കൊലപാതകത്തില്‍ അഭിമാനം കണ്ടെത്തുന്നവര്‍

June 25th, 2010

couple-holding-handsന്യൂഡല്‍ഹി : “എന്നെ കൊന്നോളൂ, പക്ഷെ ഇദ്ദേഹത്തെ ഇങ്ങനെ മര്‍ദ്ദിക്കരുതേ… ” എന്ന നിലവിളി തൊട്ടടുത്ത വീട്ടില്‍ നിന്നും ഉയരുന്നത് ഡല്‍ഹി സ്വരൂപ്‌ നഗറിലെ പലരും കേട്ടതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആശ – യോഗേഷ്‌ ദമ്പതിമാരെ പോലീസ്‌ കൊല്ലപ്പെട്ട നിലയില്‍ ഇവിടെ നിന്നും കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ യോഗേഷ്‌ എന്ന് പറഞ്ഞു ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും ചേര്‍ന്നാണ് ഇവരെ തല്ലിക്കൊന്നത്. ഇരുവരുടെയും വായില്‍ പഴന്തുണി കുത്തിക്കയറ്റി വെച്ചിരുന്നു. ദേഹമാസകലം മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍. കാലില്‍ വൈദ്യുത ആഘാതം എല്‍പ്പിച്ചതിന്റെ പൊള്ളലുകള്‍. ഇനിയുമൊരു അവസരം ലഭിച്ചാല്‍ തങ്ങള്‍ വീണ്ടും ഇത് തന്നെ ചെയ്യുമെന്നാണ് ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും പോലീസിനോട് പറഞ്ഞത്.

സ്വന്തം മക്കളെ, സഹോദരിമാരെ വധിക്കുക, എന്നിട്ട് കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന് ന്യായീകരിക്കുക, ഇതെല്ലാം പുരാണ കഥയല്ല; ഇന്ന് ഇന്ത്യയില്‍ നടന്നു വരുന്ന ദുരാചാരമാണ്. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടത് സഹോദരി അന്യ ജാതിയില്‍ പെട്ട ഒരാളെ വിവാഹം ചെയ്തത് മൂലമാണ് എന്ന് കൂടി അറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ബോദ്ധ്യമാവും. വടക്ക് നിന്നും കിഴക്ക് നിന്നും വന്ന് കേരളത്തിലെ ജാതി വ്യവസ്ഥയെ നോക്കി ഭ്രാന്താലയം എന്ന് വിളിച്ചവര്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കേരളം ഇന്ന് അവിടെ നിന്നുമൊക്കെ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ജാതി വ്യവസ്ഥ പൂര്‍ണ്ണമായി കേരള സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം സഹോദരിമാരെയും സഹോദരിയുടെ ഭര്‍ത്താവിനെയും കൊല്ലാന്‍ സമ്മതം നല്‍കുന്ന കുടുംബത്തിലെ മുതിര്‍ന്നവരെയും, അതിനെ ഏകപക്ഷീയമായി അനുകൂലിക്കുന്ന ഗ്രാമ വാസികളെയും കേരളത്തില്‍ ഒരിടത്തും കാണുവാന്‍ ഇന്ന് കഴിയില്ല എന്ന് നമുക്ക്‌ അഭിമാനത്തോടെ തന്നെ അവകാശപ്പെടാം. ഇനി അഥവാ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ അത് നടപ്പിലാക്കാന്‍ കഴിയാത്തവണ്ണം രാഷ്ട്രീയമായ ജാഗ്രത കേരള ജനത നേടിയെടുത്തിട്ടുമുണ്ട്.

