ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.
ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.