പാറ്റ്ന : ദാരിദ്ര്യം മൂലം ബീഹാറിലെ 70 ശതമാനം കുടുംബങ്ങള്‍ പട്ടിണി അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിപണി വിലയേക്കാള്‍ താഴെ ദാരിദ്രരായവര്‍ക്ക് ലഭ്യമാക്കുന്ന രാജ്യത്തെ പൊതു വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡല്‍ഹി ഐ. ഐ. ടി. യിലെ സംഘം.
ബീഹാറിലെ പട്ടിണിയുടെ ആഴവും വ്യാപ്തിയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ ഭീകരമാണ് എന്ന് ഗവേഷക സംഘം കണ്ടെത്തി.
70 ശതമാനം കുടുംബങ്ങള്‍ പല രാത്രികളിലും വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടക്കുന്നതായി പഠനത്തില്‍ വെളിപ്പെട്ടു. മിക്കവാറും പയര്‍ വര്‍ഗ്ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, മുട്ട, മാംസം എന്നിവ കണ്ടിട്ട് തന്നെ ഏറെ കാലമായി എന്ന് സംഘത്തോട് പറഞ്ഞു.
കര്‍ഷകരില്‍ നിന്നും അരി സംഭരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എത്തിച്ചു കൊടുക്കുന്ന പൊതു വിതരണ സംവിധാനത്തിന്റെ ഒട്ടേറെ ന്യൂനതകളും ഇവര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണ ചെയ്യുന്നതിന് പകരം ഇതിന്റെ പകുതിയില്‍ ഏറെ ദരിദ്രര്‍ക്ക് ലഭിക്കാതെ പാഴാവുകയോ കരിഞ്ചന്തയില്‍ എത്തുകയോ ആണ്. വ്യാപകമായ ഈ അഴിമതിയില്‍ അധികാരികള്‍ക്ക് മുതല്‍ ലോറി ഡ്രൈവര്‍മാര്‍ക്കും കട ഉടമകള്‍ക്കും വരെ പങ്കുണ്ട്. കാര്യക്ഷമത ഇല്ലായ്മ മൂലം ഭക്ഷ്യ ധാന്യങ്ങള്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതും വ്യാപകമാണ്.
ബീഹാറില്‍ 70 ശതമാനം പട്ടിണി രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പട്ടിണി ഉള്ളതായി സംഘം കണ്ടെത്തി. രാജസ്ഥാനില്‍ 36 ശതമാനം, ജാര്‍ഖണ്ഡില്‍ 26 ശതമാനം, ഒറീസയില്‍ 9 ശതമാനം, ഛത്തീസ്ഗഢ് 17 ശതമാനം, ആന്ധ്രാപ്രദേശ് 16 ശതമാനം, ഉത്തര്‍ പ്രദേശില്‍ 7 ശതമാനം എന്നിങ്ങനെയാണ് പട്ടിണി.
സൈന്യത്തിന്റെ ആധുനീകരണത്തിന് ഇന്ത്യ ചിലവഴിക്കുന്നത് രണ്ടര ലക്ഷം കോടി രൂപയാണ്. അത്താഴ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഉള്ള രാജ്യത്തിന് സ്വന്തമായി ബഹിരാകാശ പദ്ധതികളും ചന്ദ്ര ദൌത്യങ്ങളും മിസൈല്‍ വികസനവും ഉണ്ട്. 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ അവകാശപ്പെടുന്നത്.