kuldeep-monica-honor-killing-epathram

സഹോദരന്മാരാല്‍ കൊല്ലപ്പെട്ട മോണിക്കയും കുല്‍ദീപും

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ ഇത്തരത്തില്‍ നടന്ന ഒരു കൂട്ടക്കൊല ഈ ദുരവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയുടെ ശ്രദ്ധ തിരിച്ചു വിടുകയുണ്ടായി. നാല് വര്ഷം മുന്‍പാണ് രജ്പുത് വംശജനായ കുല്ദീപിനെ ഗുജ്ജാര്‍ വംശജയായ മോണിക്ക വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ അശോക്‌ നഗറിലുള്ള വീട്ടില്‍ മോണിക്കയുടെ ശരീരം കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഭര്‍ത്താവ്‌ കുല്ദീപിന്റെ ജഡം പോലീസിനു ലഭിച്ചത് കാറിനുള്ളിലാണ്. ഇവരുടെ വിവാഹത്തിനു വേണ്ട സഹായവും പിന്തുണയും നല്‍കിയ മോണിക്കയുടെ സഹോദരി ശോഭയുടെ മൃതദേഹവും പോലീസിനു രണ്ടു ദിവസത്തിനകം ഇവരുടെ മറ്റൊരു ബന്ധുവിന്റെ കാറില്‍ നിന്നും ലഭിച്ചു.

delhi-honour-killers-epathram

മോണിക്കയെ വധിച്ച സഹോദരന്മാര്‍

മോണിക്കയേയും സഹോദരിയും ഭര്‍ത്താവിനെയും കൊന്ന ഇവരുടെ സഹോദരന്മാരായ അങ്കിത്, മന്ദീപ്‌‍, നകുല്‍ എന്നിവരെ പോലീസ്‌ പിടി കൂടി. ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ കൊല നടത്തിയത്‌ എന്നാണു ഇവരുടെ മൊഴി. മോണിക്ക അന്യ ജാതിയില്‍ പെട്ട ഒരാളുടെ കൂടെ ഒളിച്ചോടി പോയത് ഗ്രാമത്തിലെ മറ്റ് കുട്ടികളെ കൂടി വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇത്തരം ഒരു ശിക്ഷ നല്ലതാണ് എന്നുമാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

ഞായറാഴ്ച തന്നെ 22 കാരനായ പിങ്കുവിന്റെയും 20കാരിയായ മോണിക്കയുടെയും ശരീരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ തൊട്ടടുത്ത ഹരിയാനയില്‍ പോലീസ്‌ കണ്ടെത്തി. ഇവരുടെ കൊലപാതകത്തിനു മോണിക്കയുടെ അമ്മയടക്കം ആറു ബന്ധുക്കളെ പോലീസ്‌ പ്രതി ചേര്‍ത്തു കേസെടുത്തിട്ടുണ്ട്. പിങ്കുവിന്റെ ശരീരത്തില്‍ കൊടിയ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ്‌ വെളിപ്പെടുത്തി.

kamlesh-khushboo-honour-killing-epathram

കൊല്ലപ്പെട്ട കമലേഷ് ഖുശ്ബു ദമ്പതിമാര്‍

ജൂണ്‍ 17നു തൊട്ടടുത്ത പഞ്ചാബിലെ ഫഗ്‌വാരയില്‍ നിന്നും കമലേഷ് – ഖുശ്ബൂ ദമ്പതിമാരെ വധിക്കപ്പെട്ട നിലയില്‍ പോലീസ്‌ കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ കമലേഷ് എന്ന് പറഞ്ഞു ഖുശ്ബുവിന്റെ ബന്ധുക്കള്‍ ഇവരുടെ ബന്ധം അംഗീകരിച്ചിരുന്നില്ല.

ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക നിയമം വേണ്ടി വരുമോ എന്ന് ആരാഞ്ഞിരിക്കുകയാണ് സുപ്രീം കോടതി. ഇതിനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് കേന്ദ്രത്തോടും എട്ടു സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.

ഈ വിഷയത്തില്‍ ഒരു ദേശീയ സമീപനം ആവശ്യമാണ്‌ എന്ന് കഴിഞ്ഞ ദിവസം കോണ്ഗ്രസും വ്യക്തമാക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങളും കൊലപാതകവും വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തലസ്ഥാനത്ത്‌ ഒരു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ വേണ്ട വണ്ണം ഇടപെടുന്നില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ചില സാമൂഹ്യ സേവന സംഘടനകള്‍ ഒരു ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

സമൂഹം തന്നെ ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഭീതിദമാണ്. ഇതിനെതിരെ എന്തു ചെയ്യാനാവും എന്നാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

