ന്യൂഡല്‍ഹി: ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ. പാര്‍ലമെന്റിലെ ബില്‍ പിന്‍വലിച്ച് തങ്ങളുടെ നിര്‍ദേശംകൂടി ഉള്‍പ്പെടുന്ന പുതിയ ലോക്‌പാല്‍ ബില്‍ ഈമാസം 30-നകം പാസാക്കണമെന്ന് അണ്ണാ ഹസാരെ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കി. സര്‍ക്കാറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും സമരത്തിന്റെ സമയപരിധിയെന്ന് ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണവുമായി രാംലീലയില്‍ ഉപവാസം തുടങ്ങിയ അണ്ണാ ഹസാരെ ഡല്‍ഹിയും ജനഹൃദയങ്ങളും പിടിച്ചടക്കി. യുവജനങ്ങളാണ് തന്റെ ശക്തിയെന്നും ഈ ആവേശം ഒരിക്കലും വിട്ടുകളയരുത് എന്നും ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തനിക്കെന്തു സംഭവിച്ചാലും സമരം മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ തയാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അഴിമതിവിരുദ്ധ ഭാരതം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുന്നതു വരെ സമരവുമായി തങ്ങള്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും ഹസാരെ വ്യക്‌തമാക്കി. വന്ദേമാതരം, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങള്‍ ഹസാരെയുടെ സമരവേദിയില്‍ ആവേശം നിറച്ചു.
ഡല്‍ഹി മഹാനഗരം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനസാഗരമാണ് ഹസാരെയ്‌ക്ക് പിന്തുണയുമായെത്തിയത്. കോരിച്ചൊരിഞ്ഞ മഴയില്‍ പോലും ഹസാരെ ജയിലില്‍ നിന്നിറങ്ങുന്നതിനു മുമ്പു തന്നെ ജയില്‍ പരിസരം നിറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പതാകയേന്തി ദേശഭക്‌തി ഗാനംചൊല്ലി, ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റു.