികള്‍ക്കെല്ലാം കൂടി 18 സീറ്റുമാണ് ഉള്ളത്. ബാക്കി ഉള്ള 9 സീറ്റുകള്‍ സ്വതന്ത്രരാണ്.



ന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.
ഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ പാക്കിസ്ഥാനി ഭീകരന്‍ അജ്മല്‍ ഖസബിന്റെ വിധി മെയ് ആറിന് പ്രഖ്യാപിക്കും. ഖസബ് മൃഗീയമായ ഒരു കൊലപാതക യന്ത്രത്തെ പോലെയാണ് പെരുമാറിയത് എന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഏറ്റവും കടുത്ത ശിക്ഷയായ വധ ശിക്ഷ തന്നെ ഖസബിനു നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ഗൂഡാലോചന, രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങളാണ് മൊഹമ്മദ് അജ്മല്‍ അമീര്‍ ഖസബ് എന്ന ഈ ഇരുപത്തിരണ്ടു കാരനെതിരെ കോടതിയില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 72 പേരുടെ മരണത്തിന് ഖസബ് നേരിട്ട് ഉത്തരവാദിയാണ്. മാരകമായ ഒരു യന്ത്രത്തെ പോലെ ഇയാള്‍ ആളുകളെ കൊള്ളുക മാത്രമല്ല കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പാക്കിസ്ഥാന് വേണ്ടി ചാര വൃത്തി നടത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇസ്‌ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കണ്ടറി സെക്രട്ടറി ആയി ജോലി ചെയ്തു വരികവെയാണ് ഒരു പാക്കിസ്ഥാനി ഇന്റലിജന്‍സ് ഏജന്റിനു രഹസ്യ വിവരങ്ങള്‍ കൈമാറുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് വകുപ്പ് കണ്ടെത്തിയത്. തന്റെ പരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഇവര്‍ അസാധാരണമായ താല്പര്യം കാണിച്ചതാണ് ഇവരെ കെണിയില്‍ പെടുത്തിയത്. ഈ കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ ഇന്റലിജന്‍സ് വകുപ്പ് ഇവരെ നിരീക്ഷിക്കുകയും ഇവര്‍ പാക്കിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു ഇസ്ലാമാബാദില്‍ നിന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
