വിജയ് മല്യയും പാസ്വാനും രാജ്യസഭ യിലേക്ക്

June 18th, 2010

ന്യൂഡല്‍ഹി : ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും, മദ്യ രാജാവ് വിജയ് മല്യയും ബി. ജെ. പി. വക്താവ് രജീവ് പ്രതാപ് റൂഡിയും രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാസ്വാനും, റൂഡിയും ബീഹാറില്‍ നിന്നും വിജയ് മല്യ കര്‍ണ്ണാടകത്തില്‍ നിന്നും ആണ് വിജയിച്ചത്. ജനതാദള്‍ ദേവ ഗൌഡ വിഭാഗത്തിന്റെയും
ബി. ജെ. പി. യുടേയും പിന്തുണ ലഭിച്ച മല്യ, സ്വതന്ത്രനായി തന്നെ തന്റെ  വിജയം ഉറപ്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി നിത്യവും ആനന്ദം – വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യം

June 15th, 2010

swami-nityananda-poojaബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ്‌ പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ്‌ പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ്‌ സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.

ആശ്രമത്തില്‍ യാതൊരു വിധ ആത്മീയ പഠന ക്ലാസുകളും നടത്തരുത് എന്ന് കോടതി നിത്യാനന്ദയെ വിലക്കിയിട്ടുണ്ട്. വേണമെങ്കില്‍ യോഗാ ക്ലാസ്‌ മാത്രം എടുക്കാം. എന്നിരുന്നാലും തങ്ങളുടെ സ്വാമി തിരിച്ചു ആശ്രമത്തില്‍ വന്നതില്‍ ഏറെ ആനന്ദത്തിലാണ് “ശിഷ്യ” ഗണങ്ങള്‍ എന്നാണ് ആശ്രമത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധിയുടെ പങ്ക് – കോണ്ഗ്രസ് കുഴയുന്നു

June 14th, 2010

rajiv-gandhiന്യൂഡല്‍ഹി : ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് അമേരിക്കയില്‍ കഴിയുന്ന ഭോപ്പാല്‍ ദുരന്ത കേസിലെ മുഖ്യ പ്രതി വാറന്‍ ആന്‍ഡേഴ്‌സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയായ സാഹചര്യത്തില്‍ അന്തരിച്ച മുന്‍ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയ്ക്കുള്ള പങ്കിനെ പറ്റിയുള്ള ചര്‍ച്ച കോണ്ഗ്രസിനെ കുഴക്കുന്നു. ആന്‍ഡേഴ്‌സനെ ഇന്ത്യ വിടാന്‍ അനുവദിച്ചത് തങ്ങളാണെന്ന് കോണ്ഗ്രസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം എടുത്തത്‌ മധ്യ പ്രദേശ്‌ മുഖ്യ മന്ത്രി ആയിരുന്ന അര്‍ജുന്‍ സിംഗ് ആണെന്നും ക്രമസമാധാന നില വഷളായതിനെ തുടര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാതെ നിര്‍വാഹമില്ലായിരുന്നു എന്നുമാണ് കോണ്ഗ്രസ് വിശദീകരിച്ചത്.

എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ക്രമസമാധാനനില മുന്‍നിര്‍ത്തി ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ നിന്നും മാറ്റേണ്ടത് ആവശ്യമാണ്‌ എന്ന് അംഗീകരിച്ചാല്‍ തന്നെ ഇയാളെ എന്തിനു ഇന്ത്യയില്‍ നിന്നും വെളിയിലേയ്ക്ക് പോകാന്‍ അനുവദിച്ചു? വിദേശകാര്യ വകുപ്പിന്റെയും കേന്ദ്രത്തിന്റെയും തലപ്പത്തുള്ള രാജീവ്‌ ഗാന്ധി അറിയാതെ ഇത്തരമൊരു നീക്കം നടത്താന്‍ ആവുമായിരുന്നില്ല എന്നിരിക്കെ രാജീവ്‌ ഗാന്ധിയ്ക്ക് ഇതില്‍ വ്യക്തമായ പങ്കില്ലേ? 304ആം വകുപ്പ്‌ പ്രകാരം അറസ്റ്റിലായ വാറന്‍ ആന്‍ഡേഴ്‌സന് ഇത്ര എളുപ്പം ജാമ്യം എങ്ങനെ ലഭിച്ചു? വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയക്കാനുള്ള തീരുമാനം തങ്ങളാണ് എടുത്തത്‌ എന്ന് സമ്മതിക്കാന്‍ എന്ത് കൊണ്ട് കോണ്ഗ്രസിന് 26 വര്ഷം വേണ്ടി വന്നു?

