ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ് തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ് പറഞ്ഞത് ഖേദകരമാണ്. തനിക്ക് ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത് ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.
അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത് കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ് 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്. ഓഗസ്റ്റ് 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്.
ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത് പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.