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ സംഭവത്തെ പറ്റി സോണിയാ ഗാന്ധിയോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കോണ്ഗ്രസിനെതിരെ ആഞ്ഞടിക്കാന്‍ ഒരു ആയുധം കിട്ടിയ സന്തോഷത്തിലാണ് ബി. ജെ. പി. അമേരിക്കന്‍ പ്രസിഡണ്ടിനു നേരിട്ട് ദുരന്ത ബാധിതര്‍ തന്നെ പരാതി ബോധിപ്പിച്ച സാഹചര്യത്തില്‍ ഇനി പ്രതിപക്ഷം വിഷയം ചൂട് പിടിപ്പിയ്ക്കും എന്ന് പ്രതീക്ഷിക്കാം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തകര്‍ന്ന വിവാഹം ഏകപക്ഷീയമായി വേര്‍പെടുത്താം

June 11th, 2010

divorceന്യൂഡല്‍ഹി : വിവാഹ ബന്ധം തകര്‍ന്നിട്ടും നിയമം അനുവദിയ്ക്കാത്തത് മൂലം വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവാതെ ജീവിതം നരകിച്ചു തീര്‍ക്കുന്നവര്‍ക്ക്‌ ഒരു പുത്തന്‍ പ്രതീക്ഷ നല്‍കുന്ന നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രി സഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ദമ്പതിമാര്‍ തമ്മിലുള്ള പൊരുത്തക്കേടും, യോജിയ്ക്കാനാവാത്ത വിധമുള്ള വൈവാഹിക പരാജയവും ഇനി മുതല്‍ വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കുന്ന ഭേദഗതികളാണ് 1955 ലെ ഹിന്ദു വിവാഹ നിയമത്തിലും 1954 ലെ പ്രത്യേക വിവാഹ നിയമത്തിലും നടപ്പാക്കുന്നത്. വിവാഹ നിയമ ഭേദഗതി ബില്‍ 2010 എന്ന ഈ ഭേദഗതി പാര്‍ലമെന്റില്‍ വെച്ചു പാസ്സാക്കുന്നതോടെ ഇത് നിയമമാകും.

വിവാഹ മോചനത്തിനുള്ള നിയമ നടപടികള്‍ മനപൂര്‍വം വൈകിക്കുകയും, കോടതിയില്‍ ഹാജരാകാതെ കേസ്‌ നീട്ടി കൊണ്ടു പോകുകയും ഒക്കെ ചെയ്യുന്ന സ്ഥിരം ഏര്‍പ്പാടുകള്‍ ഇനി നടപ്പില്ല. തിരിച്ചു ചേര്‍ക്കാന്‍ ആവാത്ത വണ്ണം മാനസികമായി വേര്‍പെട്ടു എന്നത് തന്നെ ഇനി വിവാഹ മോചനത്തിനുള്ള കാരണമായി കോടതിയ്ക്ക് പരിഗണിക്കാനാവും.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമല്ലെങ്കില്‍ പാതിവ്രത്യ ഭംഗം, ഉപേക്ഷിച്ചു പോവുക, മാനസിക രോഗം, മത പരിവര്‍ത്തനം, ക്രൂരത എന്നീ കാരണങ്ങള്‍ മാത്രമേ നിലവിലെ നിയമങ്ങള്‍ വിവാഹ മോചനത്തിനുള്ള കാരണങ്ങളായി അനുവദിക്കുന്നുള്ളൂ. കാലഹരണപ്പെട്ട ഈ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന ആവശ്യം ഏറെ നാളായി നിലനിന്നിരുന്നു.

1978ല്‍ ലോ കമ്മീഷന്റെ 71ആം റിപ്പോര്‍ട്ടില്‍ വിവാഹ പരാജയം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിയ്ക്കണം എന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 1981ല്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വകുപ്പിന്റെ ആനുകൂല്യത്തില്‍ അനൈതികമായി ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കും എന്ന് അഭിപ്രായപ്പെട്ട് പലരും ഈ നിയമത്തെ എതിര്‍ത്തതിനാല്‍ ഇത് പാസ്സായില്ല.

വിവാഹ ബന്ധം പരാജയപ്പെട്ടതിനു ശേഷവും നിയമം അനുവദിയ്ക്കാത്തതിനാല്‍ മാത്രം ഒരുമിച്ചു കഴിയേണ്ടി വരുന്ന അവസ്ഥ സാമാന്യ നീതിയ്ക്ക് നിരയ്ക്കാത്തതാണ്. കാലോചിതമായി നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവരേണ്ട സമയം അതിക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ സ്മൃതി ഷിന്‍ഡെയുടെ വിവാഹ മോചനക്കേസ് വഴിമുട്ടി നിന്നപ്പോള്‍ മാത്രമാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് ഈ ആവശ്യം ന്യായമാണെന്ന് ബോദ്ധ്യപ്പെട്ടത്‌.

മാനസികമായി വേര്‍പെട്ട്, വിവാഹ ബന്ധം തുടരാന്‍ ആവില്ല എന്ന് ഉത്തമ ബോധ്യം ഉള്ളപ്പോഴും ഭര്‍ത്താവിന്റെ സമ്മതത്തിനായി കാത്തിരിയ്ക്കേണ്ടി വരുന്നത് സ്ത്രീയുടെ മാന്യതയ്ക്ക് നിരയ്ക്കാത്തതാണ് എന്ന് സ്മൃതി 2009 ഡിസംബര്‍ 17ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തകര്‍ന്ന വിവാഹ ബന്ധം വേര്പെടുത്തുന്നതിനു പരസ്പര സമ്മതം വേണമെന്ന നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും സ്മൃതി കോടതിയോട് ആവശ്യപ്പെട്ടു.

വിവാഹ മോചനത്തിന് ആവശ്യപ്പെടുന്ന സ്ത്രീയ്ക്ക് ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ സമൂഹത്തില്‍ നിന്നും സ്വന്തം ജോലി സ്ഥലത്ത് നിന്നും കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥയില്‍ മിക്ക സ്ത്രീകളും വിവാഹ മോചനത്തിന് ധൈര്യപ്പെടുന്നില്ല. തകര്‍ന്ന വൈവാഹിക ജീവിതം തുടര്‍ന്ന് കൊണ്ട് പോകുന്നത് വിവാഹ മോചനത്തിന് അപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെക്കാള്‍ കടുത്തതാവുന്ന സാഹചര്യത്തില്‍ മാത്രമേ വിവാഹ മോചനവുമായി മുന്നോട്ട് സ്ത്രീ പോകൂ എന്ന് ഈ സാമൂഹിക വിലക്കുകളും കെട്ടുപാടുകളും ഉറപ്പ്‌ വരുത്തുന്നുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

സ്മൃതിയുടെ കേസ്‌ പരിഗണിച്ച സുപ്രീം കോടതി നിലവിലെ നിയമത്തിന്റെ അപര്യാപ്തതയും വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി സഭ ഇത്തരമൊരു ഭേദഗതി തിരക്കിട്ട് അംഗീകരിച്ചത്. ഇതിന്റെ ആദ്യ
ഗുണഭോക്താവ് മന്ത്രിപുത്രി ആയിരിക്കുമെങ്കിലും “വിവാഹ ദുരിതം” അനുഭവിക്കുന്ന അനേകായിരം ഇന്ത്യാക്കാര്‍ക്ക്‌ ആശ്വാസകരമാവും ഈ പുതിയ ഭേദഗതി എന്നത് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « തൃശിനാപ്പള്ളിയില്‍ വന്‍ വിമാനാപകടം ഒഴിവായി
Next » — Next Page » രാജീവ് ഗാന്ധിയുടെ പങ്ക് – കോണ്ഗ്രസ് കുഴയുന്നു »